ADVERTISEMENT

രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’ പാട്ടിനു ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചപ്പോൾ താൻ നിശ്ചലമായി നിന്നുപോയെന്ന് പാട്ടിന്റെ നൃത്തസംവിധായകൻ പ്രേം രക്ഷിത്. പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ തന്റെ മനസ്സ് ശൂന്യമായിപ്പോയെന്നും ഒന്നര മണിക്കൂറിലേറെ നേരം ബാത്‌റൂമിൽ പോയി നിന്നു കരഞ്ഞുവെന്നും പ്രേം പറയുന്നു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രേം രക്ഷിത് മനസ്സു തുറന്നത്.

 

എം.എം.കീരവാണിയാണ് ‘നാട്ടു നാട്ടു’ പാട്ടിനു സംഗീതം നൽകിയത്. ‍ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയ ജൂനിയര്‍ എൻടിആറും രാംചരണും പാട്ടിൽ അവതരിപ്പിച്ച നൃത്തച്ചുവടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുവരും വളരെ മികച്ച നർത്തർ ആണെന്നും ഈ അംഗീകാരങ്ങൾക്കു കാരണം അവരുടെ അധ്വാനം കൂടിയാണെന്നും പ്രേം പറഞ്ഞു. താൻ ചിട്ടപ്പെടുത്തിയ നൃത്തത്തിന്റെ എല്ലാ ഭാരവും താങ്ങിയത് കീരവാണിയുടെ സംഗീതമാണെന്നും പ്രേം രക്ഷിത് കൂട്ടിച്ചേർത്തു. 

 

‘ആ പുരസ്കാര വാര്‍ത്ത കേട്ടപ്പോള്‍ എന്റെ മനസ്സ് ശൂന്യമായിപ്പോയി. ഒന്നര മണിക്കൂറിലധികം ഞാൻ ബാത്ത്റൂമില്‍ കയറി നിന്നു കരഞ്ഞു. അസാധ്യമെന്നു തോന്നുന്ന ഈ കാര്യം സാധ്യമായത് രാജമൗലി സാറിന്‍റെ കഠിനാധ്വാനം കൊണ്ടാണ്. അദ്ദേഹം പാട്ടിനെക്കുറിച്ച് എല്ലാ തരത്തിലുമുള്ള വിശദീകരണം നൽകിയിരുന്നു. റിഹേഴ്സലിനും ഷൂട്ടിനും 20 ദിവസത്തെ സമയം വേണ്ടിവന്നു. രണ്ട് മാസം കൊണ്ടാണ് നൃത്തം ചിട്ടപ്പെടുത്തിയത്. 

 

രാംചരണും ജൂനിയർ എൻടിആറും പാട്ടിനുവേണ്ടി തികഞ്ഞ അർപ്പണബോധത്തോടെയാണ് പ്രവർത്തിച്ചത്. ഞാൻ പറഞ്ഞതുപോലെ തന്നെ അവർ എല്ലാം ചെയ്തു. ഒരാള്‍ സിംഹം ആണെങ്കില്‍ മറ്റൊരാള്‍ ചീറ്റ എന്ന നിലയിലാണ് ഇരുവരും മത്സരിച്ച് ഡാന്‍സ് ചെയ്തത്. രാജമൗലി സാറും മുഴുവന്‍ സമയവും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.

 

നാട്ടു നാട്ടു എന്ന ഗാനത്തിനു വേണ്ടി 118 സ്റ്റെപ്പുകളാണ് ഞാൻ ചിട്ടപ്പെടുത്തിയത്. സാധാരണ 2-3 സ്റ്റെപ്പുകളാണ് ഒരു ഗാനത്തിനു വേണ്ടി കൊറിയോഗ്രാഫ് ചെയ്യുക. രാംചരണും ജൂനിയര്‍ എന്‍ടിആറും നല്ല നര്‍ത്തകരാണെങ്കിലും നാട്ടു നാട്ടു അവരുടെ ശൈലിയിലുള്ള ഡാന്‍സ് അല്ല. അപ്പോള്‍ ഇരു നടന്മാരും ഒന്നിച്ച് ഇത് എങ്ങനെ നടത്തിയെടുക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഒരു മാജിക്ക് പോലെ അത് സാധ്യമായി’, പ്രേം രക്ഷിത് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com