ADVERTISEMENT

ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കൊപ്പം വിവാഹദിനം ചിലവഴിച്ച് ഗായിക മഞ്ജരിയും ഭർത്താവ് ജെറിനും. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തുവച്ചു വിവാഹിതരായ ഇരുവരും ചടങ്ങുകൾക്കു ശേഷം മാജിക് പ്ലാനെറ്റിലേക്ക് എത്തുകയായിരുന്നു. ഗോപിനാഥ് മുതുകാട് വധൂവരന്മാരെ സ്വീകരിച്ചു. ഭിന്നശേഷിക്കാരായ വിദ്യാർഥികളും അവരുടെ മാതാപിതാക്കളുമായിരുന്നു മഞ്ജരിയുടെ വിവാഹ സൽക്കാരത്തിലെ മുഖ്യ അതിഥികൾ. മാജിക് പ്ലാനെറ്റിലെ വിദ്യാർഥികൾക്കു വേണ്ടി മഞ്ജരി മിക്കപ്പോഴും സമയം കണ്ടെത്താറുണ്ട്. അത് തന്റെ സ്വന്തം വീട് പോലെയാണ് തോന്നുന്നതെന്നും ആ കുട്ടികള്‍ക്കൊപ്പമിരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ലെന്നും ഗായിക പറയുന്നു. 

 

‘വിവാഹം എന്നത് വളരെ സന്തോഷമുള്ള ഒരു കാര്യമാണ്. വിവാഹദിനം മാജിക് പ്ലാനെറ്റിലെ കുട്ടികൾക്കൊപ്പമായതിൽ അതിലേറെ സന്തോഷം. ഇവിടം ഒരു ദൈവ സാന്നിധ്യമുള്ള ഒരു സ്ഥലമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പലപ്പോഴും ഞങ്ങൾ ഇവിടെ വരാറുണ്ട്. ഈ കുട്ടികളോടൊപ്പം ഇരിക്കുമ്പോൾ പല വിഷമങ്ങളും ആകുലതകളും മറക്കും. മനസ്സിൽ മറ്റൊരു ചിന്തയും വരില്ല. പോസിറ്റിവ് എനർജി കിട്ടുന്ന ഇടമാണിത്. വിവാഹത്തെക്കുറിച്ചു സംസാരിച്ചപ്പോൾ തന്നെ ആ ദിവസം ഇവരോടൊപ്പമായിരിക്കണം എന്നതായിരുന്നു ഞങ്ങൾ ആദ്യമെടുത്ത തീരുമാനം. വീട്ടുകാരുമായി ആലോചിച്ചപ്പോൾ അവർക്കും പരിപൂർണ സമ്മതം. മാജിക് പ്ലാനെറ്റ് എനിക്ക് എന്റെ സ്വന്തം വീട് പോലെയാണ്. ഇവിടെ ബിഥോവൻ ബംഗ്ലാവ് എന്ന പേരിൽ പാട്ടിനു വേണ്ടി മാത്രമായി ഒരു സ്ഥലമുണ്ട്. അവിടെ ഞാൻ വിസിറ്റിങ് പ്രഫസർ ആയി വരികയും കുട്ടികളെ പാട്ട് പഠിപ്പിക്കുകയും ചെയ്യാറുണ്ട്. പാട്ടിനോട് ഒരുപാട് താൽപര്യമുള്ള വിദ്യാർഥികളുണ്ട് അവിടെ. അവരൊക്കെ പാടുന്നതു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം. പിറന്നാളിനും മറ്റു പല ആഘോഷങ്ങൾക്കുമായി ഞാ‍ൻ അവിടെ പോകാറുണ്ട്. ജെറിനും അതെല്ലാം ഇഷ്ടമാണ്. വിവാഹദിനവും അവർക്കൊപ്പം ചിലവഴിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം’, മഞ്ജരി മനോരമ ഓൺലൈനിനോടു പറഞ്ഞു.

 

നടി പ്രിയങ്ക നായർ, നടൻ സുരേഷ് ഗോപി, ഭാര്യ രാധിക, ഗായകൻ ജി.വേണുഗോപാൽ, ഭാര്യ രശ്മി തുടങ്ങിയവരും മഞ്ജരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പലപ്പോഴും അവഗണിക്കപ്പെടുന്ന കുട്ടികൾക്കൊപ്പം വിവാഹദിനം ആഘോഷിച്ച മഞ്ജരിയും ജെറിനും മറ്റുള്ളവര്‍ക്കു മാതൃകയാണെന്ന് ഗോപിനാഥ് മുതുകാട് പ്രതികരിച്ചു. 

 

‘നമ്മുടെ ഭിന്നശേഷി കുട്ടികളുടെ ഇടയിൽ വച്ചാണ് ജെറിനും മഞ്ജരിയും വിവാഹിതരായിരിക്കുന്നത്. ഏറ്റവും ലളിതമായ ഒരു വിവാഹമായിരുന്നു ഇവരുടേത്. 

പലർക്കും മാതൃകയാക്കാവുന്ന ഒരു കാര്യമാണിതെന്നു ഞാൻ കരുതുന്നു. മതങ്ങൾ തമ്മിലുള്ള വിവാഹമല്ല മനുഷ്യർ തമ്മിലുള്ള വിവാഹമാണിത്. വിവാഹാഘോഷം മാജിക് പ്ലാനെറ്റിലെ കുട്ടികൾക്കൊപ്പം ചേർന്നു നടത്തിയതിൽ ഒരുപാട് സന്തോഷം. പലപ്പോഴും ഇത്തരം കുട്ടികളെ വിവാഹ വേദിയിൽ നിന്നും മാറ്റി നിർത്തുന്നത് നാം കാണാറുണ്ട്. പുറത്ത് ഇത്തരം ചടങ്ങിൽ അവരെ കൊണ്ടുപോകുമ്പോൾ അമ്മമാർ നേരിടുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. നൂറായിരം ചോദ്യങ്ങളും നൂറായിരം നോട്ടങ്ങളും അനുഭവിക്കുന്ന ഒരുപാട് മാതാപിതാക്കളെ കണ്ടിട്ടുണ്ട്. എന്നാൽ ഇന്ന് അവരുടെ മുൻപിൽ വച്ച് ഈ വിവാഹം നടന്നതിൽ ഒരുപാട് സന്തോഷം. ജെറിനും മഞ്ജരിക്കും ആശംസകൾ’, ഗോപിനാഥ് മുതുകാട് പറഞ്ഞു.

 

മാജിക് പ്ലാനറ്റിൽ വച്ചു നടന്ന വിവാഹ വിരുന്നിനു വേണ്ടി സദ്യയൊരുക്കിയത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. തന്റെ മക്കളെപ്പോലെ ഗോപിനാഥ് മുതുകാട് നോക്കി വളർത്തുന്ന ഇരുനൂറോളം കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നതും വിളമ്പുന്നതും വെറുമൊരു പാചക കർമ്മമായിട്ടല്ല മറിച്ച് അതൊരു പുണ്യകർമ്മമായാണ് കാണുന്നതെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചു. ഭിന്നശേഷി വിദ്യാർഥികൾക്കൊപ്പമിരുന്നാണ് മഞ്ജരിയും ജെറിനും സദ്യ കഴിച്ചത്. കുട്ടികൾക്കു മുന്നിൽ മഞ്ജരി ആടുകയും പാടുകയും ചെയ്തപ്പോൾ ആഹ്ലാദത്തോടെ അവരും ഒപ്പം കൂടിയത് കണ്ടുനിന്നവരുടെ ഹൃദയം നിറച്ചു. 

 

മഞ്ജരിയും ജെറിനും ബാല്യകാലസുഹൃത്തുക്കളാണ്. ഒന്നാം ക്ലാസ് മുതൽ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്. മസ്കത്തിൽ ആയിരുന്നു വിദ്യാഭ്യാസകാലം. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com