ADVERTISEMENT

വെളുത്ത ഒരു അംബാസിഡർ കാറിൽ ഞാനും അരുണും ശിവയുടെ കൂടെ ഗായിക വാണി ജയറാമിനെ കാണുവാൻ പുറപ്പെട്ടു. ജാനകിയമ്മയുടെ വീട്ടിൽ വച്ചാണ് അവിചാരിതമായി നർത്തകൻ ശിവയെ പരിചയപെടുന്നത്, അന്ന് രാവിലെ ജാനകിയമ്മയുമായി അമ്മയുടെ ഒപ്പം പാടിയ ഗായകരെ കുറിച്ച് സംസാരിച്ചിരുന്നു. ശിവയെ കണ്ടപ്പോൾ ജാനകിയമ്മ പറഞ്ഞു, വാണി ജയറാമിന്റെ വീട്ടിലേയ്ക്ക് ഇവരും വരുന്നുണ്ട്, കൊഞ്ചം ഹെൽപ്പ്.. അത്രയും കേട്ടപ്പോൾ തന്നെ ശിവ ഞങ്ങളോടു പറഞ്ഞു, വരൂ നമുക്കു പോകാം.

 

abhilash-vani

പഴയ ഒരു ഫ്ലാറ്റിന്റെ മുന്നിൽ കാർ നിർത്തി, ഒന്നാം നിലയിലെ ഫ്ലാറ്റിലേയ്ക്കു ചെന്നു. ഗ്രിലെല്ലാമുള്ള വാതിൽ തള്ളി തുറന്ന് ശിവയും ഒപ്പം ഞങ്ങളും. നല്ല ചന്ദനത്തിന്റെ മണമുള്ള പൂമുഖം, ആ മണം ഇന്നും ഓർമ്മയുണ്ട്. ശരിക്കും പറഞ്ഞാൽ മൈസൂർ സാന്റൽ സോപ്പിന്റെയൊക്കെ ഒരു മണം! നെറ്റിയിൽ ഗോപിയും എഴുതിയ മിഴികളും സുന്ദരമായ പുഞ്ചിരിയുമായി വാണിയമ്മ! ചുവന്ന ചുരിദാറായിരുന്നു വേഷം. ഞങ്ങൾ വരുന്ന വിവരം ജാനകിയമ്മ അറിയിച്ചിരുന്നതിനാൽ ഒരുപാടു പരിചയമുള്ള പോലെയായിരുന്നു വാണിയമ്മയുടെ പെരുമാറ്റം. ഞങ്ങൾ അടുത്തു ചെന്ന്, കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി. പിന്നെ ഗൾഫിലെ ജോലികാര്യങ്ങളൊക്കെ ചോദിച്ചു പരിചയപെടുകയാണ്. ഞാൻ ഇപ്പോൾ വരാം. നിങ്ങൾക്കു ചായ വേണമോ.. കാപ്പി വേണമോ..? എന്തായാലും മതിയെന്ന് മറുപടി കേൾക്കും മുന്നേ വാണിയമ്മ അകത്തേക്കു പോയി. ഞങ്ങൾ ഹാളിലെ പുരസ്കാരങ്ങളും ഫലകങ്ങളും നോക്കി കാണുകയാണ്. ജാനകിയമ്മയുടെ വീട്ടിൽ തിളങ്ങി നിന്നിരുന്ന കേരള സംസ്ഥാന അവാർഡുകളൊന്നും തന്നെ ഇവിടെ കാണാത്തതിൽ എന്റെ ഉള്ളിന്റെ ഉള്ളിൽ സന്തോഷമായിരുന്നു.. 

 

പെട്ടെന്ന് വാണിയമ്മ ഒരു വെള്ള ട്രേയിൽ രണ്ട് കപ്പ് ചായയുമായി വന്നു, ചായ കുടിച്ച് നോക്കി ഗ്രാമ്പു, പട്ട… അങ്ങനെ എന്തോക്കെയോയിട്ട എരിവുള്ള കുറച്ച് മധുരമുള്ള ചായ. ഇതെന്ത് ചായ എന്ന് അരുൺ എന്നോടു ചോദിക്കുന്നെന്ന് അവന്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി. ഞാൻ ഒന്നും മിണ്ടിയില്ല. ഒന്ന് രണ്ട് ഇറക്ക് കഴിഞ്ഞപ്പോൾ പിന്നെ ചായയുടെ രുചി നല്ലതായി തോന്നി. വേറിട്ട ചായയുടെ രുചിയറിഞ്ഞിരിക്കുമ്പോൾ വാണിയമ്മയുടെ ഒരു ഷാർപ്പ് ചോദ്യം..” എന്റെ ഏത് പാട്ടാണ് ഇഷ്ടം. ഞാൻ വിയർത്തു പോയി. പെട്ടെന്നുള്ള ചോദ്യമായതു കൊണ്ട് മനസ്സിൽ പേരിന് ഒരു പാട്ട് പോലും വന്നില്ല. എന്റെ പരിഭാന്ത്രി കണ്ടിട്ടാവണം, ‘ജാനകിയമ്മയുടെ പാട്ടേ അറിയുവല്ലേ? ഞങ്ങൾ ഒന്നിച്ച് പാടിയിട്ടുണ്ടല്ലോ അത് പറയൂ’. 

 

വാണിയമ്മ അങ്ങനെ കൂടി പറഞ്ഞപ്പോൾ അരുൺ എന്റെ മുഖത്തേക്കു നോക്കുകയാണ്. ചേട്ടൻ ഇപ്പോൾ ഒരു ലിസ്റ്റ് അങ്ങോട്ട് പറയുമെന്ന് ഞാൻ നിശബ്ദനായി ഇരിക്കുകയായിരുന്നു. എന്റെ ദൈവമേ ഒരു പാട്ടുപോലും ഓർമ്മ വരുന്നില്ലല്ലോ. എല്ലാത്തിനും കാരണം ഈ മസാല ചായയാണെന്ന് എങ്ങനെ പറയും!. പിന്നെ ജാനകിയമ്മയെ കുറിച്ച് ഒരുപാട് രസകരമായി പറഞ്ഞു തന്നു, ഫോട്ടോകൾ കാണിച്ചു തന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പിന്നെ ഒരു ദിവസം വരാം എന്നു പറഞ്ഞ് ഞങ്ങൾ അവിടെ നിന്നുമിറങ്ങി.

 

മഴപെയ്യാനുള്ളത് പോലൊരു കാലാവസ്ഥയാണോ അതോ സന്ധ്യസമയമാണോയെന്നൊരു സംശയം! അവിടെ നിന്നും ഇറങ്ങി കഴിഞ്ഞപ്പോൾ പെട്ടെന്നൊരു പാട്ട് എന്റെ മുന്നിൽ തെളിഞ്ഞു വന്നു… 

 

സ രി മ പ നി സ

സ നി പ മ രി ഗ രി സ

സ രി മ പ നി സ രി നി സ

സ നി പ ധ നി പ മ രി ഗ രി സ

 

രാഗം ശ്രീ രാഗം ഉദയ ശ്രീരാഗം... രാഗം ശ്രീ രാഗം ഉദയ ശ്രീരാഗം... മധുകര മധുരശ്രുതിയിൽ... ഹൃദയസരോവരമുണരും രാഗം…’ 

 

ജാനകിയമ്മയെ കുറിച്ചുള്ള എന്റെ പുസ്തകം ‘എസ്.ജാനകി ആലാപനത്തിലെ തേനും വയമ്പും’ പ്രകാശന ചടങ്ങിനു ക്ഷണിക്കുവാനാണ് അവസാനമായി സംസാരിച്ചത്. അന്ന് അമ്മയോടു സംസാരിച്ചപ്പോൾ അമ്മയുടെ ഒരുപാട് പാട്ടുകൾ എണ്ണിയെണ്ണി പറഞ്ഞു. ഞാനും ഭാര്യ സംഗീതയും ഒന്നിച്ച് ഒരു വേദിയിൽ അമ്മയൂടെ പാട്ട് പാടിയെന്നു കൂടി പറഞ്ഞപ്പോൾ അമ്മയുടെ ആ സന്തോഷം എനിക്ക് തൊട്ടടുത്ത് അറിയാൻ സാധിച്ചു. അമ്മയ്യുടെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം. വാണിയമ്മക്ക് ആത്മശാന്തി ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com