ADVERTISEMENT

ഒപ്പം നടന്നവരെയും വഴികാട്ടിയവരെയും ചൊവ്വല്ലൂർ ഓർത്തെടുക്കുന്നു; ഒരു അഭിമുഖത്തിൽ നിന്ന് ,

 

വലിയ സൗഹൃദ വലയത്തിലൂടെയാണു താങ്കൾ യാത്ര ചെയ്യുന്നത്. എന്തെങ്കിലും വലിയ ഓർമകൾ?

 

സൗഹൃദങ്ങളെല്ലാം വന്നു ഭവിച്ചതാണ്. ഓരോരുത്തരുമായും അടുപ്പം വളർന്നതല്ലാതെ തളർന്നിട്ടില്ല. തൃത്താല കേശവ പൊതുവാളുമായുള്ള സൗഹൃദം കുട്ടിക്കാലത്തു ഗുരുവായൂരിലെ കഴകക്കാർ എന്ന നിലയിൽ തുടങ്ങിയതാണ്.മരണത്തിനു ശേഷവും അതു വളരുകയായിരുന്നു. അദ്ദേഹത്തിന്റെ വളർച്ച കൂടെനിന്നു കണ്ട ആളാണു ഞാൻ.

കലാമണ്ഡലം ഗോപിയുമായി പഠിക്കുന്ന കാലത്തു കലാമണ്ഡലത്തിൽ തുടങ്ങിയ ബന്ധമാണ്. ഒരു മുറിയിൽ കുളിച്ചുറങ്ങിയ ബന്ധം. ഗോപി ഇന്നു വീട്ടിലെ അംഗമാണ്. മുണ്ടശ്ശേരി മാഷിനും എംആർബിക്കും സി. അച്യുത മേനോനും എന്നെ ഇഷ്ടമായിരുന്നു.

 

സൂപ്പർ ഹിറ്റായ പ്രഭാത സന്ധ്യ എന്ന സിനിമയ്ക്കു ശേഷം എന്തുകൊണ്ടു തിരക്കഥ എഴുതിയില്ല?

 

‍സിനിമക്കാർക്കു പലപ്പോഴും മറ്റുള്ളവരുടെ സമയത്തിന്റെ വിലയറിയില്ല. അവർക്കു തോന്നുമ്പോൾ വിളിക്കും. നാം അവിടെ പോയി കാത്തിരിക്കണം. നാലും അഞ്ചും ദിവസം ഒരു പണിയുമില്ലാതെ കയിലും കുത്തി കാത്തിരുന്നിട്ടുണ്ട്. അവസാനം തീരുമാനിച്ചു, ഇതു പറ്റിയ പണിയല്ലെന്ന്. എന്റെ ജീവിതം പത്രപ്രവർത്തനം തന്നെയായിരുന്നു. പറ്റുന്ന ചിലരുമായി പിന്നീടു സഹകരിച്ചു സിനിമ എഴുതിയിട്ടുണ്ട്.

 

മുണ്ടശ്ശേരിയുടെ കേട്ടെഴുത്തുകാരനായിരുന്നു?

 

മുണ്ടശ്ശേരി മാഷും എംആർബിയും എന്നെ കേട്ടെഴുത്തുകാരനായി കണ്ടിരുന്നു. എത്രയോ ലേഖനങ്ങൾ എഴുതിയെടുത്തതു ഞാനാണ്. അതിനായി അവർക്കൊപ്പം എത്രയോ യാത്രകൾ ചെയ്തു.

അവരുടെ സംസാരം കേട്ടു, പ്രസംഗം കേട്ടു, ജീവിതം കണ്ടു. കാവാലം, കുട്ടിക്കൃഷ്ണ മാരാർ, ഒളപ്പമണ്ണ, എംആർബി, രാമു കാര്യാട്ട് തുടങ്ങിയവർക്കൊപ്പമുള്ള യാത്രകളാണ് എന്നെ ഞാനാക്കിയത്.

 

കമ്യൂണിസ്റ്റുകാരനായി അവിഭക്ത പാർട്ടിയുടെ പത്രമായ നവജീവനിൽ പത്രാധിപരായാണു ജീവിതം തുടങ്ങുന്നത്. പക്ഷേ ഇപ്പോഴെത്തിനിൽക്കുന്നതു പരമ ഭക്തനിലും. ഇതെങ്ങനെ സംഭവിച്ചു?

 

മുത്തശ്ശി വിവാഹം ചെയ്തതു പരമ സ്വാത്വികനായ ഒരു തന്ത്രിയെയാണ്. അവിടെനിന്നു വന്നതാകാം ജീവിതത്തിന്റെ ജീൻ. ശരിക്കു നോക്കിയാൽ ഇതൊന്നും വലിയ അകലത്തിൽ നിൽക്കുന്ന കാര്യങ്ങളല്ലല്ലോ. എല്ലാം സമർപ്പണമാണ്. എത്രയോ പേർ പുത്ര വാത്സല്യത്തോടെയും സഹോദര സ്നേഹത്തോടെയും എന്നെ കൂടെ നിർത്തി. അതുതന്നെയാണു മോക്ഷം.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com