ADVERTISEMENT

വളർത്തു നായ ഹിയാഗോയുടെ അപ്രതീക്ഷിത വേർപാടിന്റെ വേദന പങ്കിട്ട് സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അഭയ ഹിരൺമയിയും. നായയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇരുവരും വേദനയുടെ ആഴം വിവരിച്ചത്. ഹിയാഗോയുടെ ചിത്രങ്ങളും വിഡിയോകളും അഭയ ഹിരൺമയിയും ഗോപി സുന്ദറും മുൻപ് പല തവണ പങ്കുവച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചായിരുന്നപ്പോൾ ഹിയാഗോയും ഒപ്പമുണ്ടായിരുന്നു. വളർത്തുനായയുടെ വേർപാടിൽ ഗോപി സുന്ദർ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:

 

‘വളരെയധികം മനോവിഷമത്തോടെയാണ് ഇതെഴുതുന്നത്. എന്റെ സങ്കടം ആർക്കെങ്കിലും മനസ്സിലാകുമോയെന്ന് അറിയില്ല. എന്റെ കുടുംബത്തിലെ ഒരു അംഗമായിരുന്നു അവൾ. അവളെ ഒരു വളർത്തുമൃഗം എന്ന രീതിയിൽ വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളിൽ ഒരാളായിരുന്ന അവൾ ഇന്നു വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 12 വർഷമായി അവൾ എന്റെ കൂടെയുണ്ട്. ഒരുപക്ഷേ എന്നേക്കാൾ അവൾക്കായിരിക്കും എല്ലാ കാര്യങ്ങളും ഓർമയുണ്ടാവുക. ചെന്നൈ മറീന ബീച്ചിലൂടെയുള്ള അവളുടെ ആദ്യ ചുവടുകൾ, ഒരു മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ തന്നെ അവളുടെ ചെറിയ പേടികളെല്ലാം ഞാൻ മാറ്റിയെടുത്തു. എനിക്കെന്ന പോലെ എന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു അവൾ. എന്തൊക്കെ രഹസ്യങ്ങളും മനോഹര നിമിഷങ്ങളും ഞങ്ങൾ തമ്മിൽ പങ്കുവച്ചിരിക്കുന്നു. എന്റെ ഹൃദയത്തിൽ എന്നും ഒരിടം അവൾക്കായി ഉണ്ട്. നീ എന്നും സ്നേഹിക്കപ്പെടുകയും ഓർമിക്കപ്പെടുകയും ചെയ്യും. സ്വർഗത്തിൽ ഒരു വീട് കണ്ടെത്താൻ നിനക്കു സാധിക്കട്ടെ’.

 

ഗോപി സുന്ദറിന്റെ ജീവിതപങ്കാളിയായിരുന്ന ഗായിക അഭയ ഹിരൺമയിയും വളർത്തുനായയുടെ വിയോഗത്തിന്റെ വേദന പങ്കിട്ടു. ‘ഞങ്ങളുടെ സർവസ്വവും. ഞങ്ങളുടെ രാജകുമാരി ലോകത്തോടു വിട പറഞ്ഞിരിക്കുകയാണ്. ഹിയാഗോ, ഞങ്ങളെ നല്ലതുപോലെ നോക്കിയതിനു നന്ദി. ഇപ്പോൾ ഒന്നും എഴുതാൻ സാധിക്കുന്നില്ല എന്നതാണു സത്യം. വികാരങ്ങൾക്കും വാക്കുകൾക്കുമൊക്കെ അപ്പുറമാണ് നീ. എനിക്കറിയാം, മറ്റൊരു ലോകത്ത് നീ നിന്റെ അച്ഛനുമായി സംസാരിക്കുകയായിരിക്കും. നീ മനുഷ്യനാണോ നായയാണോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ ഒന്നുറപ്പാണ്, നീ ഞങ്ങൾക്കെല്ലാമായിരുന്നു’, അഭയ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com