ADVERTISEMENT

സംഗീതലോകത്ത് ഈ വർഷത്തെ ഏറ്റവും വിലപിടിപ്പുള്ള ആൽബമായി ബിടിഎസിന്റെ ‘പ്രൂഫ്’. പുറത്തിറങ്ങി ഒരാഴ്ചയ്ക്കകം ഏറ്റവുമധികം വിൽ‌പ്പന നടന്ന 2022ലെ ആൽബം ഇതാണ്. റെക്കോർഡ് വേഗത്തിലാണ് ആൽബത്തിന്റെ കോപ്പികൾ വിറ്റഴിഞ്ഞത്. ഇതിനകം 2.7 മില്യൻ കോപ്പികൾ വിറ്റുകഴിഞ്ഞു. ഇതോടെ ഒരാഴ്ചയ്ക്കിടെ ഏറ്റവും വരുമാനം നേടിയ ഈ വർഷത്തെ ആൽബമായി ‘പ്രൂഫ്’ മാറി.

 

ജൂൺ 10ന് ആണ് ‘പ്രൂഫ്’ പുറത്തിറങ്ങിയത്. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബിടിഎസ് ആൽബവുമായി ലോകത്തിനു മുന്നിലെത്തുന്നത്. ‘യെറ്റ് ടു കം’ എന്ന ലീഡ് ട്രാക്കിനൊപ്പം 2013ൽ ബാൻഡ് അരങ്ങേറിയതു മുതൽ ഇതുവരെയുള്ള സംഗീത കരിയറിലെ മികച്ച ഗാനങ്ങളും റിലീസ് ഗാനങ്ങളും റിലീസ് ചെയ്യാതെ പോയ പാട്ടുകളും ഉൾപ്പെടെയാണ് ‘പ്രൂഫ്’ ആന്തോളജി. 

 

‘പ്രൂഫി’ലെ 2 പാട്ടുകൾ ദക്ഷിണ കൊറിയയിൽ സംപ്രേഷണം ചെയ്യുന്നതു വിലക്കിയിരുന്നു. പ്രൂഫിലെ റൺ ബിടിഎസ്, ബോൺ സിങ്ങർ എന്നീ പാട്ടുകളിൽ അശ്ലീലവും മോശം വാക്കുകളും ഉണ്ടെന്നു ചൂണ്ടിക്കാട്ടി സർക്കാർ ചാനലായ കെബിഎസ് ആണ് നിരോധനമേർപ്പെടുത്തിയത്. കൊറിയയിൽ മറ്റു ചാനലുകൾക്കും ഇതു പ്രദർശിപ്പിക്കാനായില്ല.

 

പ്രൂഫ് സൃഷ്ടിച്ച ആവേശത്തിന്റെ അലയൊലികൾക്കിടെയാണ് ദീർഘകാല ഇടവേളയെടുക്കുകയാണെന്നുള്ള ബിടിഎസിന്റെ പ്രഖ്യാപനം പുറത്തുവന്നത്. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം. സ്വതന്ത്രസംഗീതജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് തങ്ങൾ ഇടവേളയെടുക്കുന്നതെന്നും വൈകാതെ തിരികെ വരുമെന്നും ബിടിഎസ് അറിയിച്ചു. എന്നാൽ ബാൻഡ് ഇനി മടങ്ങി വരുമോയെന്ന സംശയത്തിലാണ് ആരാധകർ. ‘പ്രൂഫ്’ ബിടിഎസിന്റെ അവസാന ആൽബമാകുമോ എന്നും ആരാധകവൃന്ദം ആശങ്കപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com