അപ്രതീക്ഷിത വാർത്തകളിൽ ഞെട്ടിയ സംഗീതലോകം, സംഭവബഹുലം 2022!

Mail This Article
ലോകം മുഴുവൻ വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നതാണ് സംഗീതദിനം. ആർക്കും എവിടെയും ആടിപ്പാടാനും സന്തോഷിക്കാനും ഒരു ദിവസം എന്ന രീതിയിലാണ് ജാക്ക് ലാങ് ഇങ്ങനെ ഒരു ദിവസത്തിനു തുടക്കം കുറിച്ചത്. ഓരോ വർഷവും സംഗീതലോകത്തു സംഭവിക്കുന്ന ചില കാര്യങ്ങള്‍ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രങ്ങളായി മാറാറുണ്ട്. അത്തരത്തിൽ ഈ വർഷം ലോകത്തെ ഞെട്ടിച്ച, സന്തോഷിപ്പിച്ച, കരയിപ്പിച്ച ചില സുപ്രധാന സംഭവങ്ങളെ ഈ സംഗീതദിനത്തിൽ ഓർക്കുമ്പോൾ.
∙വാഷിങ്ടനിലെ സ്കൂളുകൾ കോവിഡ് കാലത്തിനു ശേഷം തുറന്നപ്പോൾ വിദ്യാർത്ഥികളെ ആദ്യം പഠിപ്പിച്ചത് സംഗീതമാണ്. രണ്ട് വർഷത്തെ ഓൺലൈൻ ക്ലാസിനു ശേഷം സ്കൂളിൽ എത്തുന്ന വിദ്യാർഥികളുടെ മാനസിക സംഘർഷം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു അധികൃതരുടെ ഈ നീക്കം. പരീക്ഷണം പ്രതീക്ഷിച്ചതിലേറെ വിജയം കണ്ടതോടെ ലോകം മുഴുവൻ അതേറ്റെടുത്തു. തുടർന്ന് വിവിധ സ്കൂളുകൾ ഇതേ മാതൃക പിന്തുടരുകയും ചെയ്തു.
∙റീല്‍ വിഡിയോകൾക്കു വേണ്ടി ഇൻസ്റ്റഗ്രാം ഒരു മിനിറ്റ് മ്യൂസിക് അവതരിപ്പിച്ച വാർത്ത ഇന്ത്യക്കാർക്ക് വലിയ സന്തോഷം നൽകിയതാണ്. 200ൽ അധികം ഇന്ത്യൻ ഗായകരുടെ പാട്ടുകളാണ് ഇൻസ്റ്റാഗ്രാം ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഫീച്ചർ ഇതാണ്.
∙കോവിഡിനെ തുടർന്നുണ്ടായ ഇടവേളയ്ക്കു ശേഷം ഗ്രാമി ആഘോഷമായി നടത്തിയ വർഷമാണിത്. 2 വർഷത്തിനു ശേഷമാണ് പുരസ്കാരപ്രഖ്യാപന ചടങ്ങ് പഴയ പ്രതാപത്തോടെ തിരിച്ചെത്തിയത്. ഒലീവിയ റോഡ്രിഗോ എന്ന പോപ് ഗായികയുടെ താരോദയം കൂടിയായിരുന്നു ഇത്തവണത്തെ ഗ്രാമി. റോക്ക് ഇതിഹാസം സ്റ്റുവര്‍ട്ട് കോപ്ലാന്‍ഡിനൊപ്പം ഇന്ത്യൻ ഗായകൻ റിക്കി കെജ് പുരസ്കാരം പങ്കിട്ടതും അഭിമാന നിമിഷമായി.
∙ ഇതിഹാസ സംഗീതജ്ഞ ലത മങ്കേഷ്കറിന്റെ വിയോഗം സംഗീതലോകത്തിനേറ്റ വലിയ മുറിവാണ്. കോവിഡും ന്യുമോണിയയും ബാധിച്ച് ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞ ഗായിക, ഫെബ്രുവരി 6നാണ് അന്തരിച്ചത്.
∙ഡിസ്കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡ് സംഗീതസംവിധായകനും ഗായകനുമായ ബപ്പി ലഹിരിയുടെ വിയോഗവും സംഗീതലോകത്തിനു തീരാനൊമ്പരമായി. നിരവധി ആരോഗ്യപ്രശ്നങ്ങളാൽ വലഞ്ഞ അദ്ദേഹം മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് വിവടവാങ്ങിയത്.
∙ ഗായകൻ കെകെയുടെ (കൃഷ്ണകുമാർ കുന്നത്ത്) മരണവും സംഗീതലോകത്തിനു തീരാനോവായി. കൊൽക്കത്തയിലെ വിവേകാനന്ദ കോളജിലെ സംഗീതപരിപാടിക്കു ശേഷം ഹോട്ടൽ മുറിയിലേയ്ക്കു മടങ്ങിയ ഗായകൻ തൊട്ടുപിന്നാലെ മരണത്തിലേയ്ക്കു മറയുകയായിരുന്നു. വിവിധ ഭാഷകളിലായി എഴൂന്നൂറിലധികം ഗാനങ്ങള്‍ ലോകത്തിനു നല്‍കിയാണ് 53ാം വയസ്സിൽ കെകെ വിടവാങ്ങിയത്.
∙ കൊറിയൻ ബാൻഡ് ബിടിഎസിന്റെ വേർപിരിയൽ പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചതാണ്. പുതിയ ആൽബമായ ‘പ്രൂഫി’ന്റെ റിലീസിനു ശേഷം അപ്രതീക്ഷിതമായാണ് സംഘം ദീർഘ കാലത്തെ ഇടവേള പ്രഖ്യാപിച്ചത്. സ്വതന്ത്ര സംഗീതജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് വേർപിരിയുന്നതെന്ന് ബിടിഎസ് അറിയിച്ചു. അപ്രതീക്ഷിത പ്രഖ്യപനം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല സംഗീതലോകത്തിന്.