ADVERTISEMENT

വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് പിറന്നാൾ സ്നേഹവുമായി ഗായിക രാജലക്ഷ്മി. ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്ന സിനിമയിൽ ചിത്ര ആലപിച്ച ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന പാട്ടിന്റെ കവർ പതിപ്പാണ് രാജലക്ഷ്മി ഒരുക്കിയിരിക്കുന്നത്. യഥാർഥ പാട്ടിന്റെ തനിമ ചോരാതെയുള്ള ഗായികയുടെ ആലാപനം ഇതിനകം ആരാധകഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രയുടെ എല്ലാ പിറന്നാളിനും പതിവ് തെറ്റാതെ സ്നേഹസമ്മാനമായി പാട്ടുമായി രാജലക്ഷ്മി എത്താറുണ്ട്. 

 

‘ചിത്ര ചേച്ചി എനിക്കെന്റെ മാനസഗുരുവാണ്. വ്യക്തി എന്ന നിലയിലും ഗായിക എന്ന നിലയിലും എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് ചേച്ചിയാണ്. ചിത്ര ചേച്ചിയുടെ അനുഗ്രഹത്തോടുകൂടി മാത്രമേ ഞാൻ പുതിയ കാര്യങ്ങളോരോന്നും ചെയ്യാറുള്ളു. ചേച്ചിയോട് എനിക്കെന്നും ആരാധനയാണ്. ചിത്ര ചേച്ചി എന്നെ സ്വന്തം അനിയത്തിക്കുട്ടിയെപ്പോലെയാണു കരുതുന്നത്. അതൊക്കെ വലിയ ഭാഗ്യമായി കണക്കാക്കുന്നു. 

 

എല്ലാ വർഷവും ചേച്ചിക്ക് പിറന്നാൾ സമ്മാനമായി ഞാൻ ഇത്തരത്തിൽ പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട്. ചേച്ചിക്കുള്ള എന്റെ സ്നേഹസമർപ്പണമാണിത്. ചിത്ര ചേച്ചിയുടെ ആദ്യകാലത്തുള്ള പാട്ടുകളിലൊന്നാണ് ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’. എന്റെ കുട്ടിക്കാലത്ത് ഈ ഗാനം അമ്മ ആവർത്തിച്ചു പാടിത്തരുമായിരുന്നു. അന്നുമുതൽ എനിക്ക് ഈ പാട്ടിനോടു വല്ലാത്ത അടുപ്പമുണ്ട്. ഇത്തവണ ചിത്ര ചേച്ചിയുടെ പിറന്നാളിന് ഈ പ്രിയഗാനം പാടമെന്നു കരുതി. അങ്ങനെയാണ് കവർ ഗാനം ഒരുക്കിയത്’, പാട്ടുവിശേഷം രാജലക്ഷ്മി മനോരമ ഓൺലൈനിനോടു പങ്കുവച്ചു.

 

രാജലക്ഷ്മിയുടെ പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സച്ചിൻ ബി.ജിയാണ് പാട്ടിനു വേണ്ടി കീബോർഡിൽ ഈണമൊരുക്കിയത്. ജെയിംസ് അനോസ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. നബേന്ദു ആർ തമ്പി ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. 

 

ബിച്ചു തിരുമലയുടെ വരികള്‍ക്ക് ജെറി അമൽദേവ് ഈണമൊരുക്കിയ ഗാനമാണ് ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’. തലമുറകൾ നെഞ്ചേറ്റിയ ഈ ഗാനം മലയാളിമനസ്സിലെന്നും ഗൃഹാതുര സ്മരണകൾ ഉണർത്തുന്നതാണ്. പാട്ടിന് ഇന്നും ആരാധകർ ഏറെ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com