അയാൾ ഒരു വെറൈറ്റി മനുഷ്യനാണെന്ന് കേൾക്കുമ്പോൾ ചില മുഖങ്ങൾ ഓർമ വരില്ലേ? അത്തരം ഒരാളാണ് അഭിമുഖങ്ങളിലെ ഷൈൻ ടോം ചാക്കോ. സിനിമയിൽ കൃത്യമായി ജോലി ചെയ്യുന്ന പ്രതിഭയുള്ള നടൻ, സിനിമയ്ക്കു പുറത്തിറങ്ങിയാൽ ക്യാമറ കാണുമ്പോൾ ഓടി രക്ഷപ്പെടുന്ന, സംസാരിച്ചുകൊണ്ടിരിക്കേ എഴുന്നേറ്റ് നടക്കുന്ന പ്രവചിക്കാനാകാത്തയാൾ. എന്താണിങ്ങനെ എന്നു ചോദിക്കുമ്പോൾ സിനിമ എന്റെ ജോലിയാണ്. അതിൽ ഞാൻ പെർഫെക്റ്റാണ് എന്ന ഉത്തരമുണ്ട് ഷൈനിന്. ഇരുപതു വർഷം മുൻപ് ‘നമ്മൾ’ എന്ന കമൽ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിരിക്കുമ്പോൾ ജൂനിയർ ആർട്ടിസ്റ്റായി ബസ്സിന്റെ പിൻസീറ്റിൽ ഇരുന്നിട്ടുണ്ട് ഷൈൻ. ആ ചെറിയ സീൻ കാണാനായി പല തവണ തിയറ്ററിൽ പോയിരുന്ന കഥ പറയുമ്പോൾ ഷൈൻ എന്ന നടന്റെ കണ്ണുകളിൽ തിളക്കമുണ്ട്.
തന്റെ സ്വാതന്ത്ര്യം വേറെ ആരും തീരുമാനിക്കാൻ പാടില്ലെന്ന് വാശിയുള്ളതുപോലെയാണു ഷൈനിന്റെ ചില ഇടപെടലുകൾ. ഉപയോഗിക്കുന്ന ലഹരിയും ചെയ്യുന്ന ജോലിയുമാണ് തന്റെ ഇഷ്ടങ്ങൾ. കഥാപാത്രങ്ങൾ പല തരക്കാരുണ്ടാകും. എല്ലാവരും പൊളിറ്റിക്കലി കറക്റ്റ് ആയിരിക്കണമെന്ന് നിർബന്ധമില്ലെന്നും മോശം കാര്യങ്ങൾക്ക് വൻ ബിജിഎം ഇട്ടാലും അത് വിവേചന ബുദ്ധിയോടുകൂടി കാണേണ്ടത് കാഴ്ചക്കാരാണെന്നും ഷൈൻ പറയുന്നു. എല്ലാവരും നല്ലതുമാത്രം ചെയ്താൽ സിനിമയുണ്ടാവില്ലല്ലോ എന്നും ഷൈൻ പറയുന്നു.
നടൻ താളവും ലയവുമുള്ളവനാകണം എന്നു ഷൈനിന് അഭിപ്രായമുണ്ട്. നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഏഴു വർഷം നൃത്തം പഠിച്ചിട്ടുണ്ട്. സംഗീതവും നൃത്തവും അറിഞ്ഞിരുന്നാൽ അഭിനേതാവാൻ എളുപ്പമായെന്ന് ഷൈൻ മനസ്സിലാക്കുന്നു. ഭാഷയും പ്രദേശവുമൊന്നും പരിഗണിക്കാതെ കലയെ ആസ്വദിക്കുകയും അതിനെ മനസ്സിലാക്കുകയും ചെയ്‌താൽ താളവും ലയവുമുള്ള അഭിനേതാവാമെന്നു ഷൈൻ ഉറപ്പിച്ചു പറയുന്നു.