‘ഭാര്യയ്ക്കു പ്രസവ വേദന, ഭർത്താവിനു ഗാനമേള’; അച്ഛനായ ദിനം ഓർത്തെടുത്ത് വേണുഗോപാൽ, കുറിപ്പ്

venugopal-reshmi
ചിത്രം: ജി.വേണുഗോപാൽ ഫെയ്സ്ബുക്
SHARE

മകൻ അരവിന്ദ് ജനിച്ച ദിവസത്തിന്റെ അതിമനോഹര ഓർമകൾ പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. 31 വർഷങ്ങൾക്കു മുൻപ് ഗായിക സുജാത മോഹനൊപ്പം എറണാകുളത്ത് ഗാനമേളയിൽ പാടിക്കൊണ്ടിരിക്കവെയാണ് താൻ അച്ഛനായതെന്നും ഭാര്യയുടെ പ്രസവസമയത്ത് തനിക്ക് ആശുപത്രിയിൽ സന്നിഹിതനാകാന്‍ കഴിഞ്ഞില്ലെന്നും വേണുഗോപാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അന്നത്തെ ഗാനമേളയുടെ ഓർമചിത്രവും ഗായകൻ പങ്കുവച്ചിട്ടുണ്ട്. വേണുഗോപാലിന്റെ കുറിപ്പ് ഇങ്ങനെ: 

‘ഈ ഗാനമേളയ്ക്കും ദിവസത്തിനും ഒരു പ്രത്യേകതയുണ്ട്. സുജുവും ഞാനും എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ഒരു റോട്ടറി ഫണ്ട് റെയ്സിങ് പരിപാടിക്ക് പാടുന്നു. സെപ്റ്റംബർ 28,1991. രശ്മി പാലക്കാട് ആശുപത്രിയിൽ അഡ്‌മിറ്റഡ് ആയിരിക്കുന്നു. ഏതു നിമിഷവും പ്രസവിക്കാം എന്ന അവസ്ഥയിൽ. ഞാൻ കൊച്ചിക്കു വന്നു, നേരത്തെ ഏറ്റുപോയ ഗാനമേളയ്ക്കു പങ്കെടുക്കുന്നു. ഭാര്യക്ക് പ്രസവ വേദന, ഭർത്താവിന് ഗാനമേള. ഏതാണ്ട് വൈകുന്നേരം ഒരു എട്ടരമണിക്ക് അടുത്ത ബന്ധുവിന്റെ വീട്ടിൽ ഫോൺ വരുന്നു, ആൺകുട്ടി  ജനിച്ചിരിക്കുന്നു എന്ന്.( മൊബൈലുകൾക്കു മുൻപ്). ഉടൻ സ്റ്റേജിൽ  അനൗൺസ്‌മെന്റും. ചറപറാ റിക്വസ്റ്ററ്റുകൾ വരുന്നു, "രാരീരാരീരം" എന്ന ഗാനം പാടുവാൻ. അങ്ങനെ ഒരു താരാട്ടു പാടി പരിപാടി അവസാനിപ്പിക്കുന്നു. 

തൊട്ടടുത്ത ദിവസം, സെപ്റ്റംബർ 29/1991ന് തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയും ഗാനമേളയും. (താനേ പൂവിട്ട മോഹം, 1990),  അങ്ങനെ മകൻ ജനിച്ച് കൃത്യം രണ്ട് ദിവസം കഴിഞ്ഞ്, ഞാൻ പാലക്കാട് ആശുപത്രിയിലെത്തുമ്പോൾ, രശ്മിയുടെ മുഖത്ത് നിരാശയും അമർഷവും കലർന്നൊരു നോട്ടം! നിന്നെപ്പിന്നെക്കണ്ടോളാം എന്ന് മനസ്സിൽ വിചാരിച്ച്, ഞാൻ കഴുത്ത് വരെ മൂടിപ്പുതച്ച് കിടത്തിയിരിക്കുന്ന പുതിയ അതിഥിയെ നോക്കി. നല്ല നീളവും നിറവും, പാൽമണവുമുള്ള എന്റെ മകനെ അമ്മ ഒരു കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് എന്റെ മടിയിൽ വച്ചു തരുന്നു. സത്യം പറഞ്ഞാൽ അപ്പോൾ മനസ്സിൽ തോന്നിയ വികാരം പറഞ്ഞറിയിക്കാനാകില്ല. ഒരു കാര്യം തീർച്ച. പൂർണ്ണത നിറഞ്ഞ ഒരു പാട്ടിനോ, ഏതൊരവാർഡിനോ അതിന് പകരമാകാനാകില്ല’,

മകന്റെ പിറവിയെക്കുറിച്ചുള്ള വേണുഗോപാലിന്റെ ഹൃദ്യമായ കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമലോകത്തു ചർച്ചയായത്. നിരവധി പേർ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. അരവിന്ദ് വേണുഗോപാലും സംഗീതരംഗത്തു സജീവമാണ്. അരവിന്ദിന്റെ പാട്ടുകൾക്ക് ഏറെ ആരാധകരാണുള്ളത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA