ADVERTISEMENT

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറഞ്ഞ് സംഗീതസംവിധായകൻ കൈലാസ് മേനോൻ. മഴവിൽ മനോരമയിൽ നടൻ ജഗദീഷ് അവതാരകനായെത്തുന്ന ‘പണം തരും’ പടം വേദിയിൽ അതിഥിയായി എത്തിയതായിരുന്നു കൈലാസ്. ഒപ്പം ഭാര്യ അഡ്വ. അന്നപൂർണയും മകൻ സമന്യു രുദ്രയും അന്നപൂർണയുടെ അമ്മ ലേഖയും ഉണ്ടായിരുന്നു. ആദ്യമായി പരിചയപ്പെട്ടതു മുതലുള്ള കാര്യങ്ങളും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം കൈലാസും അന്നപൂർണയും വേദിയിൽ മനസ്സു തുറന്നു.  

 

‘ശ്രീഗോവിന്ദ് എന്ന പൊതുസുഹൃത്ത് വഴിയാണ് ഞങ്ങൾ പരിചയപ്പെട്ടത്. അങ്ങനെ സുഹൃത്തുക്കളായി. പരസ്പരം എല്ലാക്കാര്യങ്ങളും പങ്കുവയ്ക്കുമായിരുന്നു. വിവാഹപ്രായം എത്തിയപ്പോൾ തമ്മിൽ ഇത്രയും അറിയാവുന്ന ആളെ തന്നെ വിവാഹം കഴിക്കുന്നതല്ലേ നല്ലതെന്നു തോന്നി. സംഗീതത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന ആൾ ആണ് അന്നപൂർണ. ‌മാത്രവുമല്ല, ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും വലിയ അടുപ്പം ഉണ്ടായിരുന്നു. 

 

ഞാൻ ഇഷ്ടം തുറന്നു പറഞ്ഞാൽ എന്ത് മറുപടിയായിരിക്കും കിട്ടുകയെന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം മുൻപൊരിക്കലും ഞങ്ങൾ തമ്മിൽ അത്തരം സംസാരങ്ങളൊന്നും നടത്തിയിട്ടില്ല. ഞാൻ അന്ന് സിനിമയിൽ എത്തിയിട്ടില്ല. പരസ്യങ്ങൾക്കു വേണ്ടിയാണ് സംഗീതമൊരുക്കിയിരുന്നത്. സ്ഥിരവരുമാനമില്ലാത്ത ജോലി ആയിരുന്നതുകൊണ്ടുതന്നെ ഇഷ്ടം പറഞ്ഞാൽ സമ്മതിക്കുമോ, വീട്ടിൽ അത് പ്രശ്നമാകുമോ എന്നൊരു സംശയം ഉള്ളിൽ തോന്നി. പക്ഷേ അവതരിപ്പിച്ചപ്പോൾ അന്നപൂർണ അക്ഷരാർഥത്തില്‍ ഞെട്ടി. 

 

വീട്ടിൽ ചോദിച്ചിട്ട് മറുപടി പറയാമെന്നായിരുന്നു പ്രതികരണം. ഒരുദിവസം അന്നപൂർണയുടെ അച്ഛൻ എന്നെ കാണണമെന്ന് ആവശ്യപ്പെടുകയും ഞാൻ പോയി കാണുകയും ചെയ്തു. മകൾ ഇഷടപ്പെട്ട് ഒരാളെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ആ തീരുമാനം ശരിയായിരിക്കുമെന്ന് തനിക്ക് അറിയാമെന്നായിരുന്നു അച്ഛൻ പറഞ്ഞത്. അങ്ങനെ വീട്ടുകാരുടെ പരിപൂർണ സമ്മതത്തോടെ ഞങ്ങൾ വിവാഹിതരായി.’, കൈലാസ് മേനോൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com