ADVERTISEMENT

മുൻപ് മനോരമ ഗായിക വാണി ജയറാമുമായി നടത്തിയ അഭിമുഖം പുനപ്രസിദ്ധീകരിക്കുന്നു.

 

ഞാനൊരിക്കലും ആരുടെയും വഴി മുടക്കിയിട്ടില്ല. ആരില്‍ നിന്നും പാട്ടുകള്‍ തട്ടിപ്പറിച്ചിട്ടില്ല. സംഗീതത്തിലോ ജീവിതത്തിലോ ആരെങ്കിലും ഉയരുന്നതു തടയാന്‍ ശ്രമിച്ചിട്ടുമില്ല. വാണി ജയറാം നിസ്സംഗതയോടെ പറയുന്നു. വാണി പറയേണ്ടിയിരുന്നത് തന്റെ വഴി മുടക്കുകയും തന്റെ പാട്ടുകള്‍ തട്ടിപ്പറിച്ചെടുക്കുകയും ചെയ്ത പൂങ്കുയിലുകളെക്കുറിച്ചാണ്. തനിക്കു കിട്ടേണ്ടിയിരുന്ന അവാര്‍ഡുകള്‍ തടഞ്ഞ മനസ്സുകളെക്കുറിച്ചും ബോലേരേ പപീഹരാ എന്ന ഒറ്റ പാട്ടിലൂടെ ഹിന്ദി ചലച്ചിത്ര രംഗത്ത് പ്രകമ്പനം സൃഷ്ടിച്ച തന്നെ രായ്ക്കുരാമാനം പുകച്ചു പുറത്തു ചാടിച്ച മഹാമതികളെക്കുറിച്ചുമാണ്. പക്ഷേ അവര്‍ അതൊന്നും പറയുന്നില്ല. സ്വരങ്ങള്‍ക്കു സൗന്ദര്യം നല്‍കുന്ന വാണിയുടെ നാവിന് ആരെയും നിന്ദിക്കാന്‍ താല്‍പര്യമില്ല. ആരെയും കുറ്റപ്പെടുത്താനും.

 

വാണി ജയറാമിനു വിശേഷണങ്ങളുടെ ആവശ്യമില്ല. പക്ഷേ, ഒട്ടേറെ വിശേഷണങ്ങളുണ്ടു താനും. മൂന്നു തവണ ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ്. മലയാളത്തിലൊഴികെ, എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍. ഹിന്ദുസ്ഥാനി സംഗീതത്തില്‍ അവഗാഹം നേടിയ സംഗീതജ്ഞ. നൂറു കണക്കിനു ഗാനങ്ങള്‍. അവയില്‍ ഏറെയും ഹിറ്റുകള്‍.

 

മലയാളത്തില്‍ ഇത്രയേറെ ഗാനങ്ങള്‍ പാടിയിട്ടും കേരള സംസ്ഥാന ഗവണ്‍മെന്റിന്റെ ഒരു അവാര്‍‍ഡ് പോലും വാണിക്കു ലഭിക്കാത്തത് എന്തു കൊണ്ടാണ്?

 

അവാര്‍ഡിനു വേണ്ടി ഞാന്‍ ദാഹിച്ചിട്ടൊന്നുമില്ല. പക്ഷേ, നൂറു കണക്കിനു മനോഹരങ്ങളായ പാട്ടുകള്‍ ഞാന്‍ പാടിയിട്ടും കേരള ഗവണ്‍മെന്റിന്റെ സംസ്ഥാന അവാര്‍ഡ് എനിക്കു ലഭിച്ചിട്ടില്ല. ഒരിക്കല്‍ പോലും അവാര്‍ഡ് വേണമെന്നല്ല പക്ഷേ, എന്നെപ്പോലെ ഒരു ഗായിക, നൂറു കണക്കിന് ഹിറ്റുകള്‍ പാടുകയും 15-20 വര്‍ഷം അതു നിലനിര്‍ത്തുകയും ചെയ്തിട്ടും ഒരിക്കല്‍ പോലും ഗവണ്‍മെന്റ് അതു കണ്ടതായി നടിച്ചിട്ടില്ല എന്നു വരുന്നതു ദുഖകരമല്ലേ

 

മലയാളത്തില്‍ സ്ത്രീയെന്ന നിലയില്‍ ഞാന്‍ മാത്രമേ സോളോ ഗാനമേളകള്‍ നടത്തിയിട്ടുള്ളൂ. ഒറ്റയ്ക്ക് ഒരു സ്റ്റേജില്‍ നിന്ന് പത്തും ഇരുപതും പാട്ടുകള്‍ പാടിയിട്ടുണ്ട്. ഒരിക്കല്‍ ഗാനമേള നടത്തുമ്പോള്‍ ഭയങ്കര മഴയായിരുന്നു. നനഞ്ഞൊലിച്ചും കുട പിടിച്ചും നിന്ന് നൂറുകണക്കിനാളുകള്‍ അന്നു പാട്ടു കേട്ടു. അതിനര്‍ഥം ജനങ്ങള്‍ എന്നെ അംഗീകരിക്കുന്നു എന്നല്ലേ. വാണിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. 

 

തമിഴ്നാട്ടിലെ വെല്ലൂരില്‍ ദുരൈസ്വാമിയുടെയും പത്മാവതിയുടെയും മകളായി ജനിച്ച വാണിക്ക് സംഗീതം അമ്മയില്‍ നിന്നു ലഭിച്ച പാരമ്പര്യ സ്വത്തായിരുന്നു. നാലാംക്ലാസ് വരെയേ വാണി വെല്ലൂരില്‍ പഠിച്ചുള്ളൂ.  പിന്നീട് ചെന്നൈയിലേക്ക് താമസം മാറ്റി. ചെന്നൈയില്‍ ക്യൂന്‍സ്മേരീസ് കോളേജില്‍ നിന്നു ബി.എ. ഇക്കണോമിക്സ്ില്‍ ബിരുദമെടുത്ത് ഏറെ കഴിയും മുമ്പേ ബാങ്കില്‍ ജോലി കിട്ടി. നാലു വര്‍ഷത്തോളം വാണി എസ്ബിഐയുടെ ഹൈദരാബാദ് ശാഖയില്‍ ജോലി നോക്കി. അക്കാലത്താണ് ജയറാമുമായി വിവാഹം നടന്നത്. ജയറാം അന്ന് ബോംബെയില്‍ ഇന്തൊ-ബെല്‍ജിയം ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറിയായിരുന്നു. വിവാഹശേഷമാണു വാണിയുടെ സംഗീതജീവിതത്തിലെ സ്വരസ്ഥാനങ്ങള്‍ മാറിയത്. 

 

വിവാഹത്തിനു ശേഷം ഞാന്‍ ബോംബെയില്‍ പോയി വാണി പറഞ്ഞു. ഹിന്ദുസ്ഥാനി സംഗീതമാണ് എന്റെ ശബ്ദത്തിനു യോജിച്ചതെന്ന് ജയറാം അഭിപ്രായപ്പെട്ടു. അദ്ദേഹം എന്നെയും കൂട്ടി ഉസ്താദ് അബ്ദുല്‍ റഹ്മാന്‍ ആസാദിന്റെ അടുത്ത് ചെന്നു. പാട്യാല ഖരാനയിലെ വിദ്വാനാണ് ആസാദ്. എന്നോട് അദ്ദേഹം പാടാന്‍ ആവശ്യപ്പെട്ടു.ഞാന്‍ ഒരു കര്‍ണാടക സംഗീതത്തില്‍ പന്തുവരാളി രാഗത്തിലുള്ള രാമനാമം ഭജേ എന്ന കീര്‍ത്തനം പാടി. അങ്ങനെ ആസാദ് ജിയുടെ  ശിഷ്യയായി. 

 

എല്ലാ ദിവസവും രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറു മണി വരെ സംഗീതാഭ്യാസനം. ഞാന്‍ ജോലി രാജിവച്ചത് ആസാദ്ജിയുടെ നിര്‍ദേശപ്രകാരമാണ്. സംഗീതത്തില്‍ 24 മണിക്കൂര്‍ തപസ്യ ആവശ്യമാണ്. അല്ലാതെ മറ്റു ജോലിയും ഇതും കൂടി പറ്റില്ലെന്ന് അദ്ദേഹം പറ‌ഞ്ഞു. 

 

ആസാദിന്റെ ചിട്ടകള്‍ വളരെ കഠിനമായിരുന്നു. ദിവസം മുഴുവന്‍ നീണ്ട പരിശീലനം കാരണം ശരീരം ക്രമത്തിലധികം ചൂടായി എല്ലാ രാത്രികളിലും എനിക്കു പനി പിടിച്ചിരുന്നു. ഒരിക്കലും അതിന്റെ പേരില്‍ എനിക്ക് ഒരു സൗജന്യവും അദ്ദേഹം അനുവദിച്ചിരുന്നില്ല. ഓരോ ദിവസവും അദ്ദേഹം വരുമ്പോള്‍ തലേന്നു തന്നിട്ടു പോയ ഹോംവര്‍ക്ക് ചെയ്തിട്ടുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കുക. റിയാസ് പരിശീലനമാണ് ഹോംവര്‍ക്ക്. സാധകം ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹം ഒറ്റക്കേള്‍വിയില്‍ത്തന്നെ കണ്ടെത്തും. അത്തരം ഒരു മഹാഗുരുവായിരുന്നു അദ്ദേഹം. 

 

വാണിയുടെ ശബ്ദം പിച്ച് കൂടിയതാണ്. അതു ഹിന്ദുസ്ഥാനി സംഗീതത്തിനാണ് കൂടുതല്‍ അനുയോജ്യം. പിന്നീട് സിനിമയില്‍ പിന്നണി ഗായികയുമായി. അതിനുശേഷം വാണിക്ക് ഇപ്പോള്‍ കര്‍ണാടക സംഗീതം പാടാന്‍ കഴിയില്ല. അതുകൊണ്ടു വാണി ഹിന്ദുസ്ഥാനിയിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

അവസരം കിട്ടുമ്പോഴെല്ലാം കൂടുതല്‍ സംഗീതം പഠിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. ഈയിടെ ലക്നൗവില്‍ പോയപ്പോള്‍ ധര്‍മനാഥ് മിശ്രാജിയില്‍ നിന്ന് അരമണിക്കൂര്‍ കൊണ്ടു നാലു ഖജ്റകള്‍ പഠിച്ചു. ശബ്ദം നിലനിര്‍ത്തണമെങ്കില്‍ വളരെ ശ്രദ്ധിച്ചേ തീരൂ. മുപ്പതു വര്‍ഷമായി ഞാന്‍ പാടുന്നു. ശബ്ദത്തില്‍ സ്ഥായി വച്ചു കുട്ടിക്കളി പറ്റില്ലല്ലോ. വാണി പറഞ്ഞു.

 

സിനിമയിലേക്കുള്ള രംഗപ്രവേശം ഹിന്ദിയിലൂടെയായിരുന്നു. ഋഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത സിനിമയായ ഗുഡി, അത് ജയഭാദുരിയുടെ ആദ്യ സിനിമയായിരുന്നു. എന്റെയും സിനിമയിലെ മൂന്നു ഗാനങ്ങളും ഞാനാണു പാടിയത്. പക്ഷേ, ആദ്യം പാടിയ ഭജന്‍ സിനിമ ഇറങ്ങിയപ്പോള്‍ അതില്‍ നിന്നു മാറ്റി പകരം ലതാമങ്കേഷ്കറുടെ പാട്ടാക്കി. ഹം കോ മന്‍ കി ശക്തി ദേനാ എന്ന ഗാനം വളരെ ഹിറ്റായി. ഇന്നു കോണ്‍വെന്റ് സ്കൂളുകളില്‍ അതു പ്രാര്‍ഥനായി പാടുന്നുണ്ട്. 

 

ഗുഡിയില്‍ പാടിക്കഴിഞ്ഞപ്പോള്‍ ഹിന്ദിയിലെ ഒന്നാംകിട സംഗീതസംവിധായകരില്‍ നിന്നും എനിക്ക് ക്ഷണം കിട്ടി. മറാഠി, ഗുജറാത്തി സിനിമകളിലും ഞാന്‍ പാടി.  1974 -ല്‍ മികച്ച ഗായികയ്ക്കുള്ള ഗുജറാത്ത് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.  ഹുംഗ‍ഡ് എന്ന സിനിമയ്ക്ക് ഗുഡിയിലെ ബോലേ രേ പപിഹര യ്ക്ക് അ‌ഞ്ച് അവാര്‍ഡുകള്‍ കിട്ടി. അതോടെ ബോംബെയില്‍ വാണിക്കു തിരക്കേറി. കിഷോര്‍കുമാര്‍, മുഹമ്മദ് റാഫി, മന്നാഡേ, മഹേന്ദ്രകുമാര്‍ തുടങ്ങിയവരോടെല്ലാമൊപ്പം വാണി പാടിയിട്ടുണ്ട്.

 

കുമാര്‍ ഗന്ധര്‍വയുമായി 1969-79 ല്‍ നാട്യ സംഗീത് റെക്കോര്‍ഡ് ചെയ്തു. അന്നു ഞാന്‍ ആരുമായിരുന്നില്ല. എന്നിട്ടും എന്നോടൊപ്പം പാടാന്‍ അദ്ദേഹം തയാറായി. ആദ്യം ഞാന്‍ ഒരു പാട്ടുപാടിക്കേള്‍പ്പിച്ചു. പിന്നെ വളരെ ഭവ്യതയോടെ റെക്കോര്‍ഡിങ്ങിന് സമ്മതിച്ചാല്‍ ഞാന്‍ വരാം. എന്നു പറഞ്ഞു. അദ്ദേഹം അപ്പോള്‍ നന്നായെന്നോ മോശമായെന്നോ പറഞ്ഞില്ല. പക്ഷേ പിന്നീടറിഞ്ഞു. ഈ കുട്ടിയുടെ കൂടെ ഞാന്‍ പാടാം. അവളെ ഒന്നും പഠിപ്പിക്കാനില്ല. അവള്‍ നന്നായി പാടുന്നുണ്ട്. എന്നായിരുന്നു മറുപടിയെന്ന്. ആ പാട്ടോടെ ഒരു രാത്രി കൊണ്ടു ഞാന്‍ മഹാരാഷ്ട്രയില്‍ പ്രസിദ്ധയായി. കാരണം, തെക്കേ ഇന്ത്യയില്‍ നിന്നുള്ള ഏതോ പുതിയ പാട്ടുകാരി കുമാര്‍ജിയോടൊപ്പം പാടിയെന്നതു കൊണ്ടു മാത്രം. അതു നാടകങ്ങള്‍ക്കുള്ള പാട്ടുകളായിരുന്നു. 

 

ഹിന്ദിയിലും മറാഠിയിലും ഗുജറാത്തിയിലും രാജസ്ഥാനിയിലും ഒക്കെ പാടിക്കൊണ്ടിരുന്ന കാലത്താണ് മദ്രാസില്‍ സമ്പൂര്‍ണ രാമായണം ഹിന്ദിയില്‍ ഡബ്ബ് ചെയ്യാന്‍ വാണിയെ വിളിച്ചത്. മന്നാ‍‍ഡേയും വാണിയുമായിരുന്നു ഡബ്ബ് ചെയ്തത്. അന്നാണു മദ്രാസിലെ സിനമക്കാര്‍ക്കു വാണി ദക്ഷിണേന്ത്യക്കാരിയാണെന്നു മനസ്സിലായത്. തുടര്‍ന്നു മദ്രാസ് മ്യൂസിക് അക്കാദമിയില്‍ വാണിയുടെ കച്ചേരി നടത്തി. സലില്‍ ചൗധരിയും എസ്. എം. സുബ്ബയ്യാനായിഡുവും വാണിയെ തമിഴിലേക്കു ക്ഷണിച്ചു. 

 

ആദ്യ തമിഴ് സിനിമ നായി‍ഡുജിയുടെ പായും സേയും ആയിരുന്നു. (പക്ഷേ ആ സിനിമ റിലീസ് ചെയ്തില്ല.) അതിന്റെ തൊട്ടടുത്ത ദിവസം സലില്‍ ചൗധരി എന്നെ വിഴിച്ചു. മലയാളം സിനിമയ്ക്കു പാടാന്‍ ആവശ്യപ്പെട്ടു. സ്വപ്നം ശിവന്‍ നിര്‍മിച്ച സിനിമ. അതിലെ സൗരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണ സൗഗന്ധികമാണു നീ എന്ന ആ പാട്ടു ഹിറ്റായി. തുടര്‍ന്ന് എനിക്ക് ഒട്ടേറെ മലയാളം സിനിമകള്‍ കിട്ടി. പതിനെന്നോ പന്ത്രണ്ടോ വര്‍ഷം ഞാന്‍ മലയാളത്തിലെ ഏറ്റവും തിരക്കേറിയ ഗായികയായിരുന്നു. നൂറു കണക്കിനു സിനിമകളില്‍ പാടി. 

 

മലയാളം, കന്നഡ, ഒറിയ ഭാഷകളിലും ഏറ്റവും തിരക്കേറിയ ഗായികയായിരുന്നു അന്നു വാണി. ഒറിയ സിനിമക്കാര്‍ ഭുവനേശ്വറില്‍ നിന്നു മദ്രാസിലെത്തി. വാണിയുടെ പാട്ടുകള്‍ റെക്കോര്‍‍ഡ് ചെയ്തിട്ടുണ്ട്. എം.എസ്.വിശ്വനാഥന്‍, ശങ്കര്‍മാഹദേവന്‍, അര്‍ജുനൻ മാസ്റ്റര്‍, അങ്ങനെ മിക്കവാറും സംഗീതസംവിധായകര്‍ക്കൊപ്പം വാണി പ്രവര്‍ത്തിച്ചു. 

 

തമിഴ് സിനിമയായ അപൂര്‍വ രാഗങ്ങള്‍ക്കു വേണ്ടി കണ്ണദാസന്‍ എഴുതി എം.എസ്.വിശ്വനാഥന്‍ ഈണമിട്ട ഏഴു സ്വരങ്ങള്‍ക്കുള്ളില്‍ എത്തനെ പാടല്‍ എന്ന പാട്ടിനു വാണിക്കു ദേശീയ അവാര്‍‍ഡ് ലഭിച്ചു. രണ്ടാമത്തെ ദേശീയ അവാര്‍‍ഡ് തെലുങ്കു ചിത്രമായ ശങ്കരാഭരണത്തിനും (1982) മൂന്നാമത്തെ ദേശീയ അവാര്‍ഡ‍് സ്വാതികിരണ (1994)ത്തിനും ലഭിച്ചു. മമ്മൂട്ടി അഭിനയിച്ച തെലുങ്കു ചിത്രമായിരുന്നു സ്വാതികിരണം. ആദ്യത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് വാണിക്കു ലഭിച്ചത് പണ്ഡ‍ിറ്റ് രവിശങ്കര്‍ സംവിധാനം ചെയ്ത ഭജനകള്‍ക്കാണ്. 

 

എങ്ങനെയാണ് വിവിധ ഭാഷകള്‍ ഒരു പോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്നത്?

 

എന്നോടൊപ്പം ജോലി ചെയ്ത സംഗീത സംവിധായകര്‍ പലരും എന്നെ ടേപ് റെക്കോര്‍ഡര്‍ എന്നും കംപ്യൂട്ടര്‍ എന്നുമൊക്കെ വിളിക്കാറുണ്ട്. എനിക്കു നല്ല ഓര്‍മശക്തിയുള്ളതാണ് ഒരു കാരണം. പിന്നെ ഒരു കാര്യമുണ്ട്, ഞാന്‍ മറാഠി പാടിയാല്‍ മറാഠി സംഗീതസംവിധായകനോടൊപ്പമേ ഞാനതു ചെയ്യൂ. അതുകൊണ്ട് അത് ആധികാരികമായിരിക്കും. കാരണം ഓരോ ഭാഷയ്ക്കും അതിന്റേതായ ചുവയും സ്വരസ്ഥാനങ്ങളുമുണ്ടാകും. 

 

മലയാളത്തില്‍ പാടുക എളുപ്പമായിരുന്നോ?

 

മലയാളം ഏറ്റവും ദുഷ്കരമായ ഭാഷയാണെന്നാണു ഞാന്‍ വിചാരിക്കുന്നത് എങ്കിലും മലയാളം പാട്ടുകള്‍ പാടുന്നത് എനിക്ക് ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും ഒഎന്‍വിയുടെ ഗാനങ്ങള്‍ ഒരിക്കല്‍ ഒഎന്‍വി സര്‍ എഴുതി, മലയാളികളല്ലാത്തവരെ പരിഗണിക്കുമ്പോള്‍ വാണി ജയറാമിന്റെ മലയാളം ഉച്ചാരണമാണ് ഏറ്റവും മികച്ചത് എന്ന്. അതേക്കുറിച്ചു കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. 

 

ലതാ മങ്കേഷ്കറോടൊപ്പം വാണി പാടിയിട്ടുണ്ടോ?

 

ലതാമങ്കേഷ്കറുമായും ആശാഭോസ്‌ലെയുമായും ഞാന്‍ പാടിയിട്ടില്ല. പലരും പാടണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവര്‍ക്ക് അതില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഉഷാ മങ്കേഷ്കറുമായി ഞാന്‍ പാടിയിട്ടുണ്ട്. 

 

ഗാനമേളകള്‍

 

1980 ല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കു ജയചന്ദ്രനോടൊപ്പം പോയി. സലാലയില്‍ ഞങ്ങള്‍ ചെന്നപ്പോള്‍ ഭയങ്കര മഴ. മഴയത്ത് കുട ചൂടി നിന്നു നാലായിരം പേര്‍ നിന്നു പാട്ടുകേട്ടു. വാസ്തവത്തില്‍ മനസ്സു നിറഞ്ഞു പോയി.

 

ഇപ്പോള്‍ സിനിമാരംഗത്തു സജീവമല്ലല്ലോ

 

സംഗീതം ഡിസ്കോ സ്റ്റൈലില്‍ മാറിയില്ലേ? അവിടെ എന്നെപ്പോലെയുള്ളവര്‍ക്ക് സാധ്യതകളില്ലാതായി. മലയാളത്തിലും കന്നഡയിലും തമിഴിലും തെലുങ്കിലുമൊക്കെ മുമ്പു ഞാന്‍ പാടിയ പാട്ടുകള്‍ക്ക് സംഗീത ഗുണവും സാഹിത്യഗുണവുമുണ്ടായിരുന്നു. ഇന്നും നല്ല പാട്ടുകളും നല്ല സംഗീതവും ഉണ്ട്. പക്ഷേ, ഗായകര്‍ക്കുള്ള സാധ്യതകള്‍ കുറഞ്ഞുപോയി. നാല്‍പതോ അമ്പതോ പേര്‍ ഡാന്‍സ് ചെയ്യുന്നിടത്ത് എന്നെപ്പോലെയുള്ളവര്‍ക്ക് എന്തു സ്ഥാനം

 

എപ്പോഴും മുഖത്ത് ദുഖഭാവമുണ്ടല്ലോ

 

അതു ദുഖമല്ല. ആന്തരിക ശാന്തിയാണ്. ഞാനും എന്റെ ഭര്‍ത്താവും വളരെ കുറച്ച് ആഗ്രഹമുള്ളവരാണ്. 

 

മദ്രാസിലെ സി.ഐ.ടി കോളനിയില്‍ വാണിയുടെ വീട് എപ്പോഴും നിശ്ശബ്ദമാണ്. സ്വീകരണമുറിയില്‍ കേരളത്തിന്റേതൊഴികെ മിക്കവാറും സംസ്ഥാനങ്ങളുടെ അവാര്‍ഡുകളുണ്ട്. കുട്ടികളില്ലാത്ത വാണിക്ക് തുണയായിരുന്നത് ഭര്‍ത്താവു ജയറാമും മീരാഭജനകളും മാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com