ADVERTISEMENT

പോപ് താരം ലേഡി ഗാഗയുടെ ഡോഗ് വാക്കറെ വെടിവച്ചു വീഴ്ത്തിയ സംഭവത്തിൽ പ്രതി ജെയിംസ് ഹവാർഡ് ജാക്സണ് 21 വർഷത്തെ തടവു ശിക്ഷ. ഗായികയുടെ വളർത്തു നായ്ക്കളെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് നായകളുടെ സംരക്ഷകനായ റയാൻ ഫിഷറിനു വെടിയേറ്റത്. നെഞ്ചിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. 

 

മോഷണത്തിനും കൊലപാതകശ്രമത്തിനും ജെയിംസ് ഹവാർഡ് ജാക്സണൊപ്പം 3 പേർ കൂടി പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. അക്രമാസക്തമായ കവര്‍ച്ചയ്ക്കും അനന്തര ഫലങ്ങള്‍ക്കുമാണ് പ്രതികൾ കാരണമായതെന്ന് ലൊസാഞ്ചലസ് കൌണ്ടി ഡിസ്ട്രിക്ട് അറ്റോണി ഓഫിസ് നിരീക്ഷിച്ചു. മോഷണ ശേഷമാണ് നായ്ക്കൾ ലേഡി ഗാഗയുടേതാണെന്നു പ്രതികൾ തിരിച്ചറിഞ്ഞതെന്നാണു കണ്ടെത്തൽ.

 

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ലേഡി ഗാഗയുടെ ഫ്രഞ്ച്ബുൾഡോഗ് ഇനത്തിൽപ്പെട്ട രണ്ടു നായ്ക്കള്‍ മോഷണം പോയത്. ഏതാനും ദിവസങ്ങൾക്കകം ഇവയെ തിരികെ കിട്ടി. പ്രദേശവാസിയായ യുവതി നായ്ക്കളെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. നായ്ക്കളെ കണ്ടെത്തുന്നവർക്കു പ്രതിഫലമായി ലേഡി ഗാഗ മൂന്നര കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ഈ തുക പിന്നീട് യുവതിക്കു കൈമാറി.

 

കോജി, ഗുസ്താവ്, മിസ് ഏഷ്യ എന്നീ മൂന്ന് നായ്ക്കളാണ് ഗാഗയ്ക്ക് ഉള്ളത്. റയാൻ ഫിഷർ നായ്ക്കളെയുംകൊണ്ട് നടക്കാനിറങ്ങിയപ്പോൾ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. റയാനെ വെടിവച്ചിട്ട ശേഷം സംഘം മൂന്ന് നായ്ക്കളെയും തട്ടിയെടുത്തു. സംഘാംഗങ്ങളുടെ കയ്യിൽ നിന്നും രക്ഷപെട്ട‌ മിസ് ഏഷ്യ എന്ന നായയെ പിന്നീട് പൊലീസ് കണ്ടെത്തി. 

 

ലേഡി ഗാഗയുടെ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ ആരാധകർക്ക് ഏറെ സുപരിചിതമാണ് കോജി, ഗുസ്താവ്, മിസ് ഏഷ്യ എന്നീ നായ്ക്കൾ. ഇവയുടെ ചിത്രങ്ങൾ ഗായിക ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത ടോയ് ബുൾഡോഗുകളും പാരീസിലുള്ള പ്രാദേശിക വകഭേദങ്ങളും തമ്മിലുള്ള സങ്കരയിനമാണ് ഫ്രഞ്ച് ബുൾഡോഗുകൾ. ഏറെ സൗഹൃദവും സൗമ്യതയും ഉള്ള നായ്ക്കളാണിവ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com