ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ഉയരുന്ന അപവാദപ്രചാരണങ്ങളോടു രൂക്ഷമായി പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്. കഴിഞ്ഞ കുറച്ചുകാലമായി തന്നെ ലക്ഷ്യം വച്ച് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുയാണെന്നും പലതിനോടും മുഖം തിരിച്ചിട്ടും ഈ രീതി തുടർന്നതിനാലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും രഞ്ജിനി പറഞ്ഞു. ഇത്തരത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പടച്ചുവിടുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഗായിക പറയുന്നു.  

 

രഞ്ജിനിയുടെ വാക്കുകൾ

 

‘സെലിബ്രിറ്റികളെക്കുറിച്ച് ഗോസിപ്പുകൾ എഴുതാനും അതു വായിക്കാനും ചിലർക്ക് പ്രത്യേക രസമാണ്. പക്ഷേ ഒരു കാര്യം ഓർക്കുക. ഞങ്ങളും മനുഷ്യരാണ്. നിങ്ങളെപ്പോലെ തന്നെ ജീവിക്കുന്നവർ. കുറച്ചു മാസങ്ങളായി എന്നെ ലക്ഷ്യം വച്ച് എന്തിനാണ് ഇത്തരം മോശം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നു മനസ്സിലാകുന്നില്ല. ഇതിനു മുൻപേ വന്നതൊക്കെ ഞാൻ ഒഴിവാക്കിവിട്ടു. പ്രതികരിക്കേണ്ടെന്ന് എന്റെ അടുത്ത സുഹൃത്തുക്കളും പറഞ്ഞു. ഇതുവരെ എല്ലാത്തിനോടും കണ്ണടച്ചെങ്കിലും എപ്പോഴും അത് പറ്റില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്. 

 

ഒരു ആണിന്റെ കൂടെ നിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങൾ തമ്മിൽ ബന്ധം ഉണ്ടെന്നും വിവാഹിതരാകാൻ പോവുകയാണെന്നുമല്ല അതിന്റെ അർഥം. എന്റെ സ്വന്തം ചേച്ചിയെപ്പോലെ കാണുന്ന ആളുടെ കൂടെയുള്ള ഫോട്ടോ പുറത്തു വന്നപ്പോൾ ഞങ്ങൾ തമ്മിൽ വിവാഹം കഴിക്കുകയാണെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. ‘ഇവര്‍ ലെസ്ബിയൻസ് ആണോ?’ എന്ന തലക്കെട്ടോടെ ഒരു മാധ്യമം വാർത്ത കൊടുത്തു. സ്വവർഗാനുഗാരം കേരളത്തിൽ സാധാരണയായി മാറിയെങ്കിലും എല്ലായിടത്തും ഇതെടുത്ത് വിതറുന്നത് എന്തിനാണ്? നിങ്ങളുടെ വീട്ടിൽ സഹോദരങ്ങളില്ലേ? നിങ്ങൾക്കു സുഹൃത്തുക്കളില്ലേ? എല്ലാവരും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം ലൈംഗികതയാണോ? ഇത്രയും ഇടുങ്ങിയ ചിന്തയോടെയാണോ നിങ്ങൾ വളർന്നുവന്നിരിക്കുന്നത്. വൃത്തികേടുകൾ എഴുതുന്നതിന് ഒരു പരിധിയില്ലേ? ഞങ്ങളുടെ വായിൽ നിന്ന് എപ്പോഴെങ്കിലും അത്തരത്തിലൊരു കാര്യം പുറത്തുവന്നിട്ടുണ്ടോ? എന്തിനാണ് മനഃപൂർവം കരിവാരിത്തേയ്ക്കുന്നത്? 

 

ഇത്തരം അപവാദ പ്രചാരണങ്ങൾ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാൻ ഒരു നിയമം ഉണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മുൻപ് പല കലാകാരന്മാരും ഇതേ സാഹചര്യങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊക്കെ അവരെ മാനസികമായി തളർത്തിയിട്ടുമുണ്ട്. എനിക്ക് പ്രതികരിക്കണെന്നു തോന്നിയതുകൊണ്ടാണ് ഞാൻ ഈ വിഡിയോ പോസ്റ്റ് ചെയ്യുന്നത്. എനിക്ക് നാട്ടുകാരോടു കൂടിയാണ് ചോദിക്കാനുള്ളത്. ഇത്തരം പ്രചാരണങ്ങളിലൂടെ നിങ്ങൾക്ക് എന്താണ് കിട്ടുന്നത്? നിങ്ങളെയാണ് മറ്റുള്ളവർ മാനസികമായി ചൂഷണം ചെയ്യുന്നതെങ്കിൽ എന്തായിരിക്കും അവസ്ഥ? നിങ്ങൾക്കു വിഷമം ഉണ്ടാകില്ലേ? അതുപോലെതന്നെയല്ലേ ഞങ്ങളും. കേരളത്തിന്റെ സംസ്കാരം ഇതാണോ? എന്തുകൊണ്ടാണ് ഇത്രയും മോശമായി മറ്റുള്ളരെ ചിത്രീകരിക്കുന്നത്. 

 

വായിൽ വരുന്നതു മുഴുവൻ എഴുതി പ്രചരിപ്പിക്കുന്നതിനെതിരെ ഒരു നിയമം വരണം എന്നാണ് എനിക്കു പറയാനുള്ളത്. ഇതെന്റെ നിലപാടാണ്. ഞാൻ ഈ പറഞ്ഞതിനോട് നിങ്ങൾക്കു പ്രതികരിക്കാം. എന്തെങ്കിലും മോശമായി കമന്റിട്ടാൽ തേടിക്കണ്ടുപിടിക്കും ഞാൻ. യാതൊരു ദയയും കാണിക്കില്ല. രണ്ടാമതൊന്നുകൂടി ആലോചിച്ച ശേഷം അത്തരം കമന്റുകളെഴുതിയാൽ മതി. എല്ലാവരുടെയും ക്ഷമയ്ക്കൊരു പരിധിയുണ്ട്. കോവിഡിന്റെ സമയത്ത് എല്ലാവരും ഒരുപാട് കഷ്ടപ്പെട്ടു. ഇപ്പോൾ എങ്ങനെയെങ്കിലും ജീവിതത്തിലേയ്ക്കു തിരികെ വരാൻ നോക്കുന്നു. അപ്പോഴാണ് ഇത്തരം കാര്യങ്ങളുടെ പ്രചാരണം. ഇതാണോ മനുഷ്യപ്പറ്റ്? കഷ്ടം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com