ADVERTISEMENT

സമ്മർദമേറിയ ജോലിക്കിടെ ജീവനക്കാരുടെ മനസ്സു തണുപ്പിക്കാൻ സംഗീത ബാൻഡുമായി ഐടി കമ്പനി. തിരക്കിട്ട ജോലിക്കിടെ ഇടവേളയെടുത്തു ജീവനക്കാർക്കും പാടാം. പാടാനറിയാത്തവർക്കു ബാൻഡ് അംഗങ്ങളുടെ പാട്ടുകൾ കേട്ടാസ്വദിക്കാം. പിന്നണിക്കാരും പാട്ടുകാരുമെല്ലാം കമ്പനിയുടെ ജീവനക്കാർ തന്നെ. കൊച്ചി ഇൻഫോപാർക്കിലെ ക്ലേസിസ് ടെക്നോളജീസാണു രാജ്യത്താദ്യമായി ജീവനക്കാർക്കായി സ്വന്തം സംഗീത ബാൻഡ് രൂപീകരിച്ചത്. ഗായകർക്കും വാദ്യോപകരണ വിദഗ്ധർക്കും കമ്പനിയിൽ നിയമനം നൽകിയാണു ബാൻഡ് ഒരുക്കിയത്. കമ്പനിയുടെ ഓഡിറ്റോറിയത്തിൽ ബാൻഡിനായി സ്ഥലവും വിട്ടു നൽകി. ഇപ്പോൾ എന്നും രാവിലെ മുതൽ ഓഡിറ്റോറിയം സംഗീത സാന്ദ്രമാകുന്നു. കേൾവിക്കാരുള്ളപ്പോൾ അവർ ആവശ്യപ്പെടുന്ന ഗാനങ്ങൾ പാടും. ഓഡിറ്റോറിയത്തിൽ ആളൊഴിയുമ്പോൾ, പുതിയ പാട്ടുകൾ പഠിക്കാനും പാടാനുമുള്ള പരിശീലനമാകും. പാശ്ചാത്യ സംഗീതവും മലയാളം, ഹിന്ദി ഗാനങ്ങളുമെല്ലാം ബാൻഡ് അവതരിപ്പിക്കുന്നുണ്ട്.

 

ജീവനക്കാരുടെ ഒത്തുചേരലുകൾക്കും ആഘോഷപരിപാടികൾക്കും കമ്പനിയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള ഓഫിസുകളിൽ നടക്കുന്ന പരിപാടികൾക്കും ബാൻഡിന്റെ സംഗീതം കൊഴുപ്പേകുന്നുണ്ട്. ക്ലേസിസിന്റെ എംപ്ലോയീ വെൽഫെയർ ഡിപ്പാർട്മെന്റിനാണു ബാൻഡിന്റെ ചുമതല. ഗായകനും റിഥം ഗിറ്റാറിസ്റ്റുമായ ജോർജ് പോൾ, ഗായകനും ബാസ് ഗിറ്റാറിസ്റ്റുമായ ലിയോൺ ഗോൾബർട്ട്, ലീഡ് ഗിറ്റാറിസ്റ്റ് എ.സി.ആൽബർട്ട്, ഡ്രമ്മർ ഷിയാസ് കോയ, കീ ബോർഡ് കലാകാരൻ ജെയ്സൺ ലോറൻസ് എന്നിവരാണു ക്ലേസിസ് ബാൻഡിലെ അംഗങ്ങൾ. 

കോവിഡ് കാലത്തു ജീവനക്കാരെല്ലാം വർക്ക് ഫ്രം ഹോം ആയിരുന്നതിനാൽ ഇടയ്ക്ക് ഇവർക്ക് ഓഫിസിൽ വരാനും സംഗീതമുൾപ്പെടെയുള്ള വിനോദോപാധികളിലൂടെ മാനസികോല്ലാസം ലഭിക്കാനും വേണ്ടിയാണ് ‘ഇൻഹൗസ് ബാൻഡ്’ എന്ന ആശയം പരീക്ഷിച്ചതെന്നു ക്ലേസിസ് എംഡി വിനോദ് തരകൻ പറയുന്നു. ജീവനക്കാർ തമ്മിലുള്ള ആരോഗ്യപരവും ഊഷ്മളവുമായ ബന്ധം ഇത്തരം സംരഭങ്ങളിലൂടെ വളർത്തിയെടുക്കാനാകുമെന്ന ചിന്തയും പ്രചോദനമായെന്നും വിനോദ് പറയുന്നു.

 

ക്ലേസിസിന്റെ സ്വന്തം പരിപാടികളിൽ നിന്നു പുറംവേദികളിലേക്കു ബാൻഡിനെ എത്തിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. നടനും ഗായകനുമായ ടിനിടോം, ഗായകൻ റോണി ഫിലിപ് എന്നിവരുടെ സഹകരണത്തോടെയാണു ക്ലേസിസ് ബാൻഡ് പുറത്തുള്ള പരിപാടികൾക്കായി തയാറെടുക്കുന്നത്. ഇവർക്കു പുറമെ ടിനിയുടെ മകൻ ആദം ഷെം, റോണിയുടെ മകൾ ലീ ആൻ എന്നിവരും പൊതുപരിപാടികളിൽ ക്ലേസിസ് ബാൻഡിനൊപ്പം വേദികളിലെത്തും. എല്ലാ പ്രായപരിധിയിലുമുള്ള ആളുകൾക്കു രസിക്കുന്ന വിവിധ കാലഘട്ടങ്ങളിലെ സംഗീതം വേദിയിലെത്തിക്കുന്നു എന്നതാണു ബാൻഡിന്റെ പ്രത്യേകതയെന്നു ടിനി ടോം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com