ADVERTISEMENT

ഓൺലൈൻ ലളിതസംഗീതപഠനക്ലാസുകള്‍ വിപുലീകരിക്കാനൊരുങ്ങി പിന്നണി ഗായിക രാജലക്ഷ്മി. വിജയദശമി നാളിലാണ് പുതിയ ബാച്ചുകൾക്കു തുടക്കം കുറിക്കുന്ന‌ത്. സംഗീതാഭിരുചിയുള്ള ആർക്കും എവിടെ നിന്നും പ്രായഭേദമില്ലാതെ രാജലക്ഷ്മിയുടെ സംഗീതപഠന ക്ലാസിൽ പങ്കുചേരാം. 2020 ജൂണിലാണ്  ‘ലളിതസംഗീതപാഠം’ എന്ന േപരിൽ ഗായിക ഓൺലൈൻ സംഗീതക്ലാസുകൾ ആരംഭിച്ചത്. ഇപ്പോൾ നൂറിലേറെ വിദ്യാർഥികൾ രാജലക്ഷ്മിയുടെ കീഴിൽ സംഗീതം അഭ്യസിച്ചുവരുന്നു. അന്യം നിന്നു പോകുന്ന ലളിതഗാനങ്ങളെ തിരികെ കൊണ്ടുവരാനും പുതുതലമുറയ്ക്ക് അതു പകർന്നുകൊടുക്കാനുമാണ് ഗായിക ഈ സംഗീതസംരംഭത്തിനു തുടക്കം കുറിച്ചത്. ഓൺലൈൻ ക്ലാസുകളെക്കുറിച്ചുള്ള വിശേഷങ്ങൾ രാജലക്ഷ്മി മനോരമ ഓണ്‍ലൈനിനോടു പങ്കുവയ്ക്കുന്നു. 

 

‘ലളിതസംഗീതപാഠം ആരംഭിച്ചതിനു ശേഷമുള്ള മൂന്നാമത്തെ വിജയദശമിയാണ് കടന്നുവരുന്നത്. ഇത്തവണയും പുതിയ ബാച്ചുകൾ ആരംഭിക്കാനൊരുങ്ങിയിരിക്കുകയാണ്. സംഗീതജീവിതത്തിലെ ചുവടുവയ്പ്പുകളെല്ലാം ഞാൻ പ്രിയപ്പെട്ട ചിത്ര ചേച്ചിയോട് (കെ.എസ്.ചിത്ര) പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ‍ ഓൺലൈൻ സംഗീതക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചപ്പോഴും ചേച്ചിയെ വിളിച്ചിരുന്നു. പകർന്നുകൊടുക്കുന്തോറും വർധിക്കുന്നതാണ് അറിവ് എന്നു പറഞ്ഞ് എന്റെ പുതിയ തുടക്കത്തിന് ആത്മവിശ്വാസം നൽകിയത് ചേച്ചിയാണ്. ചേച്ചിയുടെ അനുഗ്രഹത്തോടെയായികുന്നു തുടക്കം. ലോക്ഡൗണിലെ വിരസമായ കാലത്ത് തുടങ്ങിയ ഈ സംരംഭം ഇന്ന് ഇവിടെ വരെയെത്തുമെന്ന് പ്രതീക്ഷിച്ചതേയില്ല. വിചാരിച്ചതിലും കൂടുതല്‍ സ്വീകാര്യത ലഭിച്ചു. ഇപ്പോഴും അത് തുടർന്നുകൊണ്ടേയിരിക്കുന്നു. 

 

മലയാളികളുടെ സംഗീതത്തിന്റെ അടിസ്ഥാനം ലളിതഗാനങ്ങളാണെന്നു പറയാം. നമ്മുടെ നാടൻ പാട്ടുകളും സിനിമാ പാട്ടുകളും ഭക്തിഗാനങ്ങളും ഉത്സവഗാനങ്ങളും ഓണപ്പാട്ടുകളുമെല്ലാം ലളിതാഗനശാഖയിലാണ് ഉൾപ്പെടുന്നത്. ഇപ്പോഴത്തെ തലമുറയിലുള്ള കുട്ടികൾക്ക് ലളിതഗാനങ്ങൾ പഠിക്കാൻ അവസരങ്ങൾ വളരെ കുറവാണെന്നാണ് തോന്നിയിട്ടുള്ളത്. ഞാൻ ഇങ്ങനെയൊരു സംഗീതക്ലാസ് തുടങ്ങിയപ്പോൾ മുതൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി നിരവധി പേരാണ് അഡ്‌മിഷനു വേണ്ടി വിളിച്ചത്. നൂറിലധികം വിദ്യാർഥികൾ ഇപ്പോൾ എന്റെ കീഴിൽ സംഗീതം അഭ്യസിച്ചുവവരുന്നു. അതിൽ കുട്ടികളും മുതിർന്നവരുമൊക്കെ ഉൾപ്പെടും. സംഗീതാഭിരുചിയുണ്ടെങ്കിൽ പ്രായഭേദമില്ലാതെ സംഗീതം പഠിക്കാനാകും എന്നതിന്റെ തെളിവാണിത്. ലളിതഗാനങ്ങളോടൊപ്പം സിനിമാഗാനങ്ങളും ശാസ്ത്രീയസംഗീതവും പഠിപ്പിക്കുന്നുണ്ട്. 

 

കോവിഡിന്റെ തീവ്രത കുറഞ്ഞതോടെ സംഗീതപരിപാടികളുമായി ഞാൻ വീണ്ടും തിരക്കിലായിത്തുടങ്ങി. ഇതിനിടയിലും ക്ലാസുകൾ സജീവമായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്. ഗായിക എന്ന നിലയിലും സംഗീതാധ്യാപിക എന്ന നിലയിലും മഹത്തരമായ അനുഭവമാണ് ഈ സംഗീതക്ലാസുകളിലൂടെ എനിക്ക് ലഭിക്കുന്നത്. ഓരോ വർഷം ചെല്ലുന്തോറും വിദ്യാർഥികളുടെ എണ്ണവും ലളിഗാനങ്ങൾക്കുള്ള സ്വീകാര്യതയും വർധിച്ചു വരുന്നുവെന്നതിൽ സന്തോഷം. 

 

മലയാളം അധികം വഴങ്ങാത്ത വിദ്യാർഥികൾ മലയാളം ഗാനങ്ങൾ പാടുന്നതു കേൾക്കുമ്പോൾ അവരുടെ മാതാപിതാക്കൾക്കും കുടുംബാഗങ്ങൾക്കും ഒരുപാട് സന്തോഷമാണ്. ആ സന്തോഷം അവർ എന്നോടു പങ്കുവയ്ക്കാറുണ്ട്. ഈ വിജയദശമി നാളിൽ പുതിയ ബാച്ചുകൾക്കു തുടക്കം കുറിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. വളരെയേറെ ആത്മസംതൃപ്തിയും സന്തോഷവും തോന്നുകയാണ്. ഇനിയുള്ള വർഷങ്ങളിലും ലളിതസംഗീതപാഠം സജീവമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കട്ടെയെന്നു പ്രാർഥിക്കുന്നു’, രാജലക്ഷ്മി പറഞ്ഞു. 

 

 

ക്ലാസുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: 89218 28174, rajalakshmyofficial@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com