ADVERTISEMENT

ഇന്നലെ ആദ്യമായി കൊച്ചപ്പേട്ടനെ കളഭ സുഗന്ധമില്ലാതെ കണ്ടു. നാളികേര മുറിയിൽ കത്തിച്ചുവച്ച എണ്ണത്തിരിയുടേയും ചന്ദനത്തിരിയുടേയും റീത്തിലെ പൂക്കളുടേയും മണമാണ് അവിടെയുണ്ടായിരുന്നത്. ഗുരുവായൂരപ്പന്റെ കളഭ സുഗന്ധമില്ലാതെ ആദ്യമായാണു കൊച്ചപ്പേട്ടനെ കാണുന്നത്. ആശുപത്രി കിടക്കയിൽപോലും ആ സുഗന്ധമുണ്ടായിരുന്നു. കളഭം തൊട്ടതുകൊണ്ടു മാത്രമല്ല, സംസാരത്തിലും എവിടെയെങ്കിലും ഗുരുവായൂരപ്പനുണ്ടാകുമായിരുന്നു.

 

കണ്ടു നമസ്കരിച്ചു പോരുമ്പോൾ കാണേണ്ടിയിരുന്നില്ല എന്നു തോന്നി. ഇതിനു മുൻപും അതുപോലെ തോന്നിയിട്ടുണ്ട്. കൊച്ചപ്പേട്ടന്റെ മരുമകൻ മരിച്ച ശേഷം ഗുരുവായൂർ സത്രത്തിലെ ചെറിയ മുറിയുടെ വരാന്തയിൽവച്ചു കണ്ടപ്പോഴായിരുന്നു അത്. കുറെ നേരം മുഖത്തു നോക്കാതെ ഇരുന്നു. മരണം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിരുന്നു. എന്നിട്ടും എന്തെങ്കിലും ചോദിക്കാൻ ധൈര്യമുണ്ടായിരുന്നില്ല. എന്തെങ്കിലും സംസാരിക്കേണ്ടേ എന്നു കരുതി ചോദിച്ചു,

 

‘കൊച്ചപ്പേട്ടൻ അമ്പലത്തിൽ പോയില്ലേ?’ പോയി. ഒരു തവണ പോയി. അയാളോടൊന്നു ചോദിക്കണമല്ലോ. കുറച്ചു നേരം മിണ്ടാതിരുന്ന ശേഷം വീണ്ടും സംസാരിച്ചു. ഞാ‍ൻ അയാളോട് ചോദിച്ചു, താൻ എന്തിനാ എന്നോട് ഇത് ചെയ്തതെന്ന്. തനിക്കതു ചെയ്തപ്പോൾ സന്തോഷമായോ എന്നും.

 

കൊച്ചപ്പേട്ടൻ പറയുന്നതു ഗുരുവായൂരപ്പനെക്കുറിച്ചാണ്. ഗുരുവായൂരിലെ കഴകക്കാരിൽ പലർക്കും ഗുരുവായൂരപ്പൻ വീട്ടിലെ ഒരാളാണ്.അത്രയേറെ അടുപ്പമുള്ള ഒരാൾ, എന്തും തുറന്നു പറയാനുള്ള ഒരാൾ, ദേഷ്യപ്പെടാനും തർക്കിക്കാനുമുള്ള കൂടെ നടക്കുന്ന ഒരാൾ, പലരും ഗുരുവായൂരപ്പനെ വിളിക്കുന്നതു മൂപ്പരെന്നാണ്. വീട്ടിലെ ഒരാളെ അങ്ങനെ വിളിച്ചാൽ മതിയല്ലോ. മരിച്ചുപോയ ചന്ദ്രേട്ടനും ചൊവ്വല്ലൂരും ഇപ്പോഴത്തെ കഴകക്കാരിൽ ഒരാളായ ശേഖരേട്ടനുമെല്ലാം അങ്ങനെ കരുതുന്നവരി‍ൽ പെടും.

 

മരുമകൻ മരിച്ചു കുറച്ചു ദിവസത്തിനു ശേഷമാണു കൊച്ചപ്പേട്ടൻ നടയിലെത്തി മണ്ഡപത്തിനടുത്തുനിന്നു ഗുരുവായൂരപ്പനോടു മുഖാമുഖം ചോദിച്ചു മടങ്ങിയത്. തീവ്ര ദുഖത്തിൽനിന്നും കരകയറിയത് അങ്ങനെയാകും. ഞാനിതു ചോദിച്ചുവെന്നു കൊച്ചപ്പേട്ടൻ പറഞ്ഞതു ചിരിച്ചു കൊണ്ടാണ്. അകത്തൊരു അഗ്നി പർവതമുണ്ടായിരുന്നുവെന്നു അടുത്തിരിക്കുമ്പോഴറിയാം. അപ്പോഴും കൊച്ചപ്പേട്ടനു മധുരമായി ചിരിക്കാൻ കഴിഞ്ഞു. അന്നും തോന്നി കാണേണ്ടിയിരുന്നില്ലെന്ന്.

 

ചൊവ്വല്ലൂർ സർ മുതിർന്ന പത്രാധിപരിൽ ഒരാളായിരുന്നു. എന്നിട്ടും അപൂർവമായേ സർ എന്നു വിളിച്ചിട്ടുള്ളു. കുട്ടിക്കാലം മുതലേ വിളിച്ചതു കൊച്ചപ്പേട്ടൻ എന്നാണ്. ഓഫിസിലെ പൊതു സദസ്സിൽ മാത്രം അപൂർവമായി സർ എന്നു വിളിച്ചു. അഞ്ചാം ക്ലാസിൽ പഠിപ്പിക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. എത്രയോ സിനിമകൾക്കു കൊച്ചപ്പേട്ടൻ എഴുത്തുകാരനായി. പക്ഷേ പേരുവച്ചില്ലെന്നു മാത്രം. സൗഹൃദത്തിനു വേണ്ടിയുള്ള പകരമെഴുത്തായിരുന്നു അത്. കഥകളിയുടേയും കൊട്ടിന്റേയും ലോകത്തു ജീവിച്ച പലരേയും കൊച്ചപ്പേട്ടനാണു അഭിമുഖങ്ങളിലൂടേയും ജീവിത കഥകളിലൂടേയും എഴുതി താരങ്ങളാക്കിയത്. അല്ലെങ്കിൽ അവരിൽ പലരും വെറും കളിക്കാരും കൊട്ടുകാരുമായി തീർന്നു പോയേനെ. എം.ആർ.ബിയുടേയും പ്രേജിയുടേയും പകർത്തിയെഴുത്തുകാരനായിരുന്നു കൊച്ചപ്പേട്ടൻ. മുണ്ടശ്ശേരി, സി.അച്യുത മേനോ‍ൻ, കെ.കരുണാകരൻ തുടങ്ങി എത്രയോ വലിയവരുടെ സഹയാത്രികൻ. ഒരാളോടും ഒന്നും ചോദിച്ചു വാങ്ങിയില്ല.

 

കമ്യൂണിസത്തിന്റെ തീച്ചൂളയിലാണു കൊച്ചപ്പേട്ടന്റെ യൗവ്വനകാലം ചുട്ടെടുത്തത്. പിന്നീടു പരമ ഭക്തനായി. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ പറഞ്ഞു, രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ലടോ. രണ്ടും സമർപ്പണം. എൺപതാം പിറന്നാൾ ദിവസം കൊച്ചപ്പേട്ടൻ പറഞ്ഞു, എനിക്ക് ഗുരുവായൂരപ്പന്റെ കഴകക്കാരായി നിൽക്കുന്നതാണ് ഏറ്റവും വലിയ പദവി. അതിലും വലിയ ഒന്നില്ല. 

 

ശീവേലിക്കു വിളക്കു പിടിച്ചുകൊണ്ടു ഗുരുവായൂരപ്പന്റെ മുന്നിൽ നടക്കുന്ന നെൽക്കതിരുപോലുള്ള ആ മനുഷ്യൻ ഇനിയില്ല. അടുത്തു വരുമ്പോൾ കളഭ സുഗന്ധമുള്ള ഒരാൾ കൂടി യാത്രയായി. ഇന്നലെ ഭൗതികശരീരത്തിന് അടുത്തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പത്നി സരസ്വതിയോപ്പോൾ കൈ പിടിച്ചു കൊണ്ടു പറഞ്ഞു, വിഷമിക്കേണ്ട, കൊച്ചപ്പേട്ടൻ ഇവിടെത്തന്നെ കാണും. വീണ്ടും കഭളഗന്ധം നിറയുന്നതുപോലെ തോന്നി. സരസ്വതിയോപ്പോൾ പറഞ്ഞതു ശരിയായിരിക്കും. ഇവിടെത്തന്നെ കാണും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com