‘വാണിയമ്മ മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നില്ല, അമ്മ ഇവിടെത്തന്നെയുണ്ട്’; നെഞ്ചു നീറി ശരത്

1207100448
SHARE

വാണിയമ്മ മരിച്ചെന്ന് താൻ ഒരിക്കലും വിശ്വസിക്കില്ല, അമ്മ ഇവിടെയെവിടെയോ ഉണ്ടെന്ന് തന്നെ വിശ്വസിക്കുമെന്ന് സംഗീത സംവിധായകൻ ശരത്.  സംഗീതത്തിന്റെ കാര്യത്തിൽ വാണി ജയറാം ഒരു ബ്ലോട്ടിങ് പേപ്പർ ആയിരുന്നു. ഒരിക്കൽ പറഞ്ഞു കൊടുക്കുന്ന കാര്യം അപ്പോൾ തന്നെ പഠിച്ച് തിരിച്ചു പാടിത്തരും. താൻ ആദ്യമായി സംഗീതം ചെയ്ത പാട്ട് പാടിയത് വാണിയമ്മ ആണ്. വാണിയമ്മയുമായി അടുത്തിടപഴകാൻ കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹം കാരണമാണെന്നും വാണിയമ്മയുടെ അകാലത്തിലുള്ള മരണം തന്നെ സംസാരിക്കാൻ പോലും അശക്തനാക്കുന്നുവെന്നും ശരത് പറയുന്നു.

‘വാണിയമ്മ ഇനിയില്ല എന്നു എനിക്ക് വിശ്വസിക്കാൻ വയ്യ. ഒരു വിധത്തിലും വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. ഈ അടുത്ത കാലത്തുതന്നെ ഒരു മണിക്കൂറോളം വാണിയമ്മയുമായി ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. അതൊക്കെ എന്റെ മനസ്സിൽ ഇങ്ങനെ കിടക്കുകയാണ്. അടുത്തിടെ അമ്മയെ ഒരു പരിപാടിക്കിടെ കണ്ടിരുന്നു. അമ്മയുടെ ആരോഗ്യസ്ഥിതി അത്ര മോശമൊന്നും അല്ലായിരുന്നു. ഒരു കുഴപ്പവുമില്ലാതെ നടന്നതു കണ്ടതാണ് ഞാൻ.  അതുകൊണ്ടാണ് ഈ വിയോഗം എനിക്ക് ഒട്ടും വിശ്വസിക്കാൻ കഴിയാത്തത്.

ഞാൻ ആദ്യമായി സംഗീതം ചെയ്ത പാട്ട് പാടിയത് വാണിയമ്മ ആണ്. എനിക്കു തുടക്കം കുറിച്ചു തന്ന അമ്മ. എന്റെ ഒരു ആൽബത്തിൽ അമ്മ രണ്ടു പാട്ട് പാടിത്തന്നിട്ടുണ്ട്. അതൊന്നും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. നവോദയ ചെയ്ത ഒരു ബൈബിൾ സീരീസിൽ കുറെ പാട്ടുകൾ വാണിയമ്മ എനിക്കു വേണ്ടി പാടി. അമ്മയുമായി വല്ലാത്തൊരു അടുപ്പമാണ് എനിക്കുള്ളത്. അടുത്ത കാലത്ത് ഇപ്പോഴത്തെ റെക്കോർഡിങ്ങിനെക്കുറിച്ചൊക്കെ ഞങ്ങൾ സംസാരിച്ചിരുന്നു. അമ്മയ്ക്ക് അതൊന്നും അറിയില്ല അമ്മക്ക് മുഴുവൻ പല്ലവിയും ചരണവും പാടിയാണ് ശീലം. ഇപ്പോഴത്തെ ടെക്‌നോളജിയെപ്പറ്റിയൊന്നും അമ്മക്ക് ഒരു പിടിത്തവും ഇല്ല. അമ്മ അതൊക്കെ പറയുന്നത് കേൾക്കുമ്പോൾ അമ്മ എത്ര പാവമാണെന്നു തോന്നിപ്പോകും. 

എന്റെ പാട്ട് ഞാൻ ഒറ്റത്തവണയാണ് പാടി കേൾപ്പിച്ചത്. അതു കഴിഞ്ഞയുടനെ അമ്മ ആ പാട്ട് മുഴുവൻ എനിക്കു പാടി കേൾപ്പിച്ചു തന്നു. അത്ര പെട്ടെന്ന് 'അമ്മ പഠിച്ചെടുക്കും. സംഗീതത്തിന്റെ കാര്യത്തിൽ ഒരു ബ്ലോട്ടിങ് പേപ്പർ ആയിരുന്നു അമ്മ. എന്തു പറഞ്ഞാലും ഉടനെ മനസ്സിലാക്കി പാടി തരും. അമ്മയെക്കുറിച്ച് കൂടുതലൊന്നും പറയാൻ കഴിയുന്നില്ല. അമ്മയുമായി അടുത്തിടപഴകാനും എന്റെ പാട്ട് പാടിക്കാനും കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹമായി ഞാൻ കാണുകയാണ്. എനിക്കിത് ഒട്ടും വിശ്വസിക്കാൻ കഴിയുന്നില്ല. വാണിയമ്മ ഇപ്പോഴും എവിടെയോ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. എനിക്ക് അത് മതി’, ശരത് പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS