ADVERTISEMENT

മകൾ ഖദീജയ്ക്കും ഭർത്താവ് റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിനും വേണ്ടി സെപെഷൽ സംഗീത വിരുന്നൊരുക്കി എ.ആർ.റഹ്മാൻ. ചെന്നൈയിൽ വച്ചു നടന്ന പരിപാടിയിൽ സോനു നിഗം, ഹണി സിങ് തുടങ്ങി സംഗീതമേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു. എ.ആർ.റഹ്മാന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആഘോഷവേളയിൽ സന്നിഹിതരായിരുന്നു. അതിഥികൾ വേദിയിൽ തത്സമയം സംഗീതപരിപാടി അവതരിപ്പിച്ചതും ശ്രദ്ധേയമായി. 

 

പർപ്പിൾ നിറത്തിലുള്ള ലെഹംഗ ധരിച്ചാണ് ഖദീജ റഹ്മാൻ വിരുന്നിൽ തിളങ്ങിയത്. പരിപാടിക്കിടെയുള്ള എ.ആർ.റഹ്മാന്റേയും കുടുംബത്തിന്റേയും ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകഴിഞ്ഞു. ചിത്രങ്ങൾ ഖദീജ റഹ്മാനും പോസ്റ്റ് ചെയ്തിട്ടുണ്ട്. വിരുന്നിനു പിന്നാലെ വിവാഹദിനത്തിലെ ചടങ്ങുകൾ ഉൾപ്പെടുത്തിയുള്ള മനോഹര വിഡിയോ ദൃശ്യങ്ങളും ഖദീജ പങ്കുവച്ചു.

 

മേയ് 6നാണ് ഖദീജയും സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദും വിവാഹിതരായത്. വിവാഹദിനത്തിലെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഖദീജയുടെയും റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹനിശ്ചയം. എ.ആർ.റഹ്മാന്റെ മൂത്ത മകളാണ് ഖദീജ. റഹീമ, അമീൻ എന്നിവർ സഹോദരങ്ങളാണ്. 

 

ഗായികയെന്ന നിലയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ഖദീജ റഹ്മാന്‍. 2020ൽ പുറത്തിറക്കിയ 'ഫരിശ്തോ' എന്ന ഗാനം രാജ്യാന്തര പുരസ്കാരം നേടിയതാണ്. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമാണിത്. പലനാടുകളിലൂടെ തീർഥാടനം തുടരുന്ന ഒരു പെൺകുട്ടിയുടെ ശാന്തിക്കായുള്ള പ്രാർഥനയാണ് 'ഫരിശ്തോ'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com