താളം ഉള്ള ആൾ താളം തെറ്റിയ രീതിയിൽ അഭിനയിച്ചു തകർക്കുന്നു, പാട്ട് കേട്ടത് അഭിമാനത്തോടെ: ഔസേപ്പച്ചൻ

ouseppachan-devadoothar
SHARE

‘ദേവദൂതർ പാടി

സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ

ചൂടിയാടും നിലാവിൽ...’

ഈ വരികൾ കേട്ടാൽ ഉത്സവപ്പറമ്പിൽ കാണികൾക്കിടയിൽ നിന്ന് ആറാടുന്ന ചാക്കോച്ചനെ ആണ് ഇപ്പോൾ പലർക്കും ഓർമ വരുന്നത്. പുറത്തിറങ്ങി ഒന്നര ദിവസം പിന്നിട്ടപ്പോഴേയ്ക്കും പാട്ട് വാരിക്കൂട്ടിയത് അരക്കോടിയോളം പ്രേക്ഷകരെ! 1985ൽ പുറത്തിറങ്ങിയ ‘കാതോടു കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതർ പാടി’ എന്ന ഗാനം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും പ്രേക്ഷകർക്കരികിൽ എത്തിയിരിക്കുന്നത്. ഒഎൻ‌വിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണമൊരുക്കിയ ഗാനം അന്ന് സിനിമയ്ക്കായി പാടിയത് യേശുദാസ്. ഇന്ന് ബിജു നാരായണന്‍. പതിറ്റാണ്ടുകൾക്കു മുന്നേ തലമുറകളൊന്നായി ഏറ്റുപാടിയ ദേവദൂതരുടെ പാട്ട് ഇന്നും പ്രേക്ഷകർ ഉത്സവഗീതമായി നെഞ്ചോടു ചേർക്കുന്നു. കാലമെത്ര കഴിഞ്ഞുപോയാലും പുതുമയോടെ നിലനിൽക്കുന്ന ആ ഈണത്തിനു പിന്നിലെ മാന്ത്രികൻ ഔസേപ്പച്ചൻ മനോരമ ഓൺലൈനിനൊപ്പം. 

‘ഞാൻ മുപ്പത്തിയേഴ് വർഷം മുൻപ് ഭരതേട്ടന്റെ ‘കാതോട് കാതോരം’ എന്ന ചിത്രത്തിനു വേണ്ടി ചെയ്ത പാട്ടാണ് 'ദേവദൂതർ പാടി'. പാട്ടിന്റെ തനിമ ചോരാതെ അത് പുനഃസൃഷ്ടിച്ചു വൈറലായി കാണുന്നതിൽ വളരെയധികം സന്തോഷം തോന്നുന്നു. എല്ലാ സംഗീതസംവിധായകർക്കും അവരുടെ കാലഘട്ടത്തിൽ ഏറ്റവും ഉന്നതിയിൽ എത്തുന്ന ഒരു സമയം ഉണ്ടാകും. രവീന്ദ്രൻ, ജോൺസൺ, മോഹൻ സിത്താര, ജയചന്ദ്രൻ, ഗോപിസുന്ദർ തുടങ്ങി എല്ലാവർക്കും അവരുടേതായ സമയത്ത് ഏറ്റവും ഉയർച്ചയുള്ള സമയം ഉണ്ടായിട്ടുണ്ട്. ഞാൻ ഒരിക്കലും അത്തരം ഒരു സംഗീതസംവിധായകൻ അല്ല. ഇടക്കിടെ സിനിമ ചെയ്യും. ചിലപ്പോൾ അത് ഹിറ്റ് ആകും. അങ്ങനെ വലിയ ഏറ്റക്കുറച്ചിൽ ഒന്നുമില്ലാതെ സന്തുഷ്ടനായി പോയിക്കൊണ്ടിരിക്കുന്ന ആൾ ആണ് ഞാൻ. അതുകൊണ്ട് ഉന്നതിയിൽ എത്തിയിട്ട് വീണ്ടും താഴെ വരുന്ന ഒരു സങ്കടം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. വലിയ ഉയരങ്ങളിലേക്കു ഞാൻ ഒരിക്കലും പോയിട്ടില്ല. ചില പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. അതിൽ സന്തോഷിക്കുന്നു. ഇപ്പോൾ ആരാണ് ഹിറ്റ് മ്യൂസിക് ഡയറക്ടർ എന്നു ചോദിച്ചാൽ ഔസേപ്പച്ചൻ ആണ് എന്ന് പറയിപ്പിച്ചിട്ടില്ല. എന്റെ സംഗീതജീവിതം തുടങ്ങിയിട്ട് 44 വർഷത്തോളമായി. അന്നു മുതൽ ഇന്നുവരെ ഒരേ സ്റ്റാറ്റസിൽ നിൽക്കുന്ന സംഗീതസംവിധായകനായി തുടർന്നു പോകാൻ കഴിയുന്നുണ്ട്. അതാണ് ഏറ്റവും വലിയ അനുഗ്രഹമെന്നു കരുതുന്നു. ഇടയ്ക്കിടെ നാം ചെയ്ത പാട്ടുകൾക്ക് ജനങ്ങളുടെ അംഗീകാരം കിട്ടുന്നത് വളരെ വലിയ കാര്യമാണ്. വലിയ ഉയരങ്ങളിലേക്ക് എത്തിയിട്ടില്ലെങ്കിലും ഇടയ്ക്കിടെ ഇങ്ങനെ ചില സന്തോഷങ്ങൾ ദൈവം എനിക്ക് തരാറുണ്ട്. ആ അവസ്ഥയെ ഞാൻ ഏറ്റവും സന്തോഷത്തോടെ സ്വീകരിക്കുന്നു.

ഈ പാട്ട് എനിക്ക് സിനിമയുടെ അണിയറപ്രവർത്തകർ അയച്ചു തന്നു. അത് കേട്ടപ്പോൾ ഞാൻ റെക്കോർഡ് ചെയ്ത പാട്ടുതന്നെ ആണ് എന്നാണു തോന്നിയത്. പക്ഷേ വ്യക്തത കൂടുതലുണ്ട്. 37 വർഷം മുൻപ് റെക്കോർഡ് ചെയ്ത പാട്ടിന് കാലക്രമേണ വ്യക്തത കുറയുമല്ലോ. ഇത് അങ്ങനെയല്ല. പുതുമയോടെയിരിക്കുന്നു. ആദ്യകാലത്ത് ചെയ്ത പാട്ടുകളിൽ ഒന്നാണിത്. ഈ പാട്ടിനു വേണ്ടി ഞാൻ കൂടുതൽ സമയം ചിലവഴിച്ചിട്ടുണ്ട്. ഗായകരെയും സംഗീതോപകരണം കൈകാര്യം ചെയ്യുന്നവരെയും ഒരുമിച്ചു കൊണ്ടുവന്നു റെക്കോർഡ് ചെയ്തെടുത്തതാണ്. പാട്ടിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാമായിരുന്നിട്ടും ഇപ്പോൾ അത് പുതിയതായി ചെയ്തതാണെന്നു മനസ്സിലായില്ല. യഥാർഥ പാട്ടിനെ മുറിവേൽപ്പിക്കാതെയാണ് ഇത് പുനഃരാവിഷ്കരിച്ചിരിക്കുന്നതെന്നു നൂറുശതമാനം ഉറപ്പിച്ചു പറയാനാകും. 

പാട്ടിനു പിന്നിൽ പ്രവർത്തിച്ചവരെല്ലാം പിൽക്കാലത്ത് വളരെ മികവുറ്റ സംഗീതജ്ഞന്മാരായി. ഡ്രംസ് വായിച്ചിരുന്നത് ശിവമണി ആണ്. ഗിറ്റാറിൽ ഈണമൊരുക്കിയത് പ്രഗത്ഭനായ ജോൺ ആന്റണി. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം ഇന്നും തീരാനഷ്ടം തന്നെ. അന്ന് ദിലീപ് എന്ന് അറിയപ്പെട്ടിരുന്ന എ.ആർ.റഹ്മാൻ ആണ് പാട്ടിന്റെ ഭാഗമായ മറ്റൊരാൾ. കാക്കി ട്രൗസറും ടീ ഷർട്ടുമിട്ട് സ്കൂൾ വിട്ടു സ്റ്റുഡിയോയിൽ വന്ന് അദ്ദേഹം കീബോർഡ് വായിച്ച പാട്ടാണിത്. 

എന്റെ റെക്കോർഡിങ്ങിൽ ഏറ്റവും മികച്ച സംഗീതജ്ഞമാരെ കൊണ്ടുവരുക എന്നുള്ളത് എന്റെ പാഷൻ ആയിരുന്നു. ഓർക്കസ്ട്ര വച്ച് ഞങ്ങൾ പാട്ട് ചെയ്തു. ദാസേട്ടൻ ആണ് പാടിയത്. അത് ഗംഭീരമായിരുന്നു. പിന്നീട് ഷൂട്ടിങ്ങിനിടയിൽ ഭരതേട്ടൻ വന്ന്, സിനിമയ്ക്കു വേണ്ടി വേറൊരു തരത്തിൽ പാട്ട് ചെയ്യാമെന്നു പറഞ്ഞു. അങ്ങനെ രണ്ടാമത് ചെയ്ത പാട്ടാണ് അത്. സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടതിനാൽ ഏറ്റവും കുറഞ്ഞ ചിലവിൽ ആണ് രണ്ടാം തവണ റെക്കോർഡ് ചെയ്തത്. ഞാൻ തന്നെ കണ്ടക്ട് ചെയ്ത്, ഞാൻ തന്നെ ഇലക്ട്രിക് വയലിനും വായിച്ചു. ഇപ്പോൾ ഈ പാട്ടിൽ വയലിൻ വായിച്ച പയ്യൻ കാരൾ ജോർജ്ജ് മികച്ച കഴിവുള്ള കലാകാരനാണ്. എന്റെ വയലിൻ ഈണമാണ് ഉപയോഗിച്ചതെന്നു ഞാൻ തെറ്റിദ്ധരിച്ചു. ശ്രദ്ധച്ചപ്പോഴാണ് അങ്ങനെയല്ലെന്നു മനസ്സിലായത്. എത്രത്തോളം സൂക്ഷ്മമായാണ് പിന്നണിക്കാർ ഈ പാട്ടിനെ പുനഃരാവിഷ്കരിച്ചത്. എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു. ഞാൻ അഭിമാനത്തോടെയാണ് പാട്ട് കേട്ടത് 

ചാക്കോച്ചന്റെ ഡാൻസിന് ഇന്റർനാഷനൽ സ്റ്റാൻഡേർഡ് ഉള്ളതായി തോന്നി. കള്ളുകുടിച്ച് മത്തായിട്ട് ഡാൻസ് ചെയ്യുന്നവർക്ക് ഒരിക്കലും പെർഫെക്ട് താളത്തിൽ ചെയ്യാൻ പറ്റില്ല. അവരുടെ ടെമ്പോ കുറച്ച് പതിയെ ആയിരിക്കും. പക്ഷേ വലിയ ഭാവവും ആസ്വാദനവുമായിരിക്കും. പാട്ടിന്റെ ചടുല താളത്തിനൊപ്പം വലിഞ്ഞു വലിഞ്ഞു പോകുന്ന രീതിയിൽ സ്വാഭാവികമായി ആണ് അദ്ദേഹം കളിച്ചത്. ചാക്കോച്ചൻ നല്ല താളബോധമുള്ള കലാകാരൻ ആണ്. താളം ഉള്ള ഒരാൾ കുടിച്ച് താളം തെറ്റിയ രീതിയിൽ അഭിനയിച്ചു തകർക്കുകയാണ്. വളരെ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ഞാൻ ഇതു പറയുന്നത്. എങ്ങനെയാണ് അവർ ഇത് ചെയ്തിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. പാട്ടിന്റെ ആത്മാവിന് കോട്ടം തട്ടാതെ വളരെ ഒറിജിനൽ ആയി അത് പുനഃസൃഷ്ടിച്ചിട്ടുണ്ട്. അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. 

37 വർഷത്തിനു മുൻപ് ചെയ്ത പാട്ടാണ് ദേവദൂതർ പാടി. പക്ഷേ ഈ പാട്ട് എന്റെ മനസ്സിൽ രൂപപ്പെട്ടിട്ട് അൻപത് കൊല്ലം ആയിട്ടുണ്ടാകും. എന്റെ കൗമാരകാലത്ത് ഞാൻ സ്വന്തമായി കംപോസ് ചെയ്ത് വയലിനിൽ വായിച്ച ബിറ്റ് ആണ് ഇത്. അമേരിക്കൻ ഫോക്ക് ശൈലിയിലുള്ള ആ ബിറ്റ് വായിക്കുന്നത് എനിക്കൊരു രസമായിരുന്നു. ‌അതിനു ശേഷം സിനിമയുടെ ചർച്ചകൾ വരികയും എന്തെങ്കിലും വായിക്കാൻ പറഞ്ഞപ്പോൾ ഞാൻ അത് ആരവത്തിൽ വായിക്കുകയും ചെയ്തു. അത് ഇഷ്ടപ്പെട്ടിട്ടാണ് 1985 ൽ ഭരതേട്ടൻ അതൊരു പാട്ടായി രൂപം കൊടുക്കാൻ പറഞ്ഞത്. അങ്ങനെ അത് കാതോട് കാതോരത്തിലെ പാട്ടായി മാറി’, ഔസേപ്പച്ചൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}