ADVERTISEMENT

ബ്രിട്ടിഷ് ഗായകൻ ടോം മാനിന്റെ പ്രതിശ്രുതവധു ഡാനിയേൽ ഹാംസൺ അന്തരിച്ചു. ഇരുവരുേടയും വിവാഹദിനത്തിലാണ് ഡാനിയേലിന്റെ അപ്രതീക്ഷിത വേർപാട്. സമൂഹമാധ്യമങ്ങളിലൂടെ ടോം തന്നെയാണ് ഈ ദുഃഖവാർത്ത ലോകത്തെ അറിയിച്ചത്. 34കാരിയായ ഡാനിയേലിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നെന്നും മാരണകാരണം വ്യക്തമല്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 

 

ടോമും ഡാനിയേലും 2020 സെപ്റ്റംബറിൽ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് വിവാഹം നീട്ടിവയ്ക്കാൻ നിർബന്ധിതരാവുകയായിരുന്നു. തുടർന്ന് ഒരുമിച്ചു ജീവിച്ച ഇരുവര്‍ക്കും 2021ഒക്ടോബറിൽ ആൺകുഞ്ഞ് പിറന്നു. മകനെ ചേർത്തു പിടിച്ചുള്ള ഡാനിയേലിന്റെ ചിത്രം പങ്കുവച്ചാണ് പ്രിയപ്പെട്ടവളുടെ വേർപാടിന്റെ വാർത്ത ടോം മാൻ പരസ്യമാക്കിയത്. 

 

‘എനിക്കിത് വിശ്വസിക്കാനാകുന്നില്ല. എന്റെ പ്രിയ ഡാനി അവൾ ആയിരുന്നു എനിക്ക് എല്ലാം. എന്റെ ഏറ്റവും നല്ല സുഹൃത്ത്. എന്റെ പ്രാണനായിരുന്നവൾ എന്നെ വിട്ടു പോയി. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമാകേണ്ടിയിരുന്ന ദിവസം ഹൃദയഭേദകമായി അവസാനിച്ചു. ഒരു കടലോളം ഉണ്ട് എന്റെ കണ്ണുനീർ. ഡാനി, നീ ആയിരുന്നു എന്റെ ലോകം. അതു നിനക്ക് അറിയാമല്ലോ? എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് നിന്നെ കിട്ടിയത്. നീ എന്റെ വിരലിൽ അണിയിച്ച മോതിരം ഞാൻ എപ്പോഴും കയ്യിൽ ധരിക്കും. എനിക്കു നിന്നോടുള്ള അചഞ്ചലമായ സ്നേഹത്തിന്റെ അടയാളമാണിത്. 

 

ഡാനി, ഞാൻ പൂർണമായും തകർന്നിരിക്കുകയാണ്. മറികടക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആശ്വാസത്തിനായി എങ്ങോട്ടു പോകണമെന്ന് എനിക്ക് അറിയില്ല. നമ്മുടെ മകനെ വളർത്താനായി ഞാൻ ശക്തി സംഭരിക്കും. നീ മികച്ച അമ്മയായിരുന്നു. എനിക്ക് അത്രത്തോളം എത്താൻ കഴിയുമോയെന്ന് അറിയില്ല. എങ്കിലും നീയും ഞാനും ആഗ്രഹിച്ച രീതിയിൽ അവനെ വളർത്താൻ വേണ്ടി ആവശ്യമായതെല്ലാം ഞാൻ ചെയ്യും, ഉറപ്പ്. അവന്റെ അമ്മ എത്രത്തോളം മികച്ചതായിരുന്നുവെന്ന് അവൻ തിരിച്ചറിയും. അവന് എന്നും നിന്നെക്കുറിച്ചോർത്ത് അഭിമാനം മാത്രമായിരിക്കും.

 

അകത്തും പുറത്തും ഒരുപോലെ സുന്ദരിയായിരുന്നു എന്റെ ഡാനി. അവിശ്വസനീയമാം വിധം ജീവിച്ച ആത്മാവ്. എല്ലാംകൊണ്ടും എനിക്കു സ്പെഷൽ ആയിരുന്നു അവൾ‌. ഡാനി നൽകിയ സ്നേഹത്തിന്റെ സമൃദ്ധമായ ഒഴുക്ക് ഞാൻ ആസ്വദിച്ചു. ഇപ്പോൾ ഞാൻ തീരാദുഃഖത്തിലാണ്. അവളുടെ വിയോഗം അറിയുമ്പോഴുള്ള മറ്റുള്ളവരുടെ ആശ്വാസ വാക്കുകൾ ചിലപ്പോൾ എനിക്ക് സമാധാനം നൽകിയേക്കാം. ഡാനി, നീയായിരുന്നു എന്റെ വെളിച്ചം. നീ ഇല്ലാത്ത എന്റെ ലോകം പൂർണമായും ഇരുട്ടിലാണ്. ഞാൻ നിന്നെ എന്നും മിസ് ചെയ്യും’, ടോം മാൻ കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com