‘ഞാൻ പോഖരയിലെ കാഴ്ച ആസ്വദിക്കാൻ പോകുന്നു’; അവസാന ചിത്രം, മരണത്തിന് ഒരു മണിക്കൂർ മുൻപ്, നോവായി നിര
Mail This Article
നേപ്പാളിൽ വിമാനാപകടത്തിൽ മരിച്ച നാടോടി ഗായിക നിര ഛന്ത്യാല്‍ അവസാനമായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുകളും ആരാധകരുടെ നെഞ്ചുലയ്ക്കുന്നു. മകര സംക്രാന്തിയോടനുബന്ധിച്ച് പോഖരയിൽ ഇന്നു നടക്കാനിരുന്ന സംഗീതപരിപാടിയിൽ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു നിര. അപകടത്തിന് ഒരു മണിക്കൂർ മുന്‍പ് പുതുചിത്രം പങ്കിട്ട് നിര ഇങ്ങനെ കുറിച്ചു: ‘മകര സംക്രാന്തിയുടെ ഈ മഹത്തായ അവസരത്തിൽ, സ്വദേശത്തും വിദേശത്തുമുള്ള എല്ലാ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സഹോദരിമാർക്കും ഞാൻ എന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു’.
അപകടത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് മറ്റു ചില ചിത്രങ്ങളും നിര പങ്കുവച്ചിരുന്നു. കഠ്മണ്ഡുവിലെ സംഗീതപരിപാടി വിജയകരമായി പൂർത്തിയായെന്നും ഇനി നാളെ പോഖരയിലെ പരിപാടി ആസ്വദിക്കാന്‍ പോവുകയാണെന്നുമായിരുന്നു ചിത്രങ്ങൾക്കൊപ്പം നിര കുറിച്ചത്. എന്നാൽ ആ യാത്ര പാതിയിൽ അവസാനിച്ചതിന്റെ ആഘാതത്തിലാണ് ഗായികയുടെ ആരാധകര്‍. ആരെയും അതിശയിപ്പിച്ചു പാടിക്കയറുന്ന 22കാരി നിര, പാതിയിൽ മുറിഞ്ഞ ഈണമായി മാഞ്ഞു പോയത് ഇനിയും അംഗീകരിക്കാനായിട്ടില്ല ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും.
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരുന്നു നിര ഛന്ത്യാല്‍. ഓരോ സംഗീതപരിപാടിയുടെയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുക പതിവായിരുന്നു. നിരയുടെ വസ്ത്രധാരണരീതിക്കും ആരാധകർ ഏറെ. സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കും വിധത്തിലുള്ള ജീവിതരീതിയായിരുന്നു നിരയുടേത്. നേപ്പാളിലെ ബഗ്‍ലങ്ങിൽ ജനിച്ചു വളർന്ന നിര ഛന്ത്യാല്‍, തലസ്ഥാനമായ കഠ്മണ്ഡുവിലായിരുന്നു താമസം. നിരയുടെ സഹോദരി ഹീര ഛന്ത്യാല്‍ ആണ് ഗായികയുടെ മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.