‘പ്രതിഫലം പകുതി പോലും കിട്ടിയിരുന്നില്ല അദ്ദേഹത്തിന്, പക്ഷേ’; ജോൺസൺ മാഷിനെ ഓർത്ത് വേണുഗോപാൽ

Venogopa-johnson
SHARE

ജോണ്‍സണ്‍ മാസ്റ്ററുമൊത്തുള്ള ആദ്യനിമിഷങ്ങള്‍ മുതല്‍ അവസാനകാഴ്ച വരെ ഓര്‍ക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയഗായകന്‍ ജി. വേണുഗോപാല്‍

ആദ്യമായി ജോണ്‍സേട്ടനെ കാണുന്നത് 1987-88 കാലത്താണ്. തിരുവനന്തപുരത്ത് ഊഴം എന്ന സിനിമയുടെ റെക്കോഡിങ് നടക്കുന്നു. അര്‍ജുനന്‍ മാസ്റ്ററുടെ പാട്ടാണ്. നൊട്ടേഷന്‍സ് എഴുതിയെടുത്ത് സോങ് കണ്ടക്റ്റ് ചെയ്യാന്‍ ചെന്നൈയില്‍ നിന്ന് അക്കാലത്തെ ഏറ്റവും തിരക്കുപിടിച്ച കംപോസര്‍ ആയ ജോണ്‍സേട്ടന്‍ തിരക്കുകളെല്ലാം മാറ്റിവച്ച് വന്നിരിക്കുകയാണ്. ഗുരുസ്ഥാനീയനായ അര്‍ജുനന്‍ മാസ്റ്റര്‍ക്കു വേണ്ടി. 

ജോണ്‍സേട്ടന്റെ ആ വരവ് ഇന്നും എനിക്ക് നല്ല ഓര്‍മയുണ്ട്. ദാസേട്ടന് പുക അലര്‍ജിയായതുകൊണ്ട് തരംഗിണി സ്റ്റുഡിയോയില്‍ എല്ലായിടത്തും 'നോ സ്‌മോക്കിങ്' ബോര്‍ഡ് വച്ചിരുന്നു. ആ ബോര്‍ഡിനു മുന്നിലൂടെ സിഗരറ്റ് വലിച്ചുകൊണ്ട് അതാ ജോണ്‍സേട്ടന്‍ നടന്നുവരുന്നു! ആ സിഗരറ്റില്‍ നിന്ന് ഓര്‍ക്കസ്ട്രയിലെ ഒരുപാടുപേര്‍ അന്ന് തീ പകര്‍ന്നു. ഭാഗ്യത്തിന് അന്ന് ദാസേട്ടന് സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നില്ല. ജോണ്‍സേട്ടന്‍ എന്നെ അന്ന് വലുതായിട്ട് മൈന്‍ഡ് ചെയ്തില്ല. 

ആ പാട്ട് കഴിഞ്ഞ് ജോണ്‍സേട്ടന്‍ പോയി. പിന്നെ ഞാന്‍ ആകാശവാണിയില്‍ ജോലിയിലുള്ളപ്പോള്‍ ഒരു ദിവസം ഒരു കോള്‍ ‍വരുന്നു. ജോണ്‍സേട്ടന്റെ മ്യൂസിക് അറേഞ്ചര്‍ ഗോവിന്ദന്‍ കുട്ടിയാണ്. മദ്രാസില്‍ ഒരു റെക്കോര്‍ഡിങ് ഉണ്ട്. പടത്തിന് പേരിട്ടിട്ടില്ല. ഐ. വി. ശശി ആണ് സംവിധായകന്‍. വൈകുന്നേരമുള്ള ഒരു മദ്രാസ് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. അവിടെ ചെല്ലുമ്പോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒരാള്‍ ജി. വേണുഗോപാല്‍ എന്ന പേരെഴുതിയ ബോര്‍ഡും പിടിച്ച് നില്‍ക്കുന്നു. കാറില്‍ ന്യൂ വൂഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ കൊണ്ടുപോയി. രാവിലെ ഒരു പതിനൊന്ന് മണിയായപ്പോള്‍ ജോണ്‍സേട്ടനും ടീമും വന്നു. കണ്ട ഉടനെ ജോണ്‍സേട്ടന്‍ ചോദിച്ചു, വേണൂ, ഒരു നൂറ് രൂപ എടുക്കാനുണ്ടോ? അന്ന് നൂറ് രൂപ എന്നാല്‍ വലിയ തുകയാണ്. ഇതൊരു സ്ഥിരം പരിപാടിയായിരിക്കാം എന്നു കരുതി ഞാന്‍ നൂറ് രൂപ കൊടുത്തു. വൈകുന്നേരം അത് തിരിച്ചു തന്നിട്ട് പറഞ്ഞു, 'ഇവിടെ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ കിട്ടൂ. ഓര്‍ക്കസ്ട്രക്കാര്‍ക്ക് പുറത്തുനിന്ന് കുറച്ച് ചിക്കനൊക്കെ വാങ്ങിക്കൊടുക്കും. അതിനുവേണ്ടിയാ.' സ്വന്തം കൈയില്‍ നിന്ന് പണമെടുത്ത് അവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുകയാണ് അദ്ദേഹം! അതാണ് ജോണ്‍സേട്ടന്‍. 

വര്‍ത്തമാനകാലത്തിനു വേണ്ടിയായിരുന്നു ആ പാട്ട്. ജോണ്‍സേട്ടനു വേണ്ടി ആദ്യം പാടിയ പാട്ട്. വസന്തത്തിന്‍ മണിച്ചെപ്പ് തുറക്കുന്നു... രാവിലെ റെക്കോര്‍ഡിങ് തുടങ്ങി. ഹെവി ഓര്‍ക്കസ്ട്രയാണ്. ട്രാക്ക് സൗകര്യം ഇല്ലാത്ത സ്റ്റൂഡിയോ ആയതുകൊണ്ട് നേരിട്ടുള്ള റെക്കോര്‍ഡിങ് ആണ്. നേരമിങ്ങനെ പൊയ്‌ക്കൊണ്ടിരുന്നു. രണ്ടേമുക്കാല്‍-മൂന്ന് മണിവരെ നിന്ന് പാടിയിട്ടാണ് ആ റെക്കോര്‍ഡിങ് കഴിഞ്ഞത്. 

ജോണ്‍സേട്ടന്‍ പിന്നെ എന്നെ വിളിക്കുന്നത് മഴവില്‍ക്കാവടിക്ക് വേണ്ടിയാണ്. ആദ്യം പാടിയത് വര്‍ത്തമാനകാലത്തിനു വേണ്ടിയായിരുന്നെങ്കിലും ജോണ്‍സേട്ടനുവേണ്ടി പാടിയതില്‍ ആദ്യം പുറത്തുവന്നത് മഴവില്‍ക്കാവടിയിലെ പാട്ടുകളാണ്. അതിനും തൃശൂരില്‍ നിന്ന് വണ്ടി കയറുന്നു, വൂഡ്‌ലാന്‍ഡ്‌സില്‍ ചെല്ലുന്നു. ഒരു റൂമില്‍ സത്യേട്ടനും ഞാനുമായിരുന്നു താമസം. അന്ന് മദ്രാസില്‍ ഒരു സമരം നടക്കുന്ന സമയമായിരുന്നു. അന്ന് ബന്ദ് ആയിരുന്നല്ലോ. റെക്കോര്‍ഡിങ് ചെയ്യാന് ‍പറ്റുമോ എന്നൊക്കെ സംശയമായി എല്ലാവരും ചര്‍ച്ചയിലാണ്. പുറത്താരും അറിയാതെ വേണം റെക്കോര്‍ഡിങ് ചെയ്യാന്‍. അതുകൊണ്ട് മീഡിയ ആര്‍ട്ടിസ്റ്റ് എന്ന പുതിയൊരു സ്റ്റുഡിയോ തിരഞ്ഞെടുത്തു. പില്‍ക്കാലത്ത് ഏറെ പ്രശസ്തമായി ആ സ്റ്റൂഡിയോ. അവിടെയിരുന്നിരുന്ന റെക്കോഡിങ് എന്‍ജിനീയര്‍ ശ്രീധര്‍ എ.ആര്‍ റഹ്മാന്റെ പ്രിയപ്പെട്ട ആളായി. റഹ്മാന്റെ ആദ്യകാലത്തെ ആല്‍ബം വര്‍ക്കുകളൊക്കെ അവിടെയായിരുന്നു റെക്കോഡിങ്. പക്ഷേ, ആ സ്റ്റൂഡിയോയില്‍ മലയാളത്തിലെ ആദ്യത്തെ വർക് ജോൺ‍സണ്‍ മാസ്റ്റര്‍ ആണ്. റെക്കോര്‍ഡിങ് കഴിയുംമുമ്പേ സമരക്കാര്‍

വന്ന് സ്റ്റൂഡിയോയുടെ ചില്ലൊക്കെ എറിഞ്ഞുടച്ചു. അന്നത്തെ ദിവസം പിന്നെ റെക്കോര്‍ഡിങ് നടന്നില്ല. പുതിയ ആളായതുകൊണ്ട് ഇതൊരു അപശകുനം ആയിത്തോന്നും, ഇനിയെന്നെ വിളിക്കില്ലായിരിക്കും എന്നു കരുതി ഞാന്‍. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും വിളി വന്നു. ഞാന്‍ പോയി രണ്ട് പാട്ട് പാടി. അതാണ് പള്ളിത്തേരുണ്ടോ..., മൈനാകപ്പൊന്മുടിയില്‍, താനേ പൂവിട്ട മോഹം... പാടാന്‍ വേണ്ടി സത്യേട്ടന്‍ എന്നെ വിളിച്ച് ഇന്ന ദിവസം റെക്കോര്‍ഡിങ് ഉണ്ട്, വരണം എന്നു പറഞ്ഞു. പക്ഷേ, ആകാശവാണിയില്‍ നിന്ന് ലീവ് കിട്ടാത്തതുകൊണ്ട് എനിക്കന്ന് പോകാന്‍ പറ്റിയില്ല. ജോലിത്തിരക്ക് കഴിഞ്ഞ് സത്യേട്ടനെ വിളിച്ച് ഞാന്‍ ക്ഷമ പറഞ്ഞു. അപ്പോഴാണ് അറിയുന്നത് ആ പാട്ട് അതുവരെ പാടിയിട്ടില്ല എന്ന്. വേണുവിനും ജോണ്‍സണും സൗകര്യമുള്ള ദിവസം തീരുമാനിച്ച് റെക്കോര്‍ഡിങ് വച്ചോളൂ എന്നു പറഞ്ഞു സത്യേട്ടന്‍ ഡിസംബർ 24ന് പോയി പാടി. അന്ന് തന്നെ വണ്ടി കയറി. 25ന് എനിക്ക് തൃശൂര്‍ ഒരു ഗാനമേളയുണ്ടായിരുന്നു. ആ പാട്ടിന് സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ ജോണ്‍സേട്ടനെ വിളിച്ചു. ഗുഡ്, ഇനിയും നന്നായി പാടണം എന്നു പറഞ്ഞു. 

മുപ്പത്തിയാറ് സിനിമകളില്‍ ജോണ്‍സേട്ടനു വേണ്ടി പാടി. പാടുമ്പോള്‍ തെറ്റിച്ചാല്‍, സമയം കൂടുതല്‍ എടുത്താല്‍ ജോണ്‍സേട്ടന്‍ കലശലായി ശകാരിക്കും. അതുകൊണ്ട് എല്ലാവര്‍ക്കും പേടിയായിരുന്നു. അന്ന് യേശുദാസിന്റെ ഡേറ്റ് ഇല്ലെങ്കില്‍ പിള്ളേര് സെറ്റിനെ വിളിക്കാം എന്നാണ് പൊതുവേ പറയാറ്. എം.ജി.ശ്രീകുമാറും ഞാനുമൊക്കെ അടങ്ങുന്ന സംഘത്തെയാണ് ഉദ്ദേശിക്കുന്നത്. സ്‌നേഹം തുറന്ന് പ്രകടിപ്പിക്കില്ലെങ്കിലും വളരെ സ്‌നേഹമുള്ളയാളായിരുന്നു. ജോണ്‍സേട്ടന് പാട്ട് ഇല്ലാതായ സമയം. ജോണ്‍സേട്ടന് വേണ്ടി പാടിക്കഴിഞ്ഞ് മദ്രാസില്‍ നിന്ന് വരുന്ന ഒരു ട്രെയിന്‍യാത്ര. ജോണ്‍സേട്ടനും കെ.ജി. ജോര്‍ജും ഞാനും ഒരു കൂപ്പെയിലാണ്. വേണു മേലെ കിടന്നോളൂ. ഞങ്ങള്‍ താഴെയിരുന്ന് സംസാരിക്കാം എന്നു പറഞ്ഞു. അന്ന് അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. കരഞ്ഞുകൊണ്ടും ദേഷ്യത്തിലുമൊക്കെ കെ.ജി. ജോര്‍ജിനോട് തന്റെ ദുഃഖം പങ്കുവയ്ക്കുന്നത് കേട്ടത് ഓര്‍മയുണ്ട്.

മകളുടെ കല്യാണസമയത്ത് ജോണ്‍സേട്ടന് ഡിപ്രഷന്റെ അങ്ങേയറ്റത്തായിരുന്നു. വിവാഹദിവസം രാവിലെ തലയണ മുഖത്തു വച്ച് വെളിച്ചമടിക്കാതെ കട്ടിലില്‍ കമഴ്ന്നു കിടക്കുന്ന ജോണ്‍സേട്ടനെയാണ് ഞാന്‍ കണ്ടത്.  ഇത്രയും സംഭാവനകള്‍ നല്‍കിയ ഒരാളോട് മലയാളസിനിമാരംഗം എന്തേ ഇങ്ങനെ ചെയ്തു എന്നത് വലിയ ദുഃഖം തന്നെയാണ്. പല വര്‍ക്കുകള്‍ക്കും അമ്പതുശതമാനം പണം പോലും ജോണ്‍സേട്ടന് കിട്ടിയിരുന്നില്ല. എങ്കിലും ഏതെങ്കിലും സുഹൃത്ത് വന്ന് സങ്കടം പറഞ്ഞാല്‍ സ്വര്‍ണം വിറ്റോ പണയം വച്ചോ അദ്ദേഹം സഹായിക്കും. 2008ല്‍ ആണെന്നാണ് ഓര്‍മ. സ്‌നേഹപൂര്‍വം ജോണ്‍സണ്‍ എന്ന ആല്‍ബത്തിനു വേണ്ടി പാടാന്‍ പോയപ്പോഴാണ് ജോണ്‍സേട്ടനെ അവസാനമായി കാണുന്നത്. ചിത്ര, ലതിക, സുജാത തുടങ്ങി മലയാളത്തിലെ ഒരുവിധം എല്ലാ ഗായകരും അതില്‍ പാടിയിരുന്നു. ഇനിയും റിലീസ് ചെയ്യാത്ത ഒരു പാട്ടുണ്ട് അതില്‍. ഇപ്പോഴത് റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.

ഒരുദിവസം ജോണ്‍സേട്ടന്റെ മോള്‍ ഷാന്‍ വിളിച്ച് ചോദിച്ചു, അങ്കിളിന് ഒരു പാട്ട് പാടാന്‍ എത്ര രൂപയാകും? ഞാനൊരു പാട്ട് കംപോസ് ചെയ്തിട്ടുണ്ട്. സുജാത ആന്റി അതിന്റെ ഫീമെയില്‍ പോര്‍ഷന്‍ പാടി. മെയില്‍ പോര്‍ഷന്‍ അങ്കിളിനെക്കൊണ്ട് പാടിക്കാനാണ് എന്നു പറഞ്ഞു. അതൊന്നും നോക്കണ്ട, നീ വാ, ഇവിടെ റെക്കോഡ് ചെയ്യാം എന്നു ഞാന്‍ പറഞ്ഞു. മോളെപ്പോലെയായിരുന്നു അവളെനിക്ക്. റെക്കോഡിങ്ങിന് മുമ്പത്തെ ദിവസം ഞാന്‍ അവളെ വിളിച്ചു. ഫോണ്‍ എടുക്കുന്നില്ല. രണ്ടു മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഹോട്ടല്‍ മുറിയില്‍ അവള്‍ മരിച്ചുകിടക്കുന്നു എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. റാണിച്ചേച്ചിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എപ്പോഴും വല്ലാത്തൊരു സങ്കടം തോന്നും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}