പാട്ട് പാടി വിഡിയോ പങ്കിട്ട് യുവതാരം അഹാന കൃഷ്ണ. രൺബീർ കപൂർ ചിത്രം ബ്രഹ്മാസ്ത്രയിലെ ‘കേസരിയാ’ എന്ന ഗാനമാണ് അഹാന ആലപിച്ചത്. ഒരുപാട് പോസ്റ്റിവിറ്റി നിറഞ്ഞ ഈ ഗാനം പാടാതിരിക്കാൻ കഴിയുന്നില്ലെന്നു കുറിച്ചാണ് അഹാന പാട്ട് വിഡിയോ പങ്കുവച്ചത്.
ചുരുങ്ങിയ സമയത്തിനകം അഹാനയുടെ പാട്ട് ശ്രദ്ധ നേടിക്കഴിഞ്ഞു. ആരാധകർ ഉൾപ്പെടെ നിരവധി പേരാണു പ്രശംസയറിയിച്ചു രംഗത്തെത്തിയത്. അമ്മ സിന്ധു കൃഷ്ണയും വിഡിയോയ്ക്കു താഴെ കമന്റിട്ടു. ഗായികയെന്ന നിലയിൽ നേരത്തേ ശ്രദ്ധ നേടിയിട്ടുണ്ട് അഹാന. മുൻപും നടി പങ്കുവച്ച പാട്ട് വിഡിയോകൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
സമൂഹമാധ്യമങ്ങളിലെ റീൽ വിഡിയോകളിൽ നിറഞ്ഞുനിൽക്കുന്ന ഗാനമാണ് ‘കേസരിയാ’. അർജിത് സിങ് ആണ് ‘ബ്രഹ്മാസ്ത്ര’യ്ക്കു വേണ്ടി ഈ ഗാനം ആലപിച്ചത്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് പ്രിതം ഈണമൊരുക്കി. രൺബീർ കപൂർ–അമിതാഭ് ബച്ചൻ–ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയൻ മുഖർജി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’.