30ാം പിറന്നാൾ ആഘോഷിച്ച് ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ്. പിറന്നാൾ ആഘോഷത്തിനായി ഇരുവരും പ്രൈവറ്റ് ജെറ്റിൽ യാത്ര തിരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എവിടേയ്ക്കാണു പോകുന്നതെന്ന കാര്യം പ്രിയങ്കയും നിക്കും വെളിപ്പെടുത്തിയിട്ടില്ല. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ നിക്കിന് പിറന്നാൾ ആശംസകൾ അറിയിക്കുന്നത്. യാത്രാ വിഡിയോയിൽ താരദമ്പതികളുടെ മകളെ കാണാത്തതിന്റെ കാരണം കൂടി തിരയുന്നുണ്ട് ആരാധകർ.
ഈ വർഷം ജനുവരി 22നാണ് പ്രിയങ്ക ചോപ്രയ്ക്കും നിക് ജൊനാസിനും വാടകഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്.
2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബറിൽ വിവാഹിതരാവുകയുമായിരുന്നു. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്ന വിമർശനങ്ങളിൽ പലതും ഇരു താരങ്ങളുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചായിരുന്നു.