ADVERTISEMENT

54ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുമ്പോൾ സംഗീത മേഖലയിൽ നേട്ടങ്ങൾ കൊയ്തതിൽ അധികവും ഹിറ്റ്‌ സിനിമകളും ഗാനങ്ങളും ആണ്. കഴിഞ്ഞ വർഷത്തെ അടിമുടി സംഗീത സാന്ദ്രമാക്കിയത് ഹൃദയമായിരുന്നു. 15 ഗാനങ്ങളുമായി ഒരു ചിത്രം എന്ന പരീക്ഷണത്തെ വിജയത്തിൽ എത്തിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ്. ജാസ്, സൂഫി, കർണാട്ടിക് സംഗീത വിഭാഗങ്ങളെ അതിവിദഗ്ദമായി സമന്വയിപ്പിച്ച ഈണങ്ങളായിരുന്നു ഹൃദയത്തിൽ എന്നതായിരുന്നു ഹൃദയത്തിൽ പാട്ടുകളെ കുറിച്ചുള്ള ജൂറി കണ്ടെത്തൽ. 

 

വൈവിധ്യമായ വികാരങ്ങളെ ആയത്നലളിതമായി പ്രേക്ഷകരിലേക്ക് ഈ പാട്ടുകൾ എത്തിച്ചുവെന്നും ജൂറി കണ്ടെത്തി. ഒപ്പം വിവിധ വിഭാഗങ്ങളിലായി അവാർഡുകൾ വാങ്ങിക്കൂട്ടിയ ജോജിയിലെ പശ്ചാത്തല സംഗീതത്തിന് ജസ്റ്റിൻ ജോസ് മികച്ച സംഗീത സംവിധായകൻ- പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് നേടി. സിനിമയുടെ മൂഡ് പ്രേക്ഷകരിൽ കൃത്യമായി എത്തിച്ചതിനാണ് ജസ്റ്റിനെ തേടി ഈ നേട്ടം എത്തിയത്. കാടകലത്തിലെ ഗാനത്തിനു ബി കെ ഹരിനാരായണൻ മികച്ച ഗാന രചയിതാവായി.കണ്ണീരു കടഞ്ഞു കടിഞ്ഞൂൽ പെറ്റുണ്ടായ എന്ന് തുടങ്ങുന്ന ഈ ഗാനം കാടും മനുഷ്യനും തമ്മിലുള്ള ജൈവികവും ആദിമവുമായ ബന്ധത്തെ വരച്ച് കാട്ടുന്നതായി ജൂറി കണ്ടെത്തി. പതിവ് പോലെ ഹരിനാരായണന്റെ എല്ലാ പാട്ടുകളിലും ഉള്ള കാവ്യ ഭംഗി ഈ ഗാനത്തിലും നിറയുന്നു. പ്രേക്ഷകരിലേക്ക് ഈ ഗാനം എത്തി തുടങ്ങുന്നേ ഉള്ളുവെങ്കിലും കാടും മനുഷ്യരും തമ്മിൽ ഉള്ള നഷ്ടബന്ധത്തെ വീണ്ടെടുക്കാൻ ഉള്ള ആഹ്വാനമായി ഈ പാട്ടിനെ ജൂറി വിലയിരുത്തി. 

 

മലയാളികൾ കേട്ട് പരിചയിച്ച പ്രിയപ്പെട്ട ഗായകർക്കാണ് ഇത്തവണയും മികച്ച പിന്നണിഗായകർക്കുള്ള അവാർഡ്. മിന്നൽ മുരളിയിലെ രാവിൽ മയങ്ങുമീ പൂമടിയിൽ എന്ന ഗാനത്തിന് പ്രദീപ്‌ കുമാർ മികച്ച ഗായകനായി. പ്രതിനായകനെ പ്രേക്ഷകരിലേക്ക് വികാര സാന്ദ്രമായി എത്തിച്ചതിനാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.  കാണെക്കാണെയിലെ പാൽനിലാവിൻ പൊയ്കയിൽ എന്ന പാട്ടിനു സിതാര കൃഷ്ണകുമാർ മികച്ച ഗായികയായി.അതിമധുരമായ ആലാപനം എന്നാണ് ഈ പാട്ടിനെ കുറിച്ച് ജൂറി വിലയിരുത്തിയത്. കഥാപാത്രത്തിന്റെ വികാരങ്ങളെ നിയന്ത്രിതമായ സ്വരധാരയിൽ അവതരിപ്പിച്ചു എന്നാണ് ഈ പാട്ടിന്റെ ആലാപന ത്തെ ജൂറി വിലയിരുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com