ADVERTISEMENT

മനുഷ്യ ജീവിതത്തിലെ എല്ലാ അവസ്ഥകളിലൂടെയും കടന്നു പോകുന്ന നായക കഥാപാത്രം. ആ അവസ്ഥകളിലൊക്കെ അയാളുടെ വികാരമായും വിചാരമായുമൊക്കെ ഒഴുകിയെത്തിയ ഗാനങ്ങള്‍. പ്രണയവും വിരഹവും പ്രതീക്ഷകളും ജീവിതവുമൊക്കെ അതിലുണ്ടായിരുന്നു. മലയാളിക്ക് ഹൃദയത്തിലെ പാട്ടുകള്‍ ഹൃദ്യമായിമാറിയത് അതുകൊണ്ടൊക്കെ തന്നെ.

 

പാട്ടുകള്‍കൊണ്ടു നിറച്ചൊരു സിനിമ. ഹൃദയം ആദ്യം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയത് അങ്ങനെയായിരുന്നു. പോയകാലത്തിന്റെ ഓര്‍മകളുമായി  കാസറ്റ് രൂപത്തിലും ഹൃദയത്തിലെ ഗാനങ്ങള്‍ എത്തുന്നുവെന്നു കേട്ടതോടെ ലഭിച്ചത് വന്‍ വരവേല്‍പ്പ്. സിനിമയില്‍ സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കുന്ന വിനീത് ശ്രീനിവാസനൊപ്പം ഹിഷാം അബ്ദുള്‍ വഹാബ് കൈകോര്‍ത്തപ്പോള്‍ ആ ഗാനങ്ങളും മലയാളി ഏറ്റുപാട്ടി. മാറിയ സംഗീതശീലങ്ങളില്‍ ചേര്‍ന്ന് ഒഴുകിയ ദര്‍ശന യുവാക്കളില്‍ ആവേശമായി. ഒന്നിനു പിറകെ ഒന്നായി വന്നത് 14 ഗാനങ്ങള്‍. സംഗീതം കൊണ്ട് സംഗീതംപോലൊരു സിനിമ, അതായിരുന്നു ഹൃദയം.

 

സിനിമകളില്‍ ഗാനങ്ങള്‍തന്നെ ഇല്ലാതാകുന്ന കാലത്താണ് 14 ഗാനങ്ങളുമായി ഹൃദയമെത്തുന്നത്. പാട്ടുകളെല്ലാം പുത്തന്‍ അനുഭവമായി. മലയാളിക്ക് പ്രിയപ്പെട്ട മെലഡിയും യുവാക്കള്‍ക്ക് ആവേശമായ വെസ്റ്റേണും ജാസും സൂഫിയും കര്‍ണാടിക്ക് സംഗീതവുമൊക്കെ ചേര്‍ന്ന ഗാനങ്ങള്‍ ഹിഷാം എന്ന യുവസംഗീത സംവിധായകനില്‍ നിന്നും പിറന്നു. കൈതപ്രം, അരുണ്‍ അലാട്ട്, വിനീത് ശ്രീനിവാസന്‍, ഗുണ ബാലസുബ്രഹ്‌മണ്യന്‍ എന്നിവരുടെ അക്ഷരങ്ങളില്‍ ഹിഷാം തീര്‍ത്തത് മലയാളിയുടെ പ്രിയപ്പെട്ട ഗാനങ്ങള്‍.

 

ഫാസ്റ്റ് നമ്പരില്‍ മെലഡിയും യുവത്വത്തിന്റെ പ്രസരിപ്പുമായിരുന്നു 'ദര്‍ശന'. പ്രതീക്ഷകളുടെ സ്വപ്‌നങ്ങളുടെ സംഗീതമായി മാറിയ 'പുതിയൊരു ലോകം', പ്രണയത്തിന്റെ മറ്റൊരു ഭാവമായി എത്തിയ 'പൊട്ടുതൊട്ട പൗര്‍ണമി', ഓര്‍മകളില്‍ പ്രതീക്ഷയുടെ സംഗീതമായി മാറിയ 'മനസ്സേ മനസ്സേ', താരാട്ടിന്റെ സുഖമുള്ള 'മുകിലിന്റെ മറവുകളില്‍' എന്നിങ്ങനെ പോകുന്നു ഹൃദയത്തിലെ ഗാനങ്ങള്‍. ഇത്തരത്തില്‍ ഇത്രയേറെ വ്യത്യസ്ത സംഗീതധാരകള്‍ ആദ്യമായാണ് ഒരു മലയാള സിനിമ സംഗീതത്തിലേക്ക് എത്തിയത്. ഹൃദയം എന്ന സിനിമയുടെ ആകെത്തുക കൂടിയായിരുന്നു അതിലെ ഗാനങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. പുതുമ നിറഞ്ഞ വാദ്യോപകരണ സമ്മേളനം കൂടിയായിരുന്നു ഹിഷാമിന്റെ സംഗീതം. അതില്‍ പാശ്ചാത്യ സംഗീതം മുതല്‍ തമിഴ് സ്റ്റൈലുകള്‍വരെ വന്നു പോയി. മലയാള ഗാനങ്ങള്‍ക്കൊപ്പം തമിഴ്, ഹിന്ദി ഗാനങ്ങളും ഹൃദയത്തിലൂടെ മലയാളി ആസ്വദിച്ചു.  

 

കാനനച്ചേലുള്ള വരികള്‍...

 

കനിപോലെ, കാനനംപോലെ വരികളില്‍ പ്രതീക്ഷകള്‍ പൂക്കുന്ന ഗാനം. കാടകലുന്ന പൊന്നോമനയോടുള്ള ഓര്‍മപ്പെടുത്തലിന്റെ ഗാനമായിരുന്നു കാടകലത്തിലെ ബി. കെ. ഹരിനാരായണന്‍ രചിച്ച 'കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ' എന്നു തുടങ്ങുന്ന ഗാനം. കാടിന്റെ ബിംബങ്ങളും കാട്ടുച്ചേലും വരികളിലേക്ക് പകര്‍ത്തിയപ്പോഴത് കവിതപോലെ സൗന്ദര്യമുള്ളതായി.

 

മാറത്തെന്നും ചൂടേറ്റുറങ്ങിയ പൈങ്കിളി കാടകലുമ്പോള്‍ നിറയുന്ന താതന്റെ ശോകം വരികളില്‍ തെളിഞ്ഞു കാണാം. 'മുളപൊട്ടിച്ചീന്തണപോലെന്‍ ചങ്കുചിലമ്പണു തേന്‍കനിയേ' എന്ന ഒറ്റ വരിയില്‍ വേര്‍പാടിന്റെ  എല്ലാ ദുഖങ്ങളും അത്രമേല്‍ എഴുതിച്ചേര്‍ത്തു. പുതിയ ഗാനരചയിതാക്കള്‍ക്ക് അപൂര്‍വമായി മാത്രം വന്നു ചേരുന്ന ഇത്തരം സന്ദര്‍ങ്ങള്‍ കൃത്യമായി വിനിയോഗിക്കാന്‍ ഹരിനാരായണനു കഴിഞ്ഞതിന്റെ അംഗീകാരംകൂടിയാണ് ഈ പുരസ്‌കാരം. പി. എസ്. ജയഹരിയുടെ സംഗീതത്തില്‍ ബിജിബാലാണ് ഈ ഗാനം ആലപിച്ചത്.

 

കവിതപോലെ ബിംബങ്ങളാലും പുനര്‍വായനയില്‍ പുതിയ അര്‍ത്ഥതലങ്ങളും കണ്ടെത്തുന്ന ഗാനംകൂടിയായിരുന്നു ഇത്.  വേരും ചൂരും മറക്കുന്ന എല്ലാ കാലത്തേക്കുംവേണ്ടിയുള്ള ഗാനമെന്ന് പറഞ്ഞാലും തര്‍ക്കമില്ല.

 

പാല്‍നിലാവില്‍ പെയ്ത ഗാനം

 

പാല്‍നിലാവുപോല്‍ പെയ്തിറങ്ങിയ ഗാനങ്ങളായിരുന്നു സിത്താര കൃഷ്ണകുമാറിലൂടെ മലയാളി ആസ്വദിച്ചതൊക്കെയും. വ്യത്യസ്തമായ ആലാപനശൈലികൊണ്ടും ശബ്ദംകൊണ്ടും നമുക്ക് പ്രിയപ്പെട്ട ഗായിക. പ്രണയവും പ്രതീക്ഷകളുമൊക്കെ നിറഞ്ഞ കാണെക്കാണയിലെ 'പാല്‍നിലാവിന്‍' എന്ന തുടങ്ങുന്ന ഗാനം സമീപകാലത്തെ ഹിറ്റുകളില്‍ ഒന്നായിരുന്നു. വിനായക് ശശികുമാറിന്റെ സംഗീതത്തില്‍ രഞ്ജിന്‍രാജായിരുന്നു സംഗീതം. സിനിമയില്‍ പോയകാലത്തിന്റെ നല്ലോര്‍മകളായി എത്തുന്ന സന്ദര്‍ഭത്തെ സമ്പന്നമാക്കുന്ന ഗാനം. മെലഡിഗാനങ്ങള്‍ ആലപിക്കുമ്പോള്‍ സിത്താരയില്‍ പിറക്കുന്ന ഹൃദ്യമായ ഫീല്‍ പാല്‍നിലാവിന്‍ എന്ന ഗാനത്തേയും പ്രിയപ്പെട്ടതാക്കി.

 

മിന്നലടിപ്പിച്ച ഗാനം

 

പാട്ടു പാടി മലയാളിയുടെ മനസ്സില്‍ മിന്നലടിപ്പിച്ച ഗാനം പാടിയ പ്രദീപ് കുമാറിനെതേടിയെത്തിയ ആദ്യ സംസ്ഥാന പുരസ്‌കാരം. മിന്നല്‍ മുരളിയിലെ രാവില്‍ മയങ്ങുമീ പൂമടിയില്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം സുഷിന്‍ ശ്യാമാണ്. മനു മഞ്ജിത്താണ് ഗാനരചന.

 

നഷ്ടപ്രണയത്തിന്റെ വീണ്ടെടുപ്പിനായി പ്രതീക്ഷകളോടെ വഞ്ചി തുഴഞ്ഞെത്തുന്ന ഷിബു. അയാളുടെ ഓര്‍മകളുടെ ഭാരംപേറുന്ന ഗാനം. അത്രമേല്‍ ആസ്വാദക മനസ്സിലേക്ക് ഇരച്ചെത്തിയ ഗാനം. ഷിബുവിന്റെ ജീവിതാവസ്ഥകളുടെ എല്ലാ ഭാവങ്ങളും പ്രദീപിന്റെ ശബ്ദത്തില്‍ നിറഞ്ഞു. ഓര്‍മകളുടെ നോവുപേറുന്ന ഗാനത്തെ തേടി പുരസ്‌കാരവുമെത്തുമ്പോള്‍ അത് പ്രദീപെന്ന ഗായകനുള്ള അംഗീകാരം കൂടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com