സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ബംഗ്ലാദേശി ഗായകൻ ഹീറോ അലോമിനെ പാട്ട് പാടുന്നതിൽ നിന്നു വിലക്കി പൊലീസ്. ഇയാളുടെ പാട്ട് കേട്ട ചിലർ പരാതി നൽകിയതിനെത്തുടർന്നാണ് ഇനി മേലിൽ പാടരുതെന്ന് പൊലീസ് താക്കീത് ചെയ്തത്.
രബീന്ദ്രനാഥ ടാഗോറിന്റേയും ബംഗ്ലാദേശി കവി കാസി നസ്‌റുൽ ഇസ്‌ലാമിന്റേയും ക്ലാസ്സിക് കവിതകൾ അലോം പാടി മോശവും വികൃതവുമാക്കിയെന്നാണ് ആരോപണം. പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് തന്നെ കൂട്ടിക്കൊണ്ടുപോയി സ്റ്റേഷനിൽ 8 മണിക്കൂർ പിടിച്ചു നിർത്തിയെന്നും എന്തിനാണ് ടാഗോറിന്റേയും നസ്‌റുലിന്റേയും കവിതകൾ ആലപിക്കുന്നതെന്നു ചോദിച്ചെന്നും ഹീറോ അലോം പറയുന്നു. പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഗായകനാകാൻ താൻ യോഗ്യനല്ലെന്നു പറഞ്ഞ് മാപ്പപേക്ഷ എഴുതി ഒപ്പിട്ട് വാങ്ങിയെന്നും ഇയാൾ ആരോപിക്കുന്നു.
അതേസമയം ഗായകന്റെ ആരോപണങ്ങൾ പാടേ നിഷേധിച്ച് പൊലീസും രംഗത്തെത്തി. വൈറൽ ആകാൻ വേണ്ടിയാണ് ഇയാൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസിന്റെ വിശദീകരണം.
പാട്ട് പാടി സമൂഹമാധ്യമലോകത്ത് നിരവധി ആരാധകരെ സൃഷ്ടിച്ച ഗായകനാണ് ഹീറോ അലോം. യൂട്യൂബിൽ ഒന്നര ദശലക്ഷം ഫോളോവേഴ്സ് ആണ് ഇദ്ദേഹത്തിനുള്ളത്. ഫെയ്സ്ബുക്കിൽ 2 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള അലോം, നിരന്തരം പാട്ടുകൾ പാടി വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്.