ബലാത്സംഗ കേസിൽ കനേഡിയൻ–ചൈനീസ് പോപ് ഗായകൻ ക്രിസ് വുവിന് 13 വർഷം തടവ് ശിക്ഷ വിധിച്ച് ബെയ്ജിങ്ങിലെ കോടതി. മദ്യലഹരിയിലായിരുന്ന മൂന്ന് സ്ത്രീകളെ 2020 നവംബർ മുതൽ ഡിസംബർ വരെ തന്റെ വീട്ടിൽ വച്ച് ക്രിസ് വു ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തെക്കുറിച്ച് ചായോങ് ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ബെയ്ജിങ്ങിൽ വച്ച് ക്രിസ് അറസ്റ്റിലായിരുന്നു. തന്നെയും മറ്റു പെൺകുട്ടികളെയും ക്രിസ് പീഡിപ്പിക്കാൻ ശ്രമിച്ചതായി ഒരു വിദ്യാർഥി പര്യസ്യമായി ആരോപിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്. തന്നെ മദ്യം കുടിപ്പിച്ച ശേഷം ക്രിസ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതായും വിദ്യാർഥി മാധ്യമങ്ങളോടു വെളിപ്പെടുത്തി. ഇതോടെ ക്രിസിന്റെ താപരിവേഷം തകർന്നടിഞ്ഞു. ലൈംഗികാതിക്രമ ആരോപണങ്ങളെ തുടർന്നു ജയിലിലടയ്ക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും പ്രമുഖനായ വ്യക്തി കൂടിയായി മാറിയിരിക്കുകയാണ് ക്രിസ്.
വു യിഫാൻ എന്ന പേരിലാണ് ക്രിസ് വു ചൈനയിൽ അറിയപ്പെട്ടിരുന്നത്. ചൈനയിൽ ജനിച്ച് കാനഡയിൽ വളർന്ന ക്രിസ് വു, കൊറിയൻ പോപ് ബാൻഡായ എക്സോയിലൂടെയാണ് ശ്രദ്ധേയനായത്. ദശലക്ഷക്കണക്കിനു പേരാണ് സമൂഹമാധ്യമങ്ങളില്‍ ഇയാൾക്കു ഫോളോവേഴ്സ് ആയി ഉള്ളത്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ അംബാസഡറുമായിരുന്നു ക്രിസ് വു.