പാടിക്കയറി മഡ്റോ‍ഡ്, കോട്ടയത്ത് ആവേശത്തിന്റെ ആർത്തിരമ്പൽ!

mud-road-event
SHARE

സൗഹൃദവും സംഗീതവും സമം കലർത്തി കോട്ടയത്തിന്റെ ഹൃദയങ്ങളിലേക്കു പാടിക്കയറി മഡ്റോഡ് ബാൻഡ്. ശനിയാഴ്ച കുമരകം സൂരി റിസോർട്ടിൽ പര്‍പ്പിൾ ക്രയോൺസ് സംഘടിപ്പിച്ച സംഗീതനിശ ആവേശത്തിന്റെ അലകടലായി ആർത്തിരമ്പി. പ്രായഭേദമില്ലാതെ പ്രേക്ഷകർ പാട്ടിനൊപ്പം താളം പിടിച്ചത് ഇഴയടുപ്പത്തിന്റെ കാഴ്ചകൂടിയായി.

അക്ഷരനഗരി ഇതുവരെ കാണാത്ത സംഗീതവിരുന്നാണ് പർപ്പിൾ ക്രയോൺസ് ഒരുക്കിയത്. ഈഗിൾസിന്റെയും കെന്നി റോജേഴ്‌സിന്റെയും പാട്ടുകൾക്കൊപ്പം കോട്ടയവും ആടിപ്പാടിയത് ആഘോഷരാവിനു മാറ്റേകി.

ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാൻഡ് ആണ് മഡ്റോഡ്. കണ്‍ട്രി ബ്ലൂസ് മുതൽ റോക്ക് ൻ’ റോൾ വരെയുള്ള സംഗീതശാഖകളിൽനിന്നു സ്വാധീനമുൾക്കൊണ്ടാണ് നാലംഗ സംഘം മഡ്റോഡ് എന്ന പേരിൽ ബാൻഡിനു തുടക്കം കുറിച്ചത്. ഈ ചെറുപ്പക്കാരുടെ സംഗീതം, ഇതിനകം വിവിധ രാജ്യങ്ങളിലായി നിരവധി വേദികൾ കീഴടക്കിക്കഴിഞ്ഞു. 

ചെന്നൈ, കൊച്ചി, മംഗലാപുരം, ഗോവ എന്നിവിടങ്ങളിലെല്ലാം പരിപാടികൾ അവതരിപ്പിച്ച ശേഷമാണ് മഡ്റോഡ് കോട്ടയത്തെത്തിയത്. ഷെറിഡൻ ബ്രാസും ജെറുഷ വർഗീസുമാണ് സംഘത്തിലെ മുഖ്യ ഗായകർ. ഡാനിയേൽ സെൽവരാജ് ഡ്രംസിലും ജോഷ്വ സെൽവരാജ് അകൗസ്റ്റിക് ഗിറ്റാറിലും താളമിട്ടു. ലീഡ് ഗിറ്റാറിസ്റ്റ് ബ്ലെസിൻ ഇമ്മാനുവൽ ഈണംകൊണ്ടു മാന്ത്രികത തീർത്തത് ആസ്വാദകഹൃദയങ്ങളെ അതിശയിപ്പിച്ചു. ആഷിഷ് പോളാണ് ബാൻഡിലെ ബാസ് ഗിറ്റാറിസ്റ്റ്. ജോഷ്വ കോസ്റ്റ കീബോർഡിസ്റ്റും.

പാട്ടുമായി കോട്ടയത്തെത്തുന്നത് മഡ്റോ‍ഡിന്റെ ആദ്യ അനുഭവമാണ്. ആസ്വാദകരുടെ പിന്തുണയോട് സംഘാംഗങ്ങൾ നന്ദി അറിയിച്ചു. ഇനിയും ഈണങ്ങളുമായി അക്ഷരനഗരിയിലേക്കെത്തുമെന്നുറപ്പു നൽകിയാണ് മഡ്റോഡ് മടങ്ങിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS