ADVERTISEMENT

പഴയ പാട്ടുകൾ ഇപ്പോൾ കേൾക്കുമ്പോൾ ശ്രീകുമാരൻ തമ്പിയെപ്പോലെയുള്ള വിശ്രുത കവികൾ പോലും പറയുന്നു; ‘ഇന്നാണെങ്കിൽ ആ വരികൾ എഴുതില്ല.’ പാട്ടിൽ പെണ്ണഴകു പൂക്കുന്ന കാലത്തിനു വന്ന മാറ്റം ഗാനരചയിതാക്കൾ ചർച്ചയ്ക്കെടുക്കുന്നു

‘ഇന്നാണെങ്കിൽ ആ വരികൾ എഴുതില്ല’ 

പണ്ടു പാട്ടിലെഴുതിയ ചില സ്ത്രീവർണനകൾ ഇന്നാണെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കും എന്നു കവി ശ്രീകുമാരൻ തമ്പിക്കു തോന്നാൻ കാരണമെന്ത്? 

 

മലയാളപ്പാട്ടു പിറന്നപ്പോൾ മുതൽ വളർന്ന് ഷഷ്ടിപൂർത്തിയിലെത്തുംവരെ സ്വർഗപുത്രിയായും സുമംഗലിയായും മുളംതത്തമ്മയായും കള്ളിപ്പൂങ്കുയിലായുമൊക്കെ സ്ത്രീകളെ വരികളിൽ വരച്ചിട്ടു. പണ്ടെഴുതിയ പാട്ടിലെ പെൺവർണന ഇപ്പോഴാണെങ്കിൽ രണ്ടാമതൊന്നു ചിന്തിക്കുമായിരുന്നെന്നു കവി ശ്രീകുമാരൻ തമ്പിയുടെ പരാമർശം. കവിക്ക്, പാട്ടെഴുത്തിന്റെ 56–ാം വർഷം എന്താകും ഇങ്ങനെ തോന്നിയത്?! ഇന്നത്തെ പാട്ടല്ലല്ലോ അന്നത്തെ പാട്ട്. സമൂഹം മാറിക്കൊണ്ടിരിക്കുന്നു. മുൻപ് ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാറുണ്ടായിരുന്നില്ലല്ലോ. 

പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പെണ്ണുങ്ങൾ കലിതുള്ളും നൂറ്റാണ്ട്.. എന്ന് അന്നെഴുതിയ ശ്രീകുമാരൻ തമ്പി ഇന്ന് അങ്ങനെയെഴുതുമോ? 

‘അങ്ങനെയൊരു വരി ഇപ്പോഴാണെങ്കിൽ എഴുതില്ല. എന്നുവച്ച് അന്നെഴുതിയ ഞാൻ സ്ത്രീവിരുദ്ധനാണെന്നു പറയാനുമാവില്ല. ‘ഒന്നു ചിരിക്കാൻ, എല്ലാം മറക്കാൻ, ഒരിക്കൽക്കൂടി ഞാൻ കുടിച്ചോട്ടെ...’ എന്നെഴുതിയതുകൊണ്ടു ഞാൻ മുഴുക്കുടിയനാണെന്നു പറയാൻ പറ്റുമോ? ജീവിതത്തിൽ ഒരു തുള്ളി മദ്യം ഞാൻ കഴിച്ചിട്ടില്ല. ‌

 

‘മാനക്കേടായല്ലോ, നാണക്കേടായല്ലോ, മാളികപ്പുറത്തമ്മമാരേ...’ എന്നു ‘റസ്റ്റ് ഹൗസി’ൽ ഞാൻ എഴുതിയിട്ടുണ്ട്. സ്ത്രീകളോടുള്ള ബഹുമാനത്തോടെ തന്നെയാണു ‘മാളികപ്പുറത്തമ്മമാരേ...’ എന്നു വിശേഷിപ്പിച്ചത്. തിരിച്ച് ‘കാലുതെറ്റിയ കൊമ്പൻമാരേ...’ എന്നു പുരുഷൻമാരെ ഇതേ പാട്ടിൽ സ്ത്രീകളും വിളിക്കുന്നുണ്ട്. അതൊക്കെ സിനിമയിലെ സന്ദർഭത്തിനനുസരിച്ചുള്ള സൃഷ്ടികളായി കണ്ടാൽ മതി. 

 

‘സത്യവാൻ സാവിത്രി’യിൽ ‘നീലാരവിന്ദായദാക്ഷി...’ എന്ന ഗാനം നടി ശ്രീദേവിയെ മനസ്സിൽക്കണ്ട് എഴുതിയതാണെന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു ഭാവന ഇപ്പോൾ ഉണ്ടാകാത്തത് എന്തുകൊണ്ടാകും? 

 

ശ്രീദേവിയുടേതു മനോഹരമായ കണ്ണുകളാണ്. സാവിത്രിയും അതുപോലെ സുന്ദരി. ആ സാമ്യത്തിൽനിന്നാണ് ആ രചനയുണ്ടാകുന്നത്. കാളിദാസനും വെൺമണിക്കവികളുമൊക്കെ സ്ത്രീകളെ ധാരാളം വർണിച്ചിട്ടില്ലേ? ഭാസ്കരൻ മാഷും വയലാറുമൊക്കെ എത്രയെത്ര വർണനകൾ പാട്ടിലൊരുക്കി! സൗന്ദര്യം വാഴ്ത്തിയാൽ ഇന്നും ഏതു സ്ത്രീക്കും വലിയ ഇഷ്ടമാണ്. നിർഭാഗ്യവശാൽ അങ്ങനെയുള്ള പാട്ടുകൾക്കു സിനിമയിൽ സ്ഥാനമില്ലെന്നുമാത്രം. 

 

vayalar
വയലാർ ശരത്ചന്ദ്രവർമ

കാലത്തിന്റെ മാറ്റം സർഗാത്മകതയ്ക്കു വിലങ്ങാകുന്നു എന്നു പറയാമോ? 

 

മാറിയ കാലം അംഗീകരിച്ചേ പറ്റൂ. പക്ഷേ, ചില മാറ്റങ്ങൾ ക്രിയേറ്റിവിറ്റിക്കു തടസ്സമാകുന്നുമുണ്ട്. സമൂഹമാധ്യമങ്ങളിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുകയാണ്. എല്ലാവരും കവിയും എഡിറ്ററും സംവിധായകനുമൊക്കെയായി സിനിമകൾക്കും രചനകൾക്കുമൊക്കെ മാർക്കിടുകയാണ്.

 

rafeeq-ahammed
റഫീഖ് അഹമ്മദ്

 

എന്റെ കുട്ടികൾക്ക് കേൾക്കാവുന്ന പാട്ടേ ഞാൻ എഴുതിയിട്ടുള്ളൂ: കൈതപ്രം 

 

harinarayanan
ബി.കെ.ഹരിനാരായണന്‍

ലജ്ജാവതിയേ..., കറുപ്പിനഴക്..., പൈനാപ്പിൾ പെണ്ണേ... എന്നൊക്കെ ഞാൻ എഴുതിയിട്ടുണ്ട്. സന്ദർഭം ആവശ്യപ്പെടുന്നതിനനുസരിച്ച് എഴുതുന്നതാണ്. കാലം മാറിയാലും മനുഷ്യന്റെ വികാരങ്ങൾക്കു വലിയ വ്യത്യാസമില്ല. ആവശ്യമില്ലാത്തതൊന്നും ഞാൻ എഴുതിയിട്ടില്ല. എഴുതുമ്പോഴും മര്യാദ പാലിക്കണം. സിനിമയ്ക്കു വേണ്ടിയല്ലേ എഴുതുന്നത്? അതിൽ നമ്മുടെ വ്യക്തിത്വം വേറെയാണ്. പാട്ടിൽ നമ്മുടെ വ്യക്തിത്വം വരും. പക്ഷേ, അതിലേറെ പ്രധാനമാണു സന്ദർഭം. എഴുതിപ്പോയല്ലോ എന്നു തോന്നുന്ന ഒന്നും ഞാൻ എഴുതിയിട്ടില്ല. എന്റെ കുട്ടികൾക്കു കേൾക്കാവുന്ന പാട്ടേ ഞാൻ എഴുതിയിട്ടുള്ളൂ. എന്നാൽ, ഇങ്ങനെ എഴുതേണ്ടിയിരുന്നില്ല എന്നു തോന്നിയ ചില വരികൾ സഹ ഗാനരചയിതാക്കളിൽ ചിലരോട് എടുത്തുപറഞ്ഞ് വിയോജിപ്പു പ്രകടിപ്പിച്ചിട്ടുമുണ്ട്. 

 

 

മാലേയം മാറിലണിഞ്ഞു എന്നു പറഞ്ഞാലെന്താ?: വയലാർ ശരത്ചന്ദ്രവർമ 

 

പണ്ടു പ്രേമഗാനം സ്വാതന്ത്ര്യത്തോടെ എഴുതാം. ഇന്ന് ആ സാഹചര്യമില്ല എന്നതു സത്യമാണ്. ചിന്തയുടെ രീതികൾ മാറി. ‘മാലേയം മാറിലണിഞ്ഞു’ എന്നു പറഞ്ഞാൽ എന്താണെന്ന് അടുത്തിടെ ഒരു സംവിധായകൻ എന്നോടു ചോദിച്ചു. ആ വർണനയുടെ ഭംഗി എങ്ങനെ വിവരിച്ചുകൊടുക്കാൻ കഴിയും! കുറെക്കാലം മുൻപ് വയലാർ അനുസ്മരണത്തിന് ഒരു യുവതിയോടൊപ്പം പങ്കെടുത്തു. സ്ത്രീകളുടെ ശരീരഭംഗി വർണിച്ച വയലാർ രാമവർമയെ അനുസ്മരിക്കുന്ന ചടങ്ങിൽ പങ്കെടുക്കരുതെന്ന് അവരോടു ചിലർ പറഞ്ഞത്രേ. അതിനു മറുപടിയായി അവർ ആ ചടങ്ങിൽ പറഞ്ഞത്, നദീതീരത്തിരുന്നു വയലാറിന്റെ വരികൾ പാടുന്ന പുരുഷനെപ്പോലെ രാത്രി ഒറ്റയ്ക്കിരിക്കാൻ സ്ത്രീക്കു കഴിയുന്ന ദിവസം വയലാറിന്റെ പാട്ടുകൾ വിസ്മൃതമാകും എന്നാണ്!  

 

 

വർണന തെറ്റല്ല; പക്ഷേ, ചില വിളികൾ ശരിയല്ല: റഫീക്ക് അഹമ്മദ് 

 

പൗരാണികകാലം മുതലേ സ്ത്രീ ശരീരവർണന കവിതയിൽ ഉള്ളതാണ്. അവ നിരോധിക്കുക എന്നത് സാംസ്കാരികാനുഭൂതിയുടെ വലിയൊരു ഭൂഖണ്ഡത്തെ കടലിൽ മുക്കിക്കളയലായിരിക്കും. അത് അസാധ്യമാണ്. മലയാളത്തിലെ മികച്ച ധാരാളം ചലച്ചിത്രഗാനങ്ങളിൽ സ്ത്രീശരീരവർണനയുണ്ട്. സ്ത്രീയെ ദേവതയായും പ്രണയത്തെ ദിവ്യമായ അനുഭൂതിയായും കാണുന്ന സമീപനവും ഉണ്ട്. ശ്രീകുമാരൻ തമ്പിയുടെ മാത്രമല്ല, വയലാറിന്റെയും പി.ഭാസ്കരന്റെയും ഒഎൻവിയുടെയും ഗാനങ്ങളിൽ സുന്ദരമായ സ്ത്രീശരീരവർണനകളുണ്ട്. പിറവിയെടുത്ത കാലത്ത് അവ അപാകതയായി ആരും കണ്ടിരുന്നില്ല. ഇപ്പോൾ ചമ്രം പടിഞ്ഞിരുന്ന് ആ പഴയ കാലത്തേക്കു നോക്കി വിമർശിക്കുന്നത് തീർത്തും അയുക്തികമാണ്. 

സ്ത്രീശരീരത്തെ പുരുഷനും പുരുഷശരീരത്തെ സ്ത്രീയും വർണിക്കുന്നതിൽ തെറ്റില്ല. എന്നാൽ, സ്ത്രീയെ ചരക്കുവൽക്കരിക്കുന്ന മൃഗീയസംസ്കാരത്തോടു യോജിപ്പില്ല. വെണ്ണതോൽക്കുമുടൽ, നക്ഷത്രചൂഢാമണികൾ ചാർത്തിയ നർത്തകി, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശിൽപം മുതലായ പ്രയോഗങ്ങളും ചിക്കൻ പീസേ, ചോക്ലേറ്റ് പീസേ മുതലായ വിളികളും തമ്മിലുള്ള വ്യത്യാസം എനിക്കു വേർതിരിച്ചറിയാം. പുതിയ കാലത്തെ എഴുത്തുകാരൻ എന്ന നിലയിൽ സ്ത്രീയെ വസ്തുവൽക്കരിക്കുന്നതരം പ്രയോഗങ്ങളിൽനിന്നു ഞാൻ മാറിനിൽക്കുന്നു. സ്ത്രീയുടെ അത്യാകർഷകമായ അഴകിനെ വർണിച്ചാൽ അതു രാഷ്ട്രീയശരികേടാവുമല്ലോ എന്ന ശങ്കയാൽ അതിനു മുതിരാതിരിക്കുകയും ചെയ്യുന്നു. 

 

 

ഞങ്ങളുടെ കാലത്ത് വർണന കുറവാണ്: ബി.കെ. ഹരിനാരായണൻ 

 

ആണിനും പെണ്ണിനും പാടാവുന്ന വരികളാകണം എന്നാണു പല സംവിധായകരും പാട്ടെഴുതുമ്പോൾ പറയാറുള്ളത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ കാലത്തെ പാട്ടുകളിൽ സ്ത്രീവർണന കുറവാണ്. സിനിമ ആവശ്യപ്പെടുന്നത് എഴുതുമ്പോൾത്തന്നെ, സാമൂഹികസാക്ഷരതയുടെ ഭാഗമായി സഞ്ചരിക്കേണ്ടതുമുണ്ട്. ‘തേച്ചില്ലേ പെണ്ണേ...’ എന്നു ഞാൻ എഴുതിയപ്പോൾ, തേപ്പ് പെണ്ണിനു മാത്രം ഉള്ളതാണോ എന്നു ചോദിച്ചു വിമർശനം വന്നു. പ്രയാസം ഉണ്ടായെങ്കിൽ അതിനു ഞാൻ ക്ഷമയും പറഞ്ഞു. എന്നല്ലാതെ, എഴുതിയ പരിതസ്ഥിതിയെ ഓർത്ത് ഒരിക്കലും പരിതപിക്കേണ്ടി വന്നിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com