നേർത്ത നൊമ്പരമായി വന്നു തൊടുന്ന ഗൃഹാതുര അനുഭവം; ഹൃദയം തൊടുന്ന ‘ഓമല്‍’ പാട്ട്

omal-song
SHARE

‘ഓമലാ’യി മനസ്സിന്റെ ഒരുകോണിൽ എന്നും സൂക്ഷിക്കുന്ന ബാല്യകാല സൗഹൃദങ്ങൾ. നേർത്തൊരു നൊമ്പരമായി വന്നുതൊടുന്ന അത്തരമൊരു ഗൃഹാതുര അനുഭവം പകരുകയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന ‘ഓമൽ’ എന്ന പാട്ട്. കോഴിക്കോട് ബേപ്പൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എ.പ്രശാന്ത് കുമാർ എഴുതിയ പാട്ടാണ് ഓമൽ. തൃശ്ശൂർ സ്വദേശിയും യുവ സംഗീത സംവിധായകനുമായ എഡ്വിൻ ജോൺസനാണ് സംഗീതസംവിധാനം നിർവഹിച്ചത്. കാസർഗോഡ് സ്വദേശിയായ നിതിൻ രാജ് സംവിധാനം ചെയ്തു.

വരികൾ കൊണ്ടും ഈണം കൊണ്ടും വേറിട്ടു നിൽക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എഡ്വിൻ ജോൺസണും ഗായിക എലിസബത്ത് സണ്ണിയും ചേർന്നാണ്. ഒരു കുഞ്ഞു മീനിനെ തേടി രണ്ട് കുട്ടികൾ അവധി ദിവസത്തിൽ നടത്തുന്ന സൈക്കിൾ യാത്രയുടെ പശ്ചാത്തലത്തിലാണ് പാട്ട് വികസിക്കുന്നത്. ഏതു പ്രായത്തിലെ പ്രണയവും മനോഹരമാണ് എന്നാണ് എഡ്വിൻജോൺസൺ പാട്ടിനെക്കുറിച്ച് വിശേഷിപ്പിക്കുന്നത്.

പത്ത് വർഷമായി സംഗീതസംവിധാനരംഗത്താണ് എഡ്വിൻ ജോൺസൺ. ഡ്രമ്മർ ആയാണ് എഡ്വിൻ തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. എംബിഎ പഠനത്തിനു ശേഷം ബിസിനസ് മേഖലയിൽ ജോലി ചെയ്തതെങ്കിലും വീണ്ടും സംഗീതലോകത്തേത്ത് തിരിച്ചെത്തുകയായിരുന്നു. ഇതിനിടെ കാംബോജി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഒടിയൻ, കൂടേ തുടങ്ങിയ നിരവധി സിനിമകളിൽ എഡ്വിൻ പ്രവർത്തിച്ചിട്ടുണ്ട്. 2020ൽ ജനശ്രദ്ധ നേടിയ ‘ശ്രാവണപൂക്കൾ’ എന്ന ഓണപ്പാട്ടിന്റെ ഓർക്കസ്‌ട്രേഷൻ നിർവഹിച്ചതും എഡ്വിൻ ജോൺസൺ ആണ്. നിരവധി ആൽബങ്ങള്‍ക്കും ഭക്തിഗാനങ്ങൾക്കും എഡ്വിൻ സംഗീതം നിർവഹിച്ചിട്ടുണ്ട്. 

കോഴിക്കോട് സിറ്റി ക്രൈംസ്ക്വാഡ് അംഗമാണ് എ.പ്രശാന്ത്കുമാർ. പൊലീസ് ജോലിക്കിടെ ലഭിക്കുന്ന ഇടവേളകളിലാണ് പ്രശാന്ത്കുമാർ ഓമലിന്റെ വരികൾ രചിച്ചത്. നിരവധി ആൽബം ഗാനങ്ങൾക്കു വരികൾ രചിച്ചും ഹ്രസ്വചിത്രങ്ങൾ ഒരുക്കിയും കലാരംഗത്ത് ശ്രദ്ധേയനായ പൊലീസ് ഓഫീസർ കൂടിയാണ് പ്രശാന്ത്. 

പതിനാല് വർഷമായി കർണാടിക് മ്യൂസിക്കിൽ കഴിവ് തെളിയിച്ചിട്ടുള്ള ഗായിക എലിസബത്ത് സണ്ണിയുടെ ആദ്യ സംഗീത ആൽബമാണ് ഓമൽ. 

കാസർഗോഡ് സ്വദേശിയും മടിക്കൈ ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയുമായ ആദിത്യനും നീലേശ്വരം സ്വദേശിയും അമൃത വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയുമായ പ്രസാദിനി ഗോപാലുമാണ് ആൽബത്തിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്. ബേബി, ഉണ്ണികൃഷ്ണൻ, നിവേദ്.ആർ.മോഹൻ, സ്‌നേഹ.എം.പ്രകാശ്, പാർവതി ജിനോജ്, ഇഷാൻ ദേവ് മിഥുൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA