ADVERTISEMENT

ലോകം മുഴുവൻ കെ പോപ് തരംഗമാക്കിയ ബിടിഎസ് ഇനിയില്ല എന്ന വാർത്ത ഞെട്ടലോടെയാണ് സംഗീതലോകം കേട്ടത്. ഒൻപതാം വാർഷിക ദിനത്തിൽ നടത്തിയ അത്താഴ വിരുന്നിനൊടുവിലാണ് തങ്ങൾ വഴി പിരിയുകയാണെന്ന വിവരം ബിടിഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്വതന്ത്ര സംഗീതജീവിതത്തിൽ ശ്രദ്ധിക്കാനാണ് ദീർഘമായ ഇടവേള എടുക്കുന്നതെന്ന് സംഘാഗങ്ങൾ അറിയിച്ചെങ്കിലും ഇനി തിരികെ വരുമോ എന്നോർത്താണ് ആരാധകരുടെ ആശങ്ക. കാരണം, വരുമെന്നും പറഞ്ഞിട്ടും ഒരിക്കലും തിരിച്ചു വരാനാകാത്ത വിധം തകർന്നടിഞ്ഞ നിരവധി ബാൻഡുകളുണ്ട് ചരിത്രത്താളുകളിൽ. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ കൂട്ടം പിരിഞ്ഞു പോയവയാണ് അതിൽ പലതും. ആരാധകരെ വേദനിപ്പിച്ച ചില വേർപിരിയലുകൾ, 

 

ദ് ബീറ്റിൽസ്

 

1960ല്‍ ജോൺ ലെനൻ, പോൾ മക്‌കാർട്നി, റിങ്കോ സ്റ്റാർ, ജോർജ് ഹാരിസൺ എന്നിവർ ചേർന്ന് ലിവർപൂളിൽ ആരംഭിച്ചതാണ് ദ് ബീറ്റിൽസ്. തുടർച്ചയായ പാട്ടുകളിലൂടെ ഒരു കാലഘട്ടത്തെ പാട്ടിലാക്കാൻ ഈ നാൽപ്പടയ്ക്കു കഴിഞ്ഞു. സംഘാഗങ്ങൾ ഒരുമിച്ചുള്ള സ്റ്റേജ് ഷോകൾക്കും കസെറ്റ് റിലീസുകൾക്കുമായി ലോകം കാത്തിരുന്നു അന്ന്. സംഗീതലോകത്ത് ഉദിച്ചുയർന്നു നിൽക്കവെ 1969ൽ ആണ് ബീറ്റിൽസ് പിരിഞ്ഞത്. ബാൻഡിലെ നാല് അംഗങ്ങളും സ്വതന്ത്രസംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒടുവിൽ ലോകത്തിന്റെ നെറുകയിൽ എത്തുകയും ചെയ്തു. ബാൻഡ് പിരിഞ്ഞതിന്റെ ദുഃഖം പേറിയ ആരാധകർക്കിടയിലേക്ക് അവർ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത പല തവണ എത്തി. വാർത്തകളും പ്രവചനങ്ങളും കൂടുതൽ ശക്തമായതിനിടയിലാണ് ബീറ്റിൽസ് അംഗം ജോൺ ലെനൻ കൊല്ലപ്പെട്ടത്. പിൽക്കാലത്ത് ബീറ്റിൽസിലെ മറ്റ് അംഗങ്ങള്‍ ചേർന്ന് കാണികൾക്കു മുന്നിലെത്തിയെങ്കിലും ജോൺ ഇല്ലാത്ത ആ സംഘം അപൂർണമായിരുന്നു. 

 

പിങ്ക് ഫ്ലോയ്ഡ്

 

1965 മുതൽ ലോകം കേട്ടു തുടങ്ങിയ പേരാണ് പിങ്ക് ഫ്ലോയ്ഡ്. ഡേവിഡ് ഗിൽമോർ, സൈദ് ബാററ്റ്, നിക് മേസൺ, റോജർ വാട്ടേഴ്സ്, റിച്ചാർഡ് റൈറ്റ് എന്നിവർ ചേർന്ന് ലണ്ടനിൽ തുടക്കം കുറിച്ച ഈ റോക്ക് ബാൻഡ്, ചുരുങ്ങിയ കാലം കൊണ്ടാണ് മാന്ത്രികസംഗീതത്തിലൂടെ ലോകത്തു തരംഗമായത്. ബാൻഡിന്റെ ചരിത്രം പരസ്പരമുള്ള യുദ്ധങ്ങളുടേതും നിയമ പോരാട്ടങ്ങളുടേതും ആയിരുന്നു. പല തവണ ഒത്തു ചേരലുകളും വേർപിരിയലുകളുമായി സംഘം വാർത്തകളിൽ നിറഞ്ഞു. ആശയപരമായ വൈരുധ്യങ്ങൾ കൊണ്ട് പിങ്ക് ഫ്ലോയിഡിനോളം ചർച്ച ചെയ്യപ്പെട്ട മറ്റൊരു സംഗീത ബാൻഡ് വേറെയുണ്ടാവില്ല. ഇവരുടെ പാട്ടുകൾ പോലെ തന്നെ വേർപിരിയലുകളും വാർത്തയായിരുന്നു. 

 

വൺ ഡയറക്‌ഷൻ (1D)

 

ആരാധകരെ ഞെട്ടിച്ച വേർപിരിയലായിരുന്നു വൺ ഡയറക്‌ഷന്റേത്. ഹിറ്റ് നമ്പറുകളുമായി സംഗീതലോകത്ത് ഉന്നതിയിലെത്തി നിൽക്കവെ ആണ് സംഘം പിരിഞ്ഞത്. 2010ൽ ലണ്ടനിൽ തുടങ്ങിയ ബാൻഡ് 2016 വരെ ലോകസംഗീതവേദികളിൽ കൊടുങ്കാറ്റായി ആഞ്ഞടിച്ചു. നിയാൽ ഹോറൻ, സൈൻ മാലിക്, ലിയാം പൈൻ, ഹാരി സ്റ്റൈൽസ്, ലൂയിസ് ടോംലിൻസൺ എന്നിവരായിരുന്നു1D സംഘത്തിൽ. ബാൻഡിന്റെ പുത്തൻ പാട്ടുകള്‍ക്കായി കാതോർത്തിരുന്ന ആരാധകർക്കു മുന്നിലേക്ക് തികച്ചും അപ്രതീക്ഷിതമായാണ് വേർപിരിയൽ വാർത്തയുമായി അവർ എത്തിയത്. സംഘാംഗങ്ങളെല്ലാം സ്വതന്ത്രസംഗീതജ്ഞരായി ലോകത്തു തിളങ്ങിയെങ്കിലും ബാന്‍ഡ് ‌എന്ന നിലയിൽ പിന്നീടൊരു മടങ്ങി വരവുണ്ടായില്ല. ഇന്നും പ്രതീക്ഷ കൈവിടാതെ വൺ ഡയറക്‌ഷന്റെ ഒത്തു ചേരലിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

 

സ്‌പൈസ് ഗേൾസ്

 

90 കളുടെ അവസാനത്തിലാണ് സംഗീതലോകത്തു തരംഗമായി സ്‌പൈസ് ഗേൾസ്ന്റെ പാട്ടുകൾ എത്തിയത്. മെലാനി ബ്രൗൺ, മെലാനി ചിസ്ഹോ, എമ്മ ബന്റൻ, ജെറി ഹല്ലിവെല്‍, വിക്ടോറിയ ബെക്ഹാം എന്നിങ്ങനെ 5 പേരടങ്ങുന്ന ഈ ബ്രിട്ടിഷ് പെൺ ട്രൂപ്പ് പാട്ടുകളുമായി ലോകയാത്ര നടത്തിയത് അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഹിറ്റുകളുമായി ലോകസംഗീതവേദിയിൽ നിറഞ്ഞ ഈ പെൺപട വൈകാതെ പിരിഞ്ഞു. ഓരോരുത്തരും താന്താങ്ങളുടെ സ്വതന്ത്രസംഗീതജീവിതസ്വപ്നത്തിലേക്കു നടന്നടുത്തു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഇവരുടെ വേർപിരിയൽ. പാട്ടുമായി വീണ്ടും സ്പൈസ് ഗേൾസ് വരുമെന്ന് ആരാധകർ ഇപ്പോഴും പ്രതീക്ഷിക്കുന്നു. വർഷങ്ങൾക്കു ശേഷം ഇവർ വീണ്ടും ഒന്നിക്കുമെന്നും ബെർമിങ്ഹാം കൊട്ടാരത്തിൽ സ്‌പൈസ് ഗേൾസിന്റെ വലിയ പ്രകടനം നടക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇതിനായി കാത്തിരിക്കുകയാണ് ആരാധകർ.

 

ബാക്ക്സ്ട്രീറ്റ് ബോയ്സ്

 

1993ൽ ഫ്ലോറിഡയിൽ ആരംഭിച്ചതാണ് ബാക്ക്സ്ട്രീറ്റ് ബോയ്സ് ബാൻഡ്. നിക് കാർട്ടർ, ഹൗ ഡൊറോ, എ.ജെ മക്‌ലീൻ, ബ്രിയാൻ ലിറ്റ്‌റെൽ, കെവിൻ റിച്ചാർഡ്സൺ എന്നിവർ ആയിരുന്നു സംഘാംഗങ്ങൾ. ഒരുകാലത്ത് ലോകസംഗീതവേദികളിൽ വിലപിടിപ്പുള്ള പേരായിരുന്നു ബാക്ക്സ്ട്രീറ്റ് ബോയ്സിന്റേത്. പുറത്തിറക്കിയ പാട്ടുകളെല്ലാം സൂപ്പർഹിറ്റുകൾ. അക്കാലത്ത് ഫോണുകളിൽ തുടർച്ചയായി മുഴങ്ങിക്കേട്ടത് ഈ അഞ്ചംഗസംഘത്തിന്റെ പാട്ടുകളായിരുന്നു. നിരവധി ഹിറ്റുകൾ നൽകി ഒടുവിൽ 5 പേരും 5 വഴിക്കു പിരിഞ്ഞു. ‘ഞങ്ങൾ ഒരു വലിയ കുടുംബമാണ്, പക്ഷേ ഒറ്റക്കുള്ള വഴി കണ്ടെത്താൻ പിരിയുന്നു’ എന്ന ബാൻഡിന്റെ വേർപിരിയൽ വാചകം ആരാധകർ ഇന്നും ഓർമിക്കുന്നു. പിരിഞ്ഞെങ്കിലും പിൽക്കാലത്ത് പല തവണ പാട്ടുകളുമായി ഇവർ ലോകസഞ്ചാരം നടത്തിയിട്ടുണ്ട്. 

 

ഡഫ്റ്റ് പങ്ക്

 

ഫ്രഞ്ച് സംഗീതത്തിന്റെ വ്യത്യസ്തമായ തലം ലോകത്തെ പരിചയപ്പെടുത്തിയ രണ്ടംഗ സംഘമായിരുന്നു ഡഫ്റ്റ് പങ്ക്. തോമസ് ബങ്കൽറ്ററും ഗയ് മാനുവലും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതപരിപാടികൾക്കും പുറത്തിറക്കുന്ന സംഗീത ആൽബങ്ങൾക്കും വേണ്ടി ലോകം ആകാംക്ഷയോടെ കാത്തിരുന്നു. 28 വർഷത്തിലധികം നീണ്ട സംഗീത ജീവിതത്തിനോടുവിൽ കഴിഞ്ഞ വർഷമാണ് ഇരുവരും വേർപിരിഞ്ഞത്. എപ്പിലോഗ് എന്ന ഇവരുടെ വിടപറയൽ ഗാനം യൂട്യൂബിൽ തരംഗമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com