ADVERTISEMENT

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദസൗകുമാര്യത്തിൽ അലിഞ്ഞിരിക്കുന്ന ഗാനമേളസദസ്സ്. ‘‘ഇളയനിലാ പൊഴികിറത്, ഇദയം വരെ നനയ്‌കിറത്...’’ എന്ന ഗാനം എസ്പിബി പാടി നിർത്തിയപ്പോൾ ആളുകൾ നിർത്താതെ കയ്യടിക്കുകയാണ്. അദ്ദേഹം വേദിയുടെ ഒരുവശത്തിരുന്ന് ഗിറ്റാർ വായിച്ചിരുന്ന ഗിറ്റാറിസ്റ്റിനെ അരികിലേക്ക് വിളിച്ച് തോളത്തുകൂടി കയ്യിട്ടു. എന്നിട്ട് മൈക്കിലൂടെ സദസ്സിനോടായി പറഞ്ഞു..‘‘നിങ്ങളുടെ കയ്യടി ഇയാൾക്കുള്ളതാണ്.. പണ്ട് റെക്കോർഡിങ് വേളയിൽ അന്നത്തെ ഗിറ്റാറിസ്‌റ്റിന്റെ പിഴവു മൂലം  24 ടേക്ക് കൊണ്ട് പൂർത്തിയാക്കേണ്ടിവന്ന പാട്ടാണ് ഇദ്ദേഹം തൽസമയം ഇത്ര പെർഫക്റ്റ് ആയി വായിച്ചത്.’’

 

ഇന്നലെ ഓർമയായ ചെറുവണ്ണൂർ സ്വദേശി ജോയ് വിൻസെന്റാണ് ആ ഗിറ്റാറിസ്റ്റ്. ഇത് ഒരു വേദിയിലെ കഥയല്ല. അനേകം വേദികളിൽ എസ്പിബി തന്റെ സംഘത്തിലെ ഗിറ്റാറിസ്റ്റായ ജോയ് വിൻസെന്റിനെ സദസ്സിനു പരിചയപ്പെടുത്തി കൈയടികൾ വാങ്ങിനൽകിയിട്ടുണ്ട്. ജോയ് വിൻസെന്റ് യാത്രയാവുമ്പോൾ കോഴിക്കോടിന്റെ സംഗീതപാരമ്പര്യത്തിലെ കരുത്തുറ്റൊരു കണ്ണിയെയാണ് നഷ്ടമാവുന്നത്. 

 

ചെറുവണ്ണൂർ പള്ളിയിലെ ചർച്ച് ക്വയറിലെ ക്വയർ മാസ്‌റ്ററായിരുന്നു അച്‌ഛൻ എസ്.പി.വിൻസന്റ്. അമ്മ റോസ്‌ലിയും സംഗീതപ്രേമിയായിരുന്നു. ഗിറ്റാറിസ്റ്റുകളായ മൂന്നു സഹോദരങ്ങളിൽ ഇളയയാളായാണ് ജോയ് വിൻസെന്റിന്റെ ജനനം. ആർച്ചിഹട്ടന്റെ ശിഷ്യനും എം.എസ്.ബാബുരാജിന്റെയും ദേവരാജന്റെയും യേശുദാസിന്റെയുമൊക്ക സംഘത്തിലെ ഗിറ്റാറിസ്റ്റുമായിരുന്ന ഡേവിഡ് സൈമണാണ് ജോയിയുടെ മൂത്ത സഹോദരൻ. ദേവരാജൻ, എം.കെ.അർജുനൻ, കെ.രാഘവൻ, ജോൺസൺ തുടങ്ങിയവരുടെ പ്രിയപ്പെട്ട ഗിറ്റാറിസ്റ്റായിരുന്ന പോൾ വിജയനാണ് ജോയ് വിൻസെന്റിന്റെ രണ്ടാമത്തെ സഹോദരൻ.

 

ഗിറ്റാറുമായി ജോയ് വിൻസെന്റ് ആദ്യമായി വേദിയിലെത്തിയത് ക്രിസ്‌ത്യൻ കോളജ് ഹൈസ്‌കൂളിലെ കലോത്സവദിനത്തിലാണ്. ഗാനമേള വേദികളിൽ നിന്നു കണ്ട തബലിസ്‌റ്റ് ശിവദാസൻ ജോയ് വിൻസെന്റിനെ സുകുമാരൻസ് ഓർക്കസ്‌ട്രയിലെത്തിച്ചു. എസ്. ജാനകി കൽപറ്റയിലെ വേദിയിൽ പാടിയപ്പോൾ പതിനഞ്ചുകാരനായ ജോയിയാണ് ഗിറ്റാർ വായിച്ചത്. ഈ ചിന്നപയ്യനെ എവിടെ നിന്നു കിട്ടിയെന്നു വാത്സല്യത്തോടെ ജാനകിയമ്മ കൂടെയുള്ളവരോടു ചോദിച്ചു.

 

പത്താം ക്ലാസ് പരീക്ഷയിൽ തോറ്റു പോയ മലയാളം പരീക്ഷ വീണ്ടും എഴുതാനിരിക്കെ പരീക്ഷയുടെ തലേദിവസം സുകുമാരൻസിലെ സുകുമാരേട്ടൻ ജോയിയെ വിളിച്ചു. നാളെ പുലർച്ചെ പാലക്കാട്ടേക്കു പോകണം. വാണി ജയറാമിന്റെ പരിപാടിയുണ്ട്. ജോയ് പരീക്ഷയെഴുതാതെ പാലക്കാട്ടേക്കു വണ്ടികയറിയത് ചരിത്രം.

1977ൽ സംഗീത സംവിധായകൻ എ.ടി. ഉമ്മറിന്റെ നേതൃത്വത്തിൽ ഒരു ദുബായ് പ്രോഗ്രാമിന് പോകാനായി മദ്രാസിലെത്തണമെന്ന് വിളിവന്നു. ആദ്യത്തെ വിദേശയാത്രയുടെ ആഹ്ലാദം കൂട്ടുകാരോടും നാട്ടുകാരോടും പങ്കുവച്ചു. സുഹൃത്തുക്കൾ ഒത്തുചേർന്നു യാത്രയയപ്പു നൽകി. സ്‌റ്റുഡിയോയിൽ പോയി സുഹൃത്തുക്കളുമൊത്ത് ഗ്രൂപ്പ് ഫോട്ടോയെടുത്തു. മദ്രാസിലെത്തിയപ്പോഴാണ് പരിപാടി ക്യാൻസലായ വിവരമറിഞ്ഞത്. സംഘാംഗങ്ങളെല്ലാം തിരിച്ചു പോയി.  എന്നാൽ വെറുതെ മദ്രാസ് കണ്ടു മടങ്ങാൻ താനില്ലെന്നു ജോയി വാശി പിടിച്ചു. എ.ടി. ഉമ്മറിനൊപ്പം മദ്രാസിൽ നാലഞ്ചു വർഷം ജോയിയും ഗിറ്റാറും മദ്രാസിൽ താമസിച്ചു. സിനി മ്യൂസിക് യൂണിയനിൽ അംഗത്വമെടുത്തു. മുപ്പതോളം സിനിമകളിലെ ഗാനങ്ങൾക്കായി ഗിറ്റാർ വായിച്ചു. വി.എം.കുട്ടിയുടെ ട്രൂപ്പിൽ ഗായികയായിരുന്ന ഇന്ദിരയെയാണ് ജോയ് വിൻസെന്റ് വിവാഹം കഴിച്ചത്. ഗായികയായ ഇന്ദിര മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിലെ ജഡ്‌ജായെത്തിയിട്ടുണ്ട്.

 

യേശുദാസ്, ചിത്ര, സുജാത, എസ്. പി. ബാലസുബ്രഹ്‌മണ്യം എന്നിവരുടെ ഗാനമേള സംഘങ്ങളോടൊപ്പം ലണ്ടനിലെ റോയൽ ആൽബർട്ട് ഹാൾ, സിഡ്‌നിയിലെ ഒപേറാ ഹൗസ് എന്നിവിടങ്ങളിൽ ജോയ് വിൻസെന്റ് പരിപാടി അവതരിപ്പിച്ചു. തേജ് ബാൻഡിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട്ടെ കലാകാരൻമാർക്കൊപ്പമായിരുന്നു ഈ യാത്രകൾ.കേന്ദ്ര ഗവൺമന്റിന്റെ കൾചറൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി പ്രശസ്‌ത ഫ്ലൂട്ടിസ്‌റ്റ് ജി. എസ്. രാജനോടൊപ്പം ചൈന, ജർമനി, ഹംഗറി, സ്‌പെയിൻ, ലക്‌സംബർഗ്, ഫ്രാൻസ് എന്നവിടിങ്ങളിലെ വേദികളിൽ പരിപാടി അവതരിപ്പിച്ചു. പ്രശസ്‌ത സംഗീതജ്‌ഞനായ സുബിൻ മേത്ത ജർമനിയിലെ പരിപാടി തീരുവോളം കാത്തിരുന്ന് അഭിനന്ദനമറിയിച്ചു. പുതുതലമുറ സിനിമകൾക്കും ഗിറ്റാർ വായിച്ചിരുന്ന ജോയ് വിൻസെന്റ് മുന്നൂറോളം ആൽബങ്ങൾക്ക് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചു. മകൻ റിനോയ് സൈമണും മകൾ റിയ റോസ്വിനും കലോത്സവവേദികളിൽ ഗിറ്റാറിൽ സമ്മാനങ്ങൾ നേടിയിരുന്നു. കുറച്ചുകാലമായി അസുഖബാധിതനായിരുന്ന ജോയ് വിൻസെന്റ് ചെറുവണ്ണൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com