ADVERTISEMENT

ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസിന്റെ പിറന്നാൾ കെങ്കേമമാക്കി കുടുംബം. ആഘോഷത്തിന്റെ ചില ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പ്രിയങ്ക ചോപ്രയാണ് നിക്കിന്റെ 30ാം പിറന്നാളിന് സര്‍പ്രൈസ് പാർട്ടി ഒരുക്കിയത്. യുഎസിലെ അരിസോണയിൽ വച്ചായിരുന്നു ആഘോഷം. 

 

നിക് ജൊനാസിന്റെ മാതാപിതാക്കളായ പോൾ കെവിൻ ജൊനാസും ഡെനീസ് മില്ലർ ജൊനാസും സഹോദരങ്ങളായ ജോ ജൊനാസ്, കെവിൻ ജൊനാസ്, ഫ്രാങ്കി ജൊനാസ് എന്നിവരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. നിക് ഒഴികെ വിരുന്നിൽ പങ്കെടുക്കാനെത്തിയ എല്ലാവരും വെളുത്ത വസ്ത്രങ്ങളാണ് ധരിച്ചത്. നിക്കിന്റെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങൾ കോർത്തിണക്കിയ ഹ്രസ്വ വിഡിയോയും ആഘോഘത്തിനിടെ പ്രദർശിപ്പിച്ചു. 

 

പിറന്നാളാഘോഷത്തിനു ശേഷം പ്രിയങ്കയ്ക്കു നന്ദി പറഞ്ഞുകൊണ്ട് നിക് ജൊനാസ് കുറിച്ചത് ഇങ്ങനെ: ‘എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്ത് എനിക്കേറ്റവും പ്രിയപ്പെട്ടവർക്കൊപ്പം എന്റെ 30ാം പിറന്നാൾ ഞാൻ ആഘോഷിച്ചു. നന്ദി പ്രിയങ്കാ, ഓരോ നിമിഷവും സ്പെഷൽ ആക്കിയതിന്. നീ ഒരു നിധിയാണ്. പിറന്നാൾ സ്നേഹം അറിയിച്ച എല്ലാവരോടും ഞാൻ നന്ദി പറയുന്നു’. 

 

നിക് ജൊനാസിന്റെ പിറന്നാളാഘോഷം പൂർണമാക്കാൻ ആദ്യാവസാനം കൂടെ നിന്ന സുഹൃത്തുക്കളോടും ബന്ധുക്കളോടും നന്ദി അറിയിച്ചുകൊണ്ടാണ് പ്രിയങ്കയുടെ കുറിപ്പ്. ആഘോഷപരിപാടിയിൽ നിക്കിന്റെയും പ്രിയങ്കയുടെയും മകൾ മാൾട്ടി മേരിയെ കാണാത്തതിന്റെ കാരണം അന്വേഷിക്കുന്നുണ്ട് ആരാധകർ.  

 

ഈ മാസം 16നായിരുന്നു നിക് ജൊനാസിന്റെ പിറന്നാൾ. ആഘോഷത്തിനായി നിക്കും പ്രിയങ്കയും പ്രൈവറ്റ് ജെറ്റിൽ യാത്ര തിരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എവിടേയ്ക്കാണു പോകുന്നതെന്ന കാര്യം ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. 

 

2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബറിൽ വിവാഹിതരാവുകയുമായിരുന്നു. ഈ വർഷം ജനുവരി 22ന് ഇരുവരും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞിനു ജന്മം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com