തെരുവില്‍ ലതാജീയുടെ പാട്ട് പാടി അജ്ഞാതഗായിക; വൈറൽ താരത്തെ തിരഞ്ഞ് സോഷ്യൽ മീഡിയ

Mail This Article
മുംബൈ നഗരത്തിലെ തെരുവീഥിയിൽ പാട്ട് പാടുന്ന അജ്ഞാത ഗായികയുടെ വിഡിയോ വൈറൽ ആകുന്നു. സംഗീത ഇതിഹാസം ലത മങ്കേഷ്കറിന്റെ ‘സുനോ സജ്‌ന’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് അവർ ആലപിക്കുന്നത്. ‘നമുക്ക് പുതിയൊരു ഗായികയെ കിട്ടി’ എന്ന അടിക്കുറിപ്പോടെ സൽമാൻ സയ്യിദ് എന്നയാളാണ് പാട്ട് വിഡിയോ പങ്കുവച്ചത്.
വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണ് ഈ വൈറൽ ഗായിക ആരെന്ന് അന്വേഷിക്കുന്നത്. ആസ്വാദകരിൽ പലരും വിഡിയോ ഷെയർ ചെയ്യുന്നുമുണ്ട്. ലത മങ്കേഷ്കറിന്റെ ശബ്ദത്തോടു സാമ്യമുള്ള ആലാപനമാണിതെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.
ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ വിഡിയോ ഇതിനോടകം 7 ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു. ഒരു ലക്ഷത്തിലേറെ ലൈക്കുകൾ ആണ് ലഭിച്ചത്. ആയിരക്കണക്കിനു കമന്റുകളും വിഡിയോയ്ക്കു താഴെ നിറയുന്നു. 1966 ൽ പുറത്തിറങ്ങിയ ‘ആയെ ദിൻ ബഹാർ കേ’ എന്ന ചിത്രത്തിലേതാണ് ‘സുനോ സജ്‌ന’ എന്ന ഗാനം.