വോയ്സ് ഓഫ് ഇറ്റലിയിലെ വിജയി, കന്യാസ്ത്രീപട്ടം ഉപേക്ഷിച്ച് ഹോട്ടൽ ജോലിയിൽ, അതിശയിപ്പിച്ച് ക്രിസ്റ്റീന!

Cristina-Scuccia
SHARE

ലോകപ്രശസ്ത സംഗീത റിയാലിറ്റി ഷോ ‘വോയ്സ് ഓഫ് ഇറ്റലി’യിലെ വിജയി ക്രിസ്റ്റീന സൂസിയയാണ് ഇപ്പോൾ സമൂഹമാധ്യമലോകത്തെ ചർച്ചാവിഷയം. ക്രിസ്റ്റീനയുടെ വിജയത്തേക്കാളുപരിയായി കഴിഞ്ഞകാലമാണ് ചർച്ചയാകുന്നത്. അന്ന് അവർ സിസ്റ്റർ ക്രിസ്റ്റീനയായിരുന്നു. കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച അവർ, നിലവിൽ ഹോട്ടൽ ജീവനക്കാരിയാണ്. 2014ലെ ദ് വോയ്സ് ഓഫ് ഇറ്റലി ഷോയില്‍ വിജയിയായി 8 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഇറ്റാലിയന്‍ ടോക് ഷോയിലാണ് താന്‍ കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച വിവരം ക്രിസ്റ്റീന പങ്കുവച്ചത്.

റിയാലിറ്റി ഷോയിൽ പങ്കെടുക്കവേ ക്രിസ്റ്റീനയ്ക്കു പരിപൂർണ പിന്തുണയുമായി മദർ സുപ്പീരിയർ ഉൾപ്പെടെയുള്ള കന്യാസ്ത്രീകളും എത്തിയിരുന്നു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. 25ാം വയസ്സിലായിരുന്നു ക്രിസ്റ്റീനയുടെ അതിശയിപ്പിക്കും നേട്ടം. കര്‍ദ്ദിനാള്‍മാര്‍ അടക്കമുള്ളവര്‍ ക്രിസ്റ്റീനയുടെ മികവിനെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു. വോയ്സ് ഓഫ് ഇറ്റലിയിലെ മിന്നും പ്രകടനത്തിന്, ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി പ്രശംസകൾ ക്രിസ്റ്റീനയെ തേടിയെത്തിയെങ്കിലും യാഥാസ്ഥിതികരുടെ ഭാഗത്തുനിന്നും രൂക്ഷ വിമർശനങ്ങളും ഉയർന്നു. 

മിലാനിലെ ഉറുസുലിന്‍ സിസ്റ്റേഴ്സ് ഓഫ് ദ് ഹോളി ഫെയ്ത് കോണ്‍വെന്‍റിലെ അംഗമായിരുന്നു ക്രിസ്റ്റീന. റിയാലിറ്റി ഷോയിലെ വിജയത്തിനു ശേഷം ക്രിസ്റ്റീന സ്വതന്ത്ര സംഗീത ആല്‍ബവും ഒരുക്കി. മഡോണയുടെ ‘ലൈക്ക് എ വിര്‍ജിന്‍’ എന്ന ഗാനത്തിന്‍റെ കവര്‍ പതിപ്പ് അടക്കമുള്ള ഈ ആല്‍ബം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമ്മാനിച്ചത് വലിയ വാർത്തയായിരുന്നു. 

ഏതാനും ദിവസങ്ങൾക്കു മുൻപാണ് താൻ കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച കാര്യം ക്രിസ്റ്റീന സൂസിയ വെളിപ്പെടുത്തിയത്. ഹൃദയത്തിനു പറയാനുള്ളതു ധൈര്യത്തോടെ കേള്‍ക്കാനാണ് നാം ശ്രമിക്കേണ്ടതെന്ന് അഭിമുഖത്തിൽ ക്രിസ്റ്റീന പറയുന്നു. ‘മാറ്റം എന്നുള്ളത് പരിണാമത്തിന്‍റെ ഭാഗമാണ്. എന്നാല്‍ അത് പേടിപ്പെടുത്തുന്നതുമാണ്. മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്നു കരുതുന്നതിനേക്കാള്‍ സ്വയം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ നേരിടേണ്ടി വരുന്നതിനാലാണ് മാറ്റം പേടിപ്പിക്കുന്നതായിത്തീരുന്നത്. ഞാൻ വിശ്വാസം ഉപേക്ഷിച്ചിട്ടില്ല. കന്യാസ്ത്രീ പട്ടം മാത്രമാണു വേണ്ടെന്നുവച്ചത്. സംഗീതത്തില്‍ കരിയര്‍ കണ്ടെത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്നോർത്ത് ആശങ്കപ്പെടാതെ ഹൃദയം പറയുന്നതു കേള്‍ക്കാനായിരുന്നു എന്റെ തീരുമാനം. തീരുമാനമെടുക്കല്‍ ഒട്ടും എളുപ്പമായിരുന്നില്ല. മനഃശാസ്ത്രജ്ഞന്‍റെ സഹായം വരെ തേടേണ്ടി വന്നു’, ക്രിസ്റ്റീന സൂസിയ പറഞ്ഞു.

റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനു സഭയിൽ നിന്നു സമ്മിശ്ര പ്രതികരണമാണു ക്രിസറ്റീനയ്ക്കു ലഭിച്ചത്. പിന്നാലെ മഡോണയുടെ പാട്ടിനു കവർ ഒരുക്കിയതിനെത്തുടർന്ന് വിമർശനങ്ങളും ഉയർന്നു. പ്രശസ്തിയുടെ കൊടുമുടിയിലെത്തി നില്‍ക്കുമ്പോള്‍ നേരിട്ട രൂക്ഷ വിമര്‍ശനമാകാം കന്യാസ്ത്രീക്ക് ആശയക്കുഴപ്പമുണ്ടാക്കിയതെന്നാണു വിഷയത്തേക്കുറിച്ചു ‍സഭാ വക്താവ് പ്രതികരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA