പൊന്മുട്ടയിടുന്ന താറാവിനെ കൊറിയയ്ക്ക് എങ്ങനെ കൊല്ലാനാകും? ബിടിഎസിന്റെ ഭാവി എന്ത്?

new-bts
SHARE

ഗ്രാമി എന്ന സ്വപ്നം ബാക്കിയാക്കി പാതിവഴിയിൽ പാട്ടുനിർത്തിയോ ബിടിഎസ്? കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ലോകം ചർച്ച ചെയ്തത് ദക്ഷിണ കൊറിയയിലെ ഏഴംഗ സംഗീത ബാൻഡിന്റെ ഭാവിയെക്കുറിച്ചാണ്. ആരാധകരേയും സംഗീതലോകത്തേയും ആശയക്കുഴപ്പത്തിലാക്കിയ ‘ഇടവേള’ പ്രഖ്യാപനത്തിനു ശേഷം, ഇന്നലെ രാത്രി കൊറിയൻ സമയം 10.30 മുതൽ 12 വരെ ബിടിഎസ് അംഗം ജംഗൂക് ലൈവ് ഓൺലൈൻ കൺസേർട്ടുമായി ആരാധകർക്കൊപ്പമിരുന്നു. മധുരമായ ശബ്ദത്തിൽ, മുറി ഇംഗ്ലിഷിൽ ‘കുക്കി’ പറഞ്ഞു, ‘ബിടിഎസ് ഫോർ എവർ, ആർമി ഫോർ എവർ’.വിലൈവ് എന്ന കൊറിയൻ ആപ്പിലൂടെ ഒന്നര മണിക്കൂറിൽ 16 പാട്ടുകൾ പാടിയ ജംഗൂക്കിനെ തത്സമയം കണ്ടിരുന്നത് 80 ലക്ഷം ആരാധകരാണ്.

ഡിന്നറിലെ ഇടവേള

ബിടിഎസ് ഒൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായ ‘ഫീസ്റ്റ അത്താഴത്തി’നിടെയാണ് ബാൻഡ് ദീർഘകാല ഇടവേളയിലേക്കു പോകുകയാണെന്ന സംസാരമുണ്ടായത്. ഇതു പെട്ടെന്നു തന്നെ ലോകശ്രദ്ധ നേടുകയും ചെയ്തു. ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവന നിയമപ്രകാരം ബിടിഎസിലെ മുതിർന്ന അംഗമായ ജിൻ ഡിസംബറിനുശേഷം പിരിയേണ്ടി വരുമെന്ന് ആശങ്കയുള്ള സാഹചര്യത്തിൽ ‘ബിടിഎസ് പാട്ടുനിർത്തി’ എന്ന വാർത്ത പ്രതീക്ഷിച്ചതിലേറെ ആഗോളശ്രദ്ധ നേടി. വിവരം പുറത്തുവന്നു മണിക്കൂറുകൾക്കകം ബാൻഡ് ഉടമകളായ ഹൈബ് എന്റർടെയ്ൻമെന്റിന്റെ വിപണി മൂല്യം ഇടിഞ്ഞു. തുടർന്നു കമ്പനി തന്നെ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. ‘ബിടിഎസ് പിരിയുകയല്ലെന്നും അംഗങ്ങൾ കൂടുതലായി സോളോ സംഗീതത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിനൊപ്പം ബാൻഡ് എന്ന നിലയിൽ തുടരുമെന്നും’ അവർ വ്യക്തമാക്കി. വാർഷിക വിരുന്നിടെ കൊറിയൻ ഭാഷയിൽ താരങ്ങൾ സംസാരിച്ചത് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ വന്ന ‘hiatus' വാക്കാണ് ബിടിഎസ് ഇടവേളയെടുക്കുന്നു എന്ന തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും കമ്പനി പറയുന്നു.

തെറ്റിദ്ധാരണയോ ഇടവേളയോ?

സൂപ്പർസ്റ്റാർ രജനീകാന്ത് ‘ഒരു തടവൈ സൊന്നാൽ നൂറു തടവൈ സൊന്നമാതിരി’ എന്ന് ആരാധകർ പറയുന്നതുപോലെ, ബിടിഎസ് ഒരു തവണ പറഞ്ഞാൽ അതു പൂർണമായി അംഗീകരിക്കുന്നവരാണ് ‘ആർമി’ എന്ന ആരാധക സംഘം. ദുഃഖത്തോടെയാണെങ്കിലും ബിടിഎസിന്റെ ഇടവേള പ്രഖ്യാപനം സ്വീകരിക്കാനും പിന്തുണയ്ക്കാനും അവർ തയാറായി. ഒൻപതു വർഷത്തെ തിരക്കിട്ട സംഗീതജീവിതത്തിൽ നിന്ന് താരങ്ങൾ ആഗ്രഹിക്കുന്ന വിശ്രമവും ഇടവേളയും അവർക്കു ലഭ്യമാകട്ടെയെന്നും തിരിച്ചുവരവിനായി എത്രവേണമെങ്കിലും കാത്തിരിക്കുമെന്നും ട്വിറ്ററിലും സാമൂഹിക മാധ്യമങ്ങളിലുമായി ആരാധകർ കുറിച്ചു. ഇടവേളയോ വേർപിരിയലോ അല്ലെന്ന് ബിടിസ് താരങ്ങളും കമ്പനിയും വീണ്ടും വ്യക്തമാക്കിയെങ്കിലും ഒരു കാര്യം ഉറപ്പാണ്. മ്യൂസിക് ചാർട്ടുകളിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന ബാൻഡ് എന്ന നിലയിൽ ബിടിഎസിനെ ഉടനെ കാണാനാകില്ല. ഇത് അനിവാര്യമായ ഇടവേളയാണ്.

ബിടിഎസിന്റെ ഭാവി

സോളോ സംഗീതത്തിലേക്കു ശ്രദ്ധ പതിപ്പിക്കുമെങ്കിലും ബാൻഡിന്റെ ഭാഗമായുള്ള പരിപാടികൾ തുടരുമെന്ന് അംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് കാലത്തു നിർത്തിവച്ച ‘റൺ ബിടിഎസ്’ വെബ് സീരീസ് വൈകാതെ പുനരാരംഭിക്കും. ബിടിഎസ് താരങ്ങളും കമ്പനിയായ ഹൈബും തമ്മിലുള്ള കരാർ 2027 വരെയുണ്ട്. അതേസമയം കൊറിയൻ സംഗീതം ലോകവേദിയിലെത്തിച്ച, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു വഴി കാട്ടിയ ‘ബിടിഎസ്’ എന്ന പൊന്മുട്ടയിടുന്ന താറാവിനെ ഇല്ലാതാക്കുക ദക്ഷിണ കൊറിയയ്ക്ക് എളുപ്പമാകില്ല.

വേൾഡ് എക്സ്പോ 2030ന് ബുസാനിൽ ആതിഥ്യമരുളാനുള്ള തയാറെടുപ്പുകൾക്കിടെ കൊറിയയുടെ മുഖമാകാൻ ബിടിഎസ് വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ബ്ലാക്ക് പിങ്ക്, എക്സോ, ട്വൈസ്, സെവന്റീൻ തുടങ്ങി പ്രചാരമുള്ള കെ–പോപ് ബാൻഡുകൾ പലതുമുണ്ടെങ്കിലും ഇവരെയൊന്നും ബിടിഎസിനു പകരം വയ്ക്കാനാകില്ലെന്ന്  സർക്കാരിനും അറിയാം.  രാജ്യത്ത് സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങളിൽ കെ–പോപ് താരങ്ങളെയും ഉൾപ്പെടുത്തണമെന്ന വാദം കൊറിയൻ പാർലമെന്റിൽ ഉൾപ്പെടെ ഉയർന്നതാണ്. ഇതിൽ തീരുമാനം എന്താകുമെന്നത് ബിടിഎസിന്റെ ഭാവി പുതിയ ദിശയിലാക്കും. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പ്രൂഫ് ആൽബത്തിലെ ടൈറ്റിൽ ട്രാക്കിലേതു (‘യെറ്റ് ടു കം’) പോലെ ഏറ്റവും മനോഹരമായ നിമിഷം, ഇനി വരാനിരിക്കുന്നതാണ് എന്ന പ്രതീക്ഷയിലാണ് ആരാധക ലോകം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA