‘ഏതോ ജന്മകല്പനയിൽ ഏതോ ജന്മ വീഥികളിൽ എന്നും നീ വന്നു
ഒരു നിമിഷം, ഈ ഒരു നിമിഷം വീണ്ടും നമ്മളൊന്നായ്’
അലിഞ്ഞു പോകുന്നത്രയും ആഴത്തിൽ നിന്നിതു പാടുന്നതു വാണി ജയറാം ആണെന്ന് ഒറ്റ കേൾവിയിൽ, ആദ്യത്തെ വാക്ക് പാടി തുടങ്ങുമ്പോൾ തന്നെ അറിയാം. മറ്റൊരു രീതിയിൽ പറഞ്ഞാൽ വാണി ജയറാം ഈ പാട്ട് പാടിയത് പോലെ ആരും ഇന്നേ വരെ ഈ പാട്ട് പാടിയിട്ടില്ല. ഹൃദയത്തിൽ നിന്നെന്ന വണ്ണം ഓരോ വാക്കും നമ്മിൽ വന്നു തൊട്ട് പോകും. അതുകൊണ്ടാവാം അവർ മരിച്ചു പോയെന്നറിയുമ്പോൾ ഇവിടെ ബാക്കി വച്ച ഈണങ്ങൾ മുഴങ്ങിക്കൊണ്ടേയിരിക്കുന്നത്.
പത്തൊമ്പതോളം ഭാഷകളിൽ പാടിയിട്ടുണ്ട് വാണി ജയറാം. പാട്ടിന്റെ, ഗായകരുടെ, സംഗീത സംവിധായകരുടെ, ഗാന രചയിതാക്കളുടെയൊക്കെ സുവർണ കാലത്തിലാണ് അവർ പാടി തുടങ്ങിയത്. തുളച്ചു കയറുന്ന ശബ്ദം കൊണ്ടും കേട്ടാലൊരിക്കലും മറക്കാത്ത ആലാപന മാധുര്യം കൊണ്ടുമാണ് വാണി പ്രതിഭകൾക്കിടയിൽ സ്വന്തമിടം നേടിയെടുത്തത്. മധുരതരമെന്നോ ആനന്ദ ദായകമെന്നോ അതിനെ വിളിക്കാനാവുമോ എന്നറിയില്ല, പക്ഷേ ഇന്ത്യ കേട്ടതിൽ വച്ച് ഏറ്റവും ആഴമുള്ള ശബ്ദങ്ങളിൽ ഒന്നാണ് അവരുടേത്.
പാടി മതിവരാതെ പാതിയിൽ പറന്നകന്ന മലയാളത്തിന്റെ ‘ഓലഞ്ഞാലിക്കുരുവി
‘ബോൽരെ പപ്പിഹരാ' എന്ന പാട്ട് വാണി ജയറാമിന്റെ കരിയറിൽ ഏറ്റവും നിർണമായകമായ ബോളിവുഡ് ഗാനമായിരുന്നു. അവരുടെ ശാസ്ത്രീയ സംഗീത സാധനയുടെ ആഴം വ്യക്തമാക്കുന്ന ഒന്ന്. പാടാൻ ഏറെ ശ്രമകരമായ പാട്ടുകൾക്കു ഭാവമുണ്ടാവില്ല എന്നുള്ള പൊതുബോധത്തെ തിരുത്തിക്കുറിച്ച ഒരു പാട്ട് കൂടിയായിരുന്നു അത്. ‘മല്ലികൈ എൻ മന്നൻ മയങ്കും’ എന്ന വാലിയിലെ നിത്യഹരിത ഗാനത്തിൽ കുസൃതിയും പ്രണയവും നിറഞ്ഞു തുളുമ്പി. 'ഒരേ നാൾ ഉനൈ നാൻ കിനാവിൽ' എന്നവർ എസ്പിബിയോടൊപ്പം ചേർന്നു പാടുമ്പോൾ കേൾക്കുന്നവരും അതിൽ അലിഞ്ഞു പോകും. ഇളയരാജ–വാണി ജയറാം കൂട്ടുകെട്ട് 80 കളിൽ ഒരുക്കിയ തമിഴ് പാട്ടുകൾക്ക് എല്ലാ തലമുറയിലും ഒരുപാട് ആരാധകരുണ്ട്. ഇളയരാജയുടെ ഈണങ്ങളിൽ അവരുടെ ശബ്ദം പൂർണത കണ്ടെത്തിയിരുന്നു.
പെപ്പി നമ്പറുകൾ മെലഡികളോളം തന്നെ ഭംഗിയായി പാടുമായിരുന്നു വാണി ജയറാം. മലയാളത്തിൽ ഒരു കാലത്ത് ട്രെൻഡിങ് ആയിരുന്ന നൃത്ത രംഗങ്ങളിൽ അവരുടെ ശബ്ദം മിക്കവാറും വന്നു പോയി. ഹസ്ക്കി ആയ, ഒറ്റ കേൾവിയിൽ തിരിച്ചറിയാവുന്ന ശബ്ദം അതിനവരെ സഹായിച്ചു. കുസൃതി, കുട്ടിത്തം, മാദകത്വം, കുതൂഹലം, പ്രണയം, വിരഹം, വിഷാദം... വാണി ജയറാം പാടാത്ത വികാരങ്ങളില്ല.
പത്മ തിളക്കത്തിലും നിറഞ്ഞു, ഒടുവിൽ പുരസ്കാരം ഏറ്റുവാങ്ങാനാകാതെ മടക്കം, നോവോർമ
ഏത് നായികയ്ക്കും ചേരുന്ന ശബ്ദമാണ് വാണിയമ്മയുടേതെന്ന് ആരാധകർ പറയാറുണ്ട്. അതുകൊണ്ടാവാം 70 കളിലും 80 കളിലും 90 കളിലുമൊക്കെ പാട്ടും സിനിമയുമൊക്കെ ഒരുപാട് മാറിയിട്ടും അവരുടെ ശബ്ദത്തിൽ ഒരു പാട്ട് കിട്ടാനായി സിനിമാക്കാർ കാത്തു നിന്നത്. അര നൂറ്റാണ്ടിലധികം വാണിയുടെ ശബ്ദം ഇവിടെ വന്നു നിറഞ്ഞത് ഒരേ ആഴത്തിൽ മധുര മനോഹരമായാണ്. കാലം മാറ്റാത്ത ശബ്ദം എന്ന് അതിശയോക്തി ഒട്ടുമില്ലാതെ ഗായികയെപ്പറ്റി പറയാം. ‘സൗരയു ഥത്തിൽ’ വിരിഞ്ഞ സ്വപ്നത്തെ പാടിയ അവരുടെ ശബ്ദം ‘പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നില്ലേ’ എന്ന് ചോദിക്കുന്നിടത്തും വരെ വന്നു നിന്നു. പക്ഷേ അതിനിടയിൽ അര നൂറ്റാണ്ടോളം കാലം ഒഴുകി പോയി. ഓൾ ഇന്ത്യ റേഡിയോയിലും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലുമെല്ലാം വാണി ജയറാമിന്റെ ശബ്ദം ദിനം പ്രതി ഒഴുകി കൊണ്ടേയിരുന്നു.
നമ്മൾ പലപ്പോഴും ആഴമറിയാതെ പ്രയോഗിക്കുന്ന വാക്കാണ് കാലാതിവർത്തി എന്നത്. കാലത്തെ ജയിച്ചു കൊണ്ട് എന്തിനെങ്കിലും നിലനിൽക്കാനാവുമോ എന്നറിയില്ല. പക്ഷേ, "ഇത് വഴി പോയീടും ഋതു പലതെന്നാലും മാനസമാകെ നമ്മൾ നെയ്യും വസന്തം മായരുതെങ്ങും മറയരുതെങ്ങും" എന്ന് വാണി ജയറാം പാട്ടുകൾ ഇവിടെ ഉള്ളിടത്തോളം കാലം പാടി കൊണ്ടേയിരിക്കും.