ADVERTISEMENT

വ്യായാമത്തെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ കാരണങ്ങൾ വെളിപ്പെടുത്തി ഗായിക റിമി ടോമി. ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ച് ഗായിക കുറിച്ച വാക്കുകൾ ആരാധകശ്രദ്ധ നേടുകയാണ്. ശരീരഭാരം കുറഞ്ഞിട്ടും വീണ്ടും ജിമ്മില്‍ പോകുന്നതെന്തിനാണെന്നുള്ള മറ്റുള്ളവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും ഗായിക കുറിപ്പിലൂടെ പറഞ്ഞുവയ്ക്കുന്നു. 

 

‘വ്യായാമം ജീവിതത്തിൽ ശീലമാക്കേണ്ടതാണ്. ഒന്നും വളരെ എളുപ്പത്തിൽ സംഭവിക്കുന്നതല്ല. ശരീരഭാരം കുറഞ്ഞിട്ടും പിന്നെ എന്തിനാണ് ദിവസവും ജിമ്മിൽ പോകുന്നതെന്ന് ഒരുപാട് ആളുകൾ എന്നോടു ചോദിച്ചു. ആ ചോദ്യം കേട്ട് മനസ്സു മടുത്തതുകൊണ്ട് ഒരു മറപടി പറയാമെന്നു കരുതി. ജിമ്മിൽ പോകുന്നത് ഭാരം കുറയ്ക്കാൻ വേണ്ടി മാത്രമല്ല, അതൊരു ദിനചര്യ ആണ്. 

 

പതിവ് വ്യായാമത്തിന്റെയും ശാരീരിക പ്രവർത്തനങ്ങളുടെയും ആരോഗ്യ ഗുണങ്ങൾ അവഗണിക്കാൻ പറ്റാത്തതാണ്. പ്രായ, ലിംഗ ഭേദമില്ലാതെ എല്ലാവർക്കും വ്യായാമത്തിൽ നിന്നും ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നു. അമിതഭാരം നിയന്ത്രിക്കാനും ഊർജം വർധിപ്പിക്കാനും വ്യായാമം സഹായിക്കുന്നു. അത് എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുന്നു. ആരോഗ്യത്തോടെയിരിക്കാൻ വ്യായാമം സഹായകരമാണ്. ഈ ശീലം വളരെ രസകരമായാണ് എനിക്കു തോന്നുന്നത്.

 

നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക. വ്യായാമത്തിലൂടെ ആരോഗ്യം സംരക്ഷിക്കുക വഴി ദീർഘകാലം ജീവിക്കാനുള്ള അവസരം കൂടിയാണ് നിങ്ങൾക്കു ലഭിക്കുന്നത്. ദൈനംദിനകാര്യങ്ങൾ ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്താൻ വ്യായാമത്തിനു കഴിയും. ഉത്കണ്ഠ, വിഷാദം തുടങ്ങിയവയെ നിയന്ത്രിക്കാനും നന്നായി ഉറങ്ങാനും ഇത് വളരെ സഹായകരമാണ്’, റിമി ടോമി കുറിച്ചു. 

 

റിമിയുടെ മേക്കോവർ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായതാണ്. ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com