ADVERTISEMENT

ചിരിച്ചല്ലാതെ ചിത്രയെ കാണാനാവില്ല. പാടുമ്പോഴും അല്ലാത്തപ്പോഴും ചുണ്ടിൽ ചിരിയുടെ ട്യൂൺ എപ്പോഴുമുണ്ടാകും. ആ ചിരിയും പാട്ടും ഇന്നലെ കോട്ടയ്ക്കലിൽ വിരുന്നിനെത്തി. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു പിന്നണിഗായിക കെ.എസ്.ചിത്ര. പാട്ടും കൂട്ടുമായി സദസ്സിന്റെയാകെ മനം കവർന്നാണ് അവർ മടങ്ങിയത്. ഇതിനിടെ സ്വന്തം വിശേഷങ്ങൾ മനോരമയോടു പങ്കുവയ്ക്കാനും മറന്നില്ല. രണ്ടു വാക്കു പറയുന്നതിനിടെ നാലുവട്ടം ചിരിച്ച് ചിത്ര പറഞ്ഞ വിശേഷങ്ങൾ ഇങ്ങനെ:

 

മലപ്പുറം ഓർമകൾ

 

∙ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട് കുട്ടിക്കാലം മുതലുള്ള ഓർമകളുണ്ട്. അച്ഛന്റെ സഹോദരിയും കുടുംബവും മഞ്ചേരിയിലാണു താമസം. സ്കൂൾ അവധിക്കാലത്തൊക്കെ മഞ്ചേരിയിൽ വന്നിരുന്നു. പിന്നീട് പാട്ടുകാരിയായതിനു ശേഷം ഒട്ടേറെത്തവണ സംഗീതപരിപാടികൾക്കായി മലപ്പുറത്തെ വിവിധ സ്ഥലങ്ങളിൽ വന്നിട്ടുണ്ട്. നല്ല ഓർമകളാണ് മലപ്പുറം എനിക്കു സമ്മാനിച്ചിട്ടുള്ളത്.

 

പുതുവർഷ പ്രതീക്ഷകൾ

 

∙ കോവിഡ് പോലൊരു കാലഘട്ടം ഇനിയുണ്ടാവരുതേ എന്ന ആഗ്രഹമാണുള്ളത്. പ്രിയപ്പെട്ട ഒട്ടേറെപ്പേരെ നമുക്കു കോവിഡ് കാലത്തു നഷ്ടമായി. അതുപോലൊരു സന്ദർഭം ഇനിയുണ്ടാവരുതെന്ന പ്രാർഥനയുണ്ട്. എല്ലാവർക്കും സന്തോഷം നൽകുന്ന ഒരു വർഷമായി മാറട്ടെ 2023.

 

കസെറ്റും സിഡിയും കഴിഞ്ഞ് ഡിജിറ്റൽ കാലഘട്ടത്തിലേക്കു കടന്നപ്പോൾ ഗായകർക്ക് വരുമാന നഷ്ടമുണ്ടാകുന്നുണ്ടോ?

 

∙ പൊതുവേ, ഇത്തരം സാമ്പത്തിക കാര്യങ്ങളൊന്നും ഞാൻ നോക്കാറില്ല. ഒഴുക്കിനൊപ്പം പോവുക. ചെയ്യുന്നത് ആസ്വദിച്ചു ചെയ്യുക എന്നതിലാണ് എന്റെ സന്തോഷം.

 

സിനിമാ ഗാനരംഗത്തുണ്ടായ പ്രധാന മാറ്റം?

 

∙ പണ്ടുകാലത്ത് പല്ലവി, അനുപല്ലവി എന്നിങ്ങനെ കൃത്യമായ ഒരു ഫോർ‌മാറ്റ് പാട്ടുകൾക്കുണ്ടായിരുന്നു. ഇപ്പോഴതു മാറി. കുഞ്ഞുകുഞ്ഞു പാട്ടുകൾ കൂടുതലായി കടന്നുവരുന്നു. കുറച്ചു മാത്രം വരികളുള്ള പാട്ടുകൾ. ഈ മാറ്റങ്ങളെയൊക്കെ വളരെ പോസിറ്റീവ് ആയാണ് ഞാൻ കാണുന്നത്.

 

പുതിയ സിനിമകളിൽ പാട്ടുകൾ കുറയുന്നുണ്ടോ?

 

∙ പൊതുവേ അങ്ങനെ പറയാറുണ്ടെങ്കിലും പാട്ടുകൾക്കു പ്രാധാന്യം നൽകുന്ന സിനിമകളും ഇതോടൊപ്പം തന്നെ ഉണ്ടാകുന്നുണ്ട്. ഹൃദയം എന്ന സിനിമ തന്നെ ഉദാഹരണം. നേരത്തേ പറഞ്ഞപോലെ ചെറിയ ചെറിയ പാട്ടുകളാണ് സിനിമയിലെ പുതിയ ട്രെൻഡ്.

 

ജീവകാരുണ്യ പ്രവർത്തനം

 

∙ മകളുടെ പേരിലുള്ള സ്നേഹനന്ദന ട്രസ്റ്റ് വഴി 60 വയസ്സു കഴിഞ്ഞ 23 സംഗീതജ്ഞർക്ക് 5000 രൂപ വീതം പ്രതിമാസ പെൻഷൻ നൽകിവരുന്നുണ്ട്. കൂടുതൽ അപേക്ഷകൾ ഇപ്പോൾ ലഭിച്ചിട്ടുണ്ട്. ഇതിൽ വിശദപരിശോധന നടത്തി ഏറ്റവും അർഹരായവരെ കണ്ടെത്തി അവർക്കും പെൻഷൻ ലഭ്യമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com