ലതയുടേതെന്നു കരുതി, പക്ഷേ ആ പാട്ടുകൾ പാടിയത് സുമൻ; തെറ്റിധരിക്കപ്പെട്ട ശബ്ദം, പത്മ തിളക്കത്തിലെ 86കാരി!

Mail This Article
‘ആ പാട്ട് പാടിയത് ലത മങ്കേഷ്കർ അല്ലേ?’ ഗായിക സുമൻ കല്യാൺപുർ പത്മഭൂഷൺ തിളക്കത്തിൽ നിൽക്കുമ്പോൾ ‘ആജ് കൽ തേരേ മേരേ പ്യാർ കെ ചർച്ചേ’ എന്ന പാട്ട് കേട്ട് പലരും അദ്ഭുതത്തോടെ ചോദിക്കുകയാണ് ഇങ്ങനെ. ലതയുമായി സുമൻ കല്യാണിനുള്ള അതിശയിപ്പിക്കും സ്വരസാമ്യമാണ് പ്രേക്ഷകരുടെ ചോദ്യത്തിനാധാരം. കണ്ണും മനസ്സും നിറച്ച വിരുന്നായിരുന്നു 1968 ൽ പുറത്തിറങ്ങിയ ‘ബ്രഹ്മചാരി’യിലെ ഈ ഗാനം. ചിത്രത്തിനു വേണ്ടി ലത മങ്കേഷ്കറും മുഹമ്മദ് റഫിയും ഒരുമിച്ച് ആലപിച്ചതാണ് ‘ആജ് കൽ തേരേ മേരേ’ എന്ന ഗാനമെന്നാണ് ഇതുവരെ പലരും കരുതിയിരുന്നത്. എന്നാൽ റഫിക്കൊപ്പം ആ ഗാനം പാടിയത് സുമൻ കല്യാൺപുർ ആണ്. ഗായികയ്ക്കു പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചപ്പോഴാണ് ഇക്കാര്യം സംഗീതാസ്വാദകർ തിരിച്ചറിഞ്ഞത്.
റോയൽറ്റി പ്രശ്‌നങ്ങളുടെ പേരിൽ 60കളുടെ തുടക്കത്തിൽ മുഹമ്മദ് റഫിക്കൊപ്പം പാടാൻ ലത മങ്കേഷ്കർ വിസമ്മതിച്ചപ്പോൾ, സംഗീതസംവിധായകർ ലതയ്ക്കു പകരം കണ്ടെത്തിയ ശബ്ദമാണു സുമന്റേത്. പിന്നീടിങ്ങോട്ട് സുമൻ നിരവധി ഗാനങ്ങൾ പാടി. അതിൽ പലതും പക്ഷേ ലത പാടിയതാണെന്നു തെറ്റിധരിക്കപ്പെട്ടു. മുൻകാലങ്ങളിൽ, നിരവധി റെക്കോർഡുകളിലും റേഡിയോ സ്റ്റേഷനുകളിലും ഇരുവരുടേയും പേരുകൾ പരസ്പരം മാറിപ്പോയിട്ടുമുണ്ട്.
മുഹമ്മദ് റഫിയും സുമനും 140ലേറെ ഗാനങ്ങൾ ഒരുമിച്ച് ആലപിച്ചു. ‘ആജ് കൽ തേരേ മേരേ’ ഇതിൽ ഏറ്റവും മികച്ച ഗാനമാണ്. ‘പർബത്തോൺ കേ പെഡോൺ പർ’ (ഷാഗുൻ, 1964), ‘തുംനേ പുകാര ഔർ ഹം ചലേ ആയേ’ (രാജ്കുമാർ, 1964), ‘ ബാദ് മുദ്ദത് കെ യേ ഘാഡി ആയേ’ (ജഹാൻ അരാ, 1964), ‘രഹേ നാ രഹേ ഹം’ (മംമ്ത, 1966), ‘തെഹ്‌രിയേ ഹോഷ് മേ ആ ലൂൺ’ (മൊഹബത് ഇസ്‌കോ കെഹ്‌തേ ഹേ, 1965) തുടങ്ങിയവയും ഇരുവരും ഒരുമിച്ച് ആലപിച്ചവയാണ്.
1953 ൽ മംഗു എന്ന ചിത്രത്തിനു വേണ്ടി ‘കോയി പുകരെ ധീരേ സേ തുജെ’ എന്ന ഗാനമാണ് സുമൻ കല്യാൺപൂർ ആദ്യമായി ആലപിച്ച ഹിന്ദി പിന്നണി ഗാനം. 1952 ൽ, ഓൾ ഇന്ത്യ റേഡിയോയിലും ഗായികയ്ക്ക് അവസരം ലഭിച്ചിരുന്നു. സർ ജെജെ സ്കൂൾ ഓഫ് ആർട്‌സിൽ പെയിന്റിങ് പഠിച്ചെങ്കിലും, സുമൻ കല്യാൺപൂർ പിന്നീട് സംഗീതത്തിൽ തന്റെ വഴി കണ്ടെത്തുകയും ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം നേടുകയുമായിരുന്നു. പത്തിലേറെ ഭാഷകളിൽ സുമൻ കല്യാൺപുർ ഗാനമാലപിച്ചിട്ടുണ്ട്.