ഉമ്പായിക്ക് ‘ജന്മാന്തരങ്ങളുടെ’ ഗുരുദക്ഷിണയുമായി ശിഷ്യ

umbai-tribute
SHARE

മലയാളത്തിന്റെ ഗസൽസന്ധ്യകളിലേക്കു സ്വരനിലാവായി പെയ്തിറങ്ങിയ ഉമ്പായി വിടവാങ്ങിയിട്ട് 4 വർഷത്തിലേറെ പിന്നിടുമ്പോൾ വിഖ്യാത ഗായകനുള്ള ഗുരുദക്ഷിണയുമായി വന്നിരിക്കുകയാണ് പ്രിയശിഷ്യയും കാസർകോട് സ്വദേശിയുമായ ശോഭ കുഞ്ഞുമുഹമ്മദ്. മനോരമ മ്യൂസിക് തയാറാക്കിയ ‘ജന്മാന്തരങ്ങളായ്’ എന്ന മ്യൂസിക് ആൽബം ഗായകന്റെ ഓർമകൾക്കു മുന്നിൽ സമ്മാനിക്കുന്ന സംഗീതോപഹാരം കൂടിയാണ്. ശോഭയാണ് ഗസൽഗാനത്തിനു വരികളെഴുതിയിരിക്കുന്നതും പശ്ചാത്തലത്തിൽ അഭിനയിക്കുന്നതും. ഗസൽ ആലപിച്ചിരിക്കുന്നത് ഹരിഹരൻ. ശോഭയുടെ മകൻ ഡോ. ആരിഫ് മുഹമ്മദ് ആണ് ഈണം നൽകിയത്. 

മട്ടാഞ്ചേരിയിലെ തെരുവുകളിൽ നിന്നു മലയാളത്തിന്റെ ഗസൽ ചക്രവർത്തിപദത്തിലേക്കുയർന്ന ഉമ്പായിയുടെ വേർപാടിനു ശേഷം 4 വർഷം കാത്തിരിക്കേണ്ടിവന്നു ശോഭയ്ക്ക് തന്റെ സംഗീതോപഹാരം തയാറാക്കാൻ. കുടുംബസുഹൃത്തും ഗുരുവുമായിരുന്നു ശോഭയ്ക്ക് ഉമ്പായി. ഒഎൻവിയുടെയും യൂസഫലി കേച്ചേരിയുടെയും കവിതകൾ ഗസലാക്കി പാടി പരിശീലിക്കാൻ ഉമ്പായി പതിവായി ശോഭയുടെ കുടുംബവീട്ടിൽ എത്തുമായിരുന്നു. സായാഹ്നങ്ങൾ മിക്കതും ഗസലീണങ്ങളിലലിഞ്ഞ ഓർമകൾ ഇപ്പോഴും ശോഭയുടെ മനസ്സിലുണ്ട്. ‘‘കവിതകൾ ഗസലാക്കി മാറ്റുമ്പോൾ ചില വരികളിൽ ഈണത്തിനനുസരിച്ചു ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വരും. അത്തരം തിരുത്തിയെഴുത്തുകൾ അന്നു ഞാനാണ് ചെയ്തുകൊടുക്കുക. മാറ്റി എഴുതിയ ശേഷം ഒഎൻവി സാറിനും മറ്റും അയച്ചുകൊടുക്കുമ്പോൾ അവർ വളരെ നല്ല അഭിപ്രായം പറയുമായിരുന്നു. അതുകൊണ്ടാകാം ഉമ്പായി എപ്പോഴും എന്നോടു പറയും, സ്വന്തമായി ഒരു ഗസൽഗാനം എഴുതിനോക്കൂ എന്ന്. പക്ഷേ അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ഉമ്പായിക്ക് മലയാളത്തേക്കാൾ ഉറുദുവിലായിരുന്നു പ്രാവീണ്യം. ചില മലയാള പദങ്ങളുടെ അർഥം തന്നെ അറിയില്ല. അതൊക്കെ ഞാനാണ് അദ്ദേഹത്തിനു വിശദീകരിച്ചുകൊടുക്കാറുണ്ടായിരുന്നത്. ’’ ഉമ്പായിയെക്കുറിച്ചുള്ള ഓർമകളിൽ ശോഭ വാചാലയാകുന്നു. 

ഉമ്പായിക്ക് ഗസൽഗാനങ്ങളുടെ അർഥം പറഞ്ഞും വിശദീകരിച്ചുംകൊടുത്താണ് ശോഭ ഗസലുകളുടെ ലോകത്തേക്കു കടന്നുവരുന്നത്.  സംഗീതം പഠിച്ചിട്ടില്ല. മുൻപൊരിക്കലും കവിതകളെഴുതിയിരുന്നുമില്ല. പക്ഷേ ഉമ്പായിയുടെ എല്ലാ ഗസലുകളിലും ശോഭയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. അതാണ് പിന്നീട് എഴുത്തിനുള്ള പ്രചോദനമായത്. ഉമ്പായിയുടെ പ്രോൽസാഹനത്തിൽ ശോഭ നാല് ഗസലുകൾക്കു വരികളെഴുതി. എല്ലാം ഉമ്പായിക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ഭർത്താവ് മുഹമ്മദ് കുഞ്ഞും കുടുംബവും എല്ലാ പിന്തുണയും നൽകി.

‘ഒൻപത് ഗസലുകൾ തികച്ചെഴുതിക്കഴിഞ്ഞാൽ നമുക്ക് ഇതൊരു ആൽബമാക്കാം, ഞാൻ തന്നെ പാടാം’ എന്ന് പറഞ്ഞ് ഉമ്പായി വീണ്ടും നിർബന്ധിച്ചുകൊണ്ടേയിരുന്നു. പക്ഷേ 9 ഗസലുകൾ എഴുതി പൂർത്തിയാക്കുംമുൻപേ, ശോഭയുടെ സ്വപ്നം ആൽബമാക്കും മുൻപേ പാതിമുറിഞ്ഞൊരു ഗസൽപോലെ ഉമ്പായി യാത്രയായി. അത് ശോഭയ്ക്കു വല്ലാത്തൊരു മാനസികാഘാതമായി മാറി. ഗുരുവിനുകൊടുത്ത വാക്ക് സമയത്ത് പാലിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ഒരു കുറ്റബോധമായി മാറിയപ്പോഴാണ് ശോഭ തന്റെ ഒരു ഗസലെങ്കിലും ഉമ്പായിയുടെ ആരാധകരിലേക്ക് എത്തിക്കണം എന്നു തീരുമാനിച്ചത്.

ഉമ്പായി ഉപേക്ഷിച്ചുപോയ ഹാർമോണിയത്തിലേക്ക്, ഗസലീണങ്ങളിലേക്കുള്ള ശോഭയുടെ മടങ്ങിവരവുകൂടിയാണ് ‘ജന്മാന്തരങ്ങളായ്’ എന്ന മ്യൂസിക് ആൽബം. ശോഭയുടെ മകൻ വിയന്നയിലുള്ള ഡോ. ആരിഫ് ആണ് ഗസലിന് ഈണം നൽകിയത്. ഉമ്പായിയുടെ അഭാവത്തിൽ ഹരിഹരൻ തന്നെ പാടണമെന്നതായിരുന്നു ശോഭയുടെ സ്വപ്നം. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ഉമ്പായിയുടെ ചരമവാർഷികത്തിന്റെ അന്ന് റിലീസ് ചെയ്യണമെന്നായിരുന്നു മോഹമെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ അതു പിന്നെയും നീണ്ടുപോകുകയായിരുന്നു. എന്നിരുന്നാലും അൽപം വൈകിയാണെങ്കിലും ഉമ്പായിക്ക് ഏറ്റവും ഉചിതമായ ഗുരുദക്ഷിണ സമ്മാനിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ശോഭ. സാമൂഹിക പ്രവർത്തക ഷീബ അമീറിന്റെ സഹോദരിയാണ് ശോഭ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS