ADVERTISEMENT

ആ ഏഴ് കൊറിയൻ പയ്യന്മാരെ ലോകം കണ്ടു തുടങ്ങിയിട്ട് വർഷം 9 പൂർത്തിയായിരിക്കുന്നു. ബാൻഡിന്റെ പിറന്നാൾ ആഘോഷ സന്തോഷങ്ങൾക്കൊപ്പം ആരാധകരെ വേദനിപ്പിക്കുന്ന ഒരു വാർത്ത കൂടി അവർ കരുതി വയ്ക്കുമെന്ന് ആരോർത്തു? തങ്ങൾ പിരിയുകയാണെന്ന വിവരം മണിക്കൂറുകൾക്കു മുൻപാണ് ഔദ്യോഗികമായി ബിടിഎസ് പ്രഖ്യാപിച്ചത്. ആ ഏഴ് പേർക്കും ഇനി ഏഴ് വ്യത്യസ്ത വഴികൾ. സ്വതന്ത്ര സംഗീതത്തിൽ ശ്രദ്ധ ചെലുത്താനാണ് തങ്ങൾ പാതിവഴിയിൽ വച്ചു താൽക്കാലികമായി പിരിഞ്ഞു പോകുന്നതെന്ന് ബിടിഎസ് വെളിപ്പെടുത്തിയെങ്കിലും ആർമിക്ക് അത് അംഗീകരിക്കാനാകുന്നില്ല. സഹിക്കാവുന്നതിലുമപ്പുറമാണ് അവരുടെ വേദന. ഇടവേളയ്ക്കു ശേഷം തങ്ങൾ മടങ്ങി വരുമെന്ന് അവർ പറഞ്ഞെങ്കിലും ആ വാക്കുകൾക്കൊന്നും  ദശലക്ഷക്കണക്കിന് ആരാധകരെ ആശ്വസിപ്പിക്കാനാകില്ല. ‘കൊറിയൻ ചെക്കന്മാർ’ എന്നു പറഞ്ഞ് ബിടിഎസിനെ ഒറ്റ വാക്കിൽ ചുരുക്കുന്നവർക്ക് ഒരുപക്ഷേ അറിയില്ലായിരിക്കാം, ഈ വേർപിരിയലിലൂടെ ലോകത്തിൽ അവർ ഏൽപിച്ചു പോകുന്ന നഷ്ടത്തിന്റെ ആഴം. 

 

ആരാണ് ആ ചെറുപ്പക്കാർ? ലോകസംഗീതത്തെ കീഴ്മേൽ മറിക്കാൻ എന്ത് പവർ ആണ് അവർക്കുള്ളത്? 

 

2010ൽ Big hits entertainments എന്ന കമ്പനിയാണ് ബിടിഎസ് ബാൻഡ് രൂപീകരിച്ചത്. ഓഡിഷൻ വഴി അംഗങ്ങളെ തിരഞ്ഞെടുത്തു. തെരുവിൽ നൃത്തം ചെയ്തവര്‍, അണ്ടർഗ്രൗണ്ട് റാപ്പർമാർ, വിദ്യാർഥികൾ എന്നിവരില്‍ നിന്നുമൊക്കെയാണ് ഇവരെ കണ്ടെത്തിയത്. ആർഎം, ഷുഗ, ജെ ഹോപ്, വി, ജംഗൂക്, ജിൻ, ജിമിൻ എന്നിവരാണ് ബാൻഡ് അംഗങ്ങൾ. 2013ൽ ഏഴംഗ സംഘം ആദ്യമായി കാണികൾക്കു മുന്നിലെത്തി. ‘2 kool 4 skool’ എന്ന ആൽബത്തിലെ ‘No more dream’ എന്ന പാട്ടുമായായിരുന്നു അരങ്ങേറ്റം. കമ്പനി സാമ്പത്തിക തലത്തിൽ വളർച്ച പ്രാപിക്കാത്തതുകൊണ്ടു തന്നെ ഈ ആൺപടയുടെ തുടക്കം അത്ര സുഖകരമായിരുന്നില്ല. ഏഴുപേരും തങ്ങളുടെ കൈവശമുള്ള ചെറിയ തുക പങ്കിട്ടെടുത്താണ് സെറ്റും അഭിനേതാക്കളെയുമൊക്കെ സംഘടിപ്പിച്ചിരുന്നത്. പലപ്പോഴായി പല തഴയപ്പെടലുകളും തരംതാഴ്ത്തുകളും നേരിടേണ്ടി വന്നു സംഘത്തിന്. മേക്ക് അപ്പ് ഇടുന്നില്ല എന്നു പോലും വിമർശനങ്ങളുയര്‍ന്നു. അവതരിപ്പിച്ച പല പരിപാടികളും വെട്ടിച്ചുരുക്കി സംപ്രേഷണം ചെയ്തു. ചിലത് സംപ്രേഷണം ചെയ്യുകപോലുമുണ്ടായില്ല. അനുകരണം മാത്രമെന്ന് പറഞ്ഞും വിമർശനങ്ങളുയർന്നു. പ്രതിസന്ധികളിൽ വീഴാതെ മുന്നോട്ടു നീങ്ങാന്‍ തീരുമാനിച്ച ബാൻഡിനെ തടയാൻ Break Wings എന്ന പ്രത്യേക പ്രൊജക്ട് പോലും തുടങ്ങുകയുണ്ടായി. എന്നാൽ വീണ്ടും പോരടിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയായിരുന്നു ബിടിഎസ് ലോകത്തിനു മറുപടി നൽകിയത്. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് ലോകം ബിടിഎസിന്റെ ആരാധകരായി മാറുകയായിരുന്നു. മുഖം തിരിച്ചവരൊക്കെ പിന്നീട് ആകാംക്ഷയോടെ ബാൻഡിനു നേരെ തന്നെ നോക്കിയിരുന്നു.

 

ആ കൊറിയക്കാർ ഇന്ത്യൻ യുവതയെ കൈക്കുമ്പിളിൽ ആക്കിയതെങ്ങനെ?

 

‘ഈ പിള്ളേർക്ക് ബിടിഎസ് ഭ്രാന്ത് കേറിയതെങ്ങനെ’ എന്നു രക്ഷിതാക്കൾ ചോദിക്കുന്നു. 2020ൽ കോവിഡ് എന്ന മഹാമാരി ലോകത്തു പിടിമുറുക്കിത്തുടങ്ങിയപ്പോൾ അതേൽപ്പിച്ച ശാരീരിക മാനസിക അസ്വതതകളിൽ നിന്നും നമ്മുടെ കൗമാരക്കാരെയും യുവാക്കളെയും ഒരുപരിധി വരെ രക്ഷിച്ചത് ‘ആ കൊറിയൻ പിള്ളേരുടെ’ പാട്ടുകളാണ്. അന്നു മുതലാണ് ബിടിഎസ് എന്ന മൂന്നക്ഷരത്തിന് ഇന്ത്യയിൽ പ്രചാരമേറിത്തുടങ്ങിയത്. അവരുടെ പാട്ടുകൾ കണ്ടും കേട്ടും ലോക്ഡൗൺ കാലം കൗമാരപ്പട ആഘോഷമാക്കി. കോവിഡിന്റെ പിടിയിൽ വരിഞ്ഞു മുറുകിയ ലോകത്തിനു മുന്നിലേയ്ക്ക് ബിടിഎസ് തങ്ങളുടെ ‘Dynamite’ ആൽബം എത്തിച്ചു. സർവകാല റെക്കോഡുകളെയും ഭേദിച്ചുകൊണ്ട് പാട്ട് 24 മണിക്കൂർകൊണ്ട് 100 മില്യൺ കാഴ്ചക്കാരെ നേടി. പാട്ട് പുറത്തിറങ്ങുന്നതും കാത്ത് ഇന്റർനെറ്റിൽ തൽസമയം കാത്തിരുന്നത് ദശലക്ഷക്കണക്കിന് ആരാധകരാണ്. ഭാഷയൊന്നും അവിടെയൊരു പ്രശ്നമേ ആയില്ല. സ്ഥിരമായി ബിടിഎസ് പാട്ടുകൾ കേട്ട് കേട്ട് അവരുടെ ഒരു പാട്ടില്ലാതെ ദിവസം അപൂർണമാകുന്ന അവസ്ഥയിലേയ്ക്കെത്തി മധ്യവസ്കർക്കു പോലും. കൊറിയയിലെ തെരുവിൽ പാട്ടും പാടി നടന്ന ബിടിഎസ് വൻ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം തരംഗമായി. ഈ കെ പോപ് മാനിയ ഭാഷാ, സംസ്കാര വ്യതിയാനങ്ങളെയും കോവിഡ് കാലത്തെയും അതിജീവിച്ചു കൊണ്ടു പടർന്നു കയറിയത് ലോകത്തെ തന്നെ അമ്പരപ്പിച്ചതാണ്. 

 

നേരം ഇരുട്ടി വെളുത്തപ്പോൾ ഉണ്ടായതല്ല ഈ വിജയം! കുടിലിൽ നിന്നു കൊട്ടാരത്തിലെത്തിയ പയ്യന്മാർ

 

കരിയറിന്റെ തുടക്കത്തില്‍ ദക്ഷിണ കൊറിയയിലെ തിങ്ങി നിറഞ്ഞ ഒരു അപ്പാർട്ട്മെന്റിലായിരുന്നു ബിടിഎസ് അംഗങ്ങൾ താമസിച്ചിരുന്നത്. നല്ലൊരു സ്റ്റുഡിയോയിൽ ഗാനം റെക്കോർഡ് ചെയ്യാനുള്ള സാമ്പത്തികമില്ലാത്തത്തിനാൽ താൽക്കാലിക ഷെഡ്ഡിൽ റെക്കോർഡിങ് നടത്തേണ്ടി വന്നിട്ടുണ്ട് ബാൻഡിന്. പ്രതിസന്ധികളിൽ വീഴാതെ കഠിനാധ്വാനത്തിലൂടെ ലോകത്തെ പാട്ടിലാക്കിയതോടെ സംഘത്തിന്റെ ജീവിതം അടിമുടി മാറി. രാജ്യ തലസ്ഥാനമായ സിയോളിലെ ആഡംബര വസതിയിലേക്കു താമസം മാറ്റി. രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നർ താമസിക്കുന്നയിടത്തായി പിന്നീടുള്ള ജീവിതം.  

അക്ഷരാര്‍ഥത്തിൽ കുടിലിൽ നിന്നും കൊട്ടാരത്തിലേയ്ക്ക്. സുഖത്തിലും ദുഃഖത്തിലും ഒരുമയോടെ അവർ കഴിഞ്ഞു. തുടക്കത്തിലുണ്ടായിരുന്ന ആത്മബന്ധമാണ് ഇതുവരെ ആ ഏഴുപേരെ ഒരുമിച്ചു നിര്‍ത്തിയത്.

 

ആഗ്രഹം പാതിയിലുപേക്ഷിച്ച് മടക്കം!

 

ഇനി മടങ്ങി വരുമോയെന്നു പോലും ഉറപ്പില്ലാതെ പാതിയിൽ കൊഴിഞ്ഞു വീഴുന്ന ബിടിഎസിനെ ഓർത്ത് കരയുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. ആഗ്രഹങ്ങൾ പലതും ഉപേക്ഷിച്ചാണ് ആ ഏഴുപേർ ദീർഘകാലത്തെ ഇടവേളയെടുക്കുന്നത്. ഗ്രാമിയിൽ മുത്തമിടാനായില്ല എന്നതുതന്നെയാണ് അതിൽ പ്രധാനം. രണ്ടു തവണ നാമനിർദേശം ലഭിച്ചിട്ടും നിരാശയായിരുന്നു സംഘത്തെ കാത്തിരുന്നത്. ഇത്തവണ മികച്ച ഗ്രൂപ് പെർഫോമൻസ് വിഭാഗത്തിലേയ്ക്കായിരുന്നു ബിടിഎസിനു നാമനിർദേശം ലഭിച്ചത്. സംഘത്തിന്റെ ‘ബട്ടർ’ ആണ് പരിഗണിക്കപ്പെട്ടത്. എന്നാൽ ഈ വിഭാഗത്തിൽ ദോജാ ക്യാറ്റ്, സ്‌സ എന്നിവരുടെ ‘കിസ് മി മോർ’ പുരസ്കാരം സ്വന്തമാക്കിയതോടെ പ്രതീക്ഷകൾ പൊലിഞ്ഞു. കഴിഞ്ഞ വർഷവും ബിടിഎസിനു ഗ്രാമി നാമനിർദേശം ലഭിച്ചിരുന്നു. മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലേയ്ക്ക് ബാൻഡിന്റെ ‘ഡയനാമൈറ്റ്’ മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 

 

തിരികെ വരുമോ ഒപ്പ? 

 

 

‘‘പ്രിയപ്പെട്ട ഒപ്പ, 

 

സ്വയം സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചതിനു നന്ദി. 

 

സംഗീതത്തിലൂടെയും പാട്ടുകളിലൂടെയും ഇക്കഴിഞ്ഞ വർഷങ്ങളിൽ 

 

എനിക്കു സന്തോഷവും പ്രതീക്ഷയും നൽകിയതു നിങ്ങളാണ്’’. 

 

 

ലോകമെമ്പാടുമുള്ള ആരാധകർ ബിടിഎസിന് കത്തെഴുതുന്നത് ഇങ്ങനെയാണ്. വായിക്കപ്പെടുമെന്നുറപ്പില്ലാതെ, മറുപടി പ്രതീക്ഷിക്കാതെ ഹൃദയത്തിൽ നിന്നൊഴുകുന്ന വാക്കുകളിലെഴുതിയ കത്തുകൾ സംഗീതലോകത്തിൽ ആ ഏഴംഗ സംഘത്തിന്റെ സ്വാധീനത്തിനു തെളിവാണ്. അറിയാത്ത ഭാഷയാണെങ്കിലും, ഒപ്പ (സഹോദരൻ) എന്ന കൊറിയൻ പദം സ്വന്തമാക്കി ലോകത്തെ വിവിധ കോണുകളിൽ നിന്ന് ആരാധകർ അവർക്കു കത്തുകളെഴുതുന്നു. കോവിഡ് വൈറസിനു മുന്നിൽ അടിയറവു പറഞ്ഞ്, വ്യാപാരകേന്ദ്രങ്ങളും നിരത്തുകളും കൊട്ടിയടച്ചിട്ട് ലോകം വീട്ടിലിരുന്ന നാളുകളിൽ, ഉത്കണ്ഠയിലേക്കും നൈരാശ്യത്തിലേക്കും മുങ്ങിത്താഴാതെ പ്രായഭേദമന്യേ വലിയൊരു വിഭാഗത്തിനു താങ്ങായത് ഈ കൊറിയൻ സംഗീതമാണെന്നു തെളിവു നിരത്തുന്നു യുട്യൂബിലെയും വിവിധ മ്യൂസിക് പ്ലാറ്റ്ഫോമുകളിലെയും സ്ട്രീമിങ് സംബന്ധിച്ച കണക്കുകൾ. ഏറെ സ്നേഹിച്ച ആ ഒപ്പമാർ ഒരുമിച്ച് ലോകസംഗീതവേദിയകളിലേയ്ക്കു തിരികെ വരുന്നതും കാത്തിരിക്കുകയാണ് കോടിക്കണക്കിനു ഹൃദയങ്ങൾ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com