ADVERTISEMENT

എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ പാട്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാര നേട്ടത്തിൽ തിളങ്ങി നിൽക്കുമ്പോൾ ആ ഈണത്തിനു പിന്നിലെ പ്രതിഭയെ, എം.എം.കീരവാണിയെ ആദരവോടെ നോക്കിക്കാണുകയാണ് രാജ്യം. ഒപ്പം അദ്ദേഹത്തെക്കുറിച്ചു കൂടുതൽ തിരച്ചിലുകളും നടക്കുന്നു ഇന്റർനെറ്റിൽ. ആരാണ് രാജ്യത്തെ ഗോൾഡൻ ഗ്ലോബിന്റെ കൊടുമുടി കയറ്റിയ കീരവാണി? 

 

പാട്ടുകളാൽ സമ്പന്നമായ ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രം മാത്രം മതി കീരവാണി എന്ന സംഗീതസംവിധായകനെ ഓർമിക്കാൻ.1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിലാണ് കൊഡൂരി മരകതമണി കീരവാണിയെന്ന എം.എം.കീരവാണിയുടെ ജനനം. കെ.ചക്രവർത്തിയെന്ന പ്രതിഭയുടെ കീഴിൽ ചലച്ചിത്ര സംഗീത യാത്ര ആരംഭിച്ചു. 

 

1990ൽ കൽക്കിയെന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധാന രംഗത്തെത്തിയെങ്കിലും ചിത്രം പുറത്തിറങ്ങാത്തതിനാൽ പാട്ടും ശ്രദ്ധ നേടിയില്ല. അതേ വർഷം മൗലിയുടെ മനസ്സ് മമത എന്ന സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ കീരവാണിയെന്ന പേരുറപ്പിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. തൊട്ടടുത്ത വർഷം ക്ഷണാ ക്ഷണം എന്ന രാം ഗോപാൽ വർമ ചിത്രത്തിലൂടെ കീരവാണി ഇന്ത്യയുടെ ശ്രദ്ധ നേടി. മ്യൂസിക് ചാർട്ട് ബീറ്റുകളിലെങ്ങും കീരവാണി പാട്ടുകൾ നിറഞ്ഞ ആ നാളുകൾക്കു ശേഷം പിന്നീടദ്ദേഹത്തിനു തിരി‍ഞ്ഞു നോക്കേണ്ടി വന്നില്ല. 

 

ഇതുവരെ വിവിധ ഭാഷകളിലായി 220ലേറെ ചിത്രങ്ങൾക്കു കീരവാണി ഈണമിട്ടു. 1997ല്‍ അണ്ണാമയ്യയിലെ ഗാനങ്ങൾക്കു ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. മഗധീര, ക്രിമിനൽ തുടങ്ങി അഞ്ചു സിനിമകൾക്കു ഫിലിം ഫെയർ അവാർ‍ഡും കീരവാണിയെ തേടിവന്നു. അഴകൻ എന്ന സിനിമയ്ക്കു പാട്ടൊരുക്കിയതിനു തമിഴ്നാടു സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരവും കീരവാണിക്കു ലഭിച്ചു. മലയാളവും നെഞ്ചോടു ചേർത്തു, കീരവാണി ഈണങ്ങൾ ആവോളം. സൂര്യമാനസം, നീലഗിരി, ദേവരാഗം എന്നിവയാണു മലയാളത്തിൽ കീരവാണി ഈണമിട്ട പ്രധാന ചിത്രങ്ങള്‍. 

 

എസ്.പി.ബാലസുബ്രഹ്മണ്യം, കെ.എസ്.ചിത്ര എന്നിവരുടെ സ്വരമാണ് കീരവാണി തന്റെ ഈണങ്ങളില്‍ ഏറ്റവുമധികം ഉപയോഗിച്ചതെന്നതാണ് മറ്റൊരു പ്രത്യേകത. അതുപോലെ എസ്.എസ് രാജമൗലിയെന്ന അനന്തരവന്റെ ചിത്രങ്ങളിലെല്ലാം ഈണമിട്ടതും കീരവാണി തന്നെ. ഏറ്റവുമൊടുവിൽ ആർആർആറിലെ 'നാട്ടുനാട്ടു' പാട്ടിനെ ഗോൾഡൻ ഗ്ലോബിലൂടെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയും ചെയ്തു അദ്ദേഹം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com