ADVERTISEMENT

1973 ഫെബ്രുവരി 1. വാണി ജയറാം എന്നും ഓർത്തുവച്ചിരുന്നു ആ ദിവസം. അന്നായിരുന്നു മലയാളിയുടെ സംഗീതസ്വപ്നങ്ങളിലേക്കുള്ള ആ യാത്രയുടെ തുടക്കം. അപ്രതീക്ഷിതം; ആനന്ദകരം! അതിനെപ്പറ്റി പറയുന്നതിനുമുൻപ് ഒരു ഫ്ലാഷ്ബാക്ക്

 

തമിഴ്നാട്ടിലെ വെല്ലൂരിൽ ദൊരൈസ്വാമിയുടെയും പത്മാവതിയുടെയും 9 മക്കളിൽ അഞ്ചാമതായി ജനിച്ച ‘കലൈവാണി’ക്ക് സപ്തസ്വരങ്ങളായിരുന്നു കളിപ്പാട്ടം. അമ്മ വീണവായിക്കും. ചേച്ചിമാരും പാടും. അഞ്ചുവയസ്സിൽത്തന്നെ വാണിയെയും സംഗീതം പഠിപ്പിച്ചുതുടങ്ങിയെങ്കിലും മകൾക്ക് അതുപോരെന്ന് അച്ഛനു തോന്നി. ഭാവിയിൽ വാണി വലിയ പാട്ടുകാരിയായിത്തീരുമെന്ന ജാതകത്തിലെ പ്രവചനമായിരുന്നു കാരണം. അങ്ങനെയാണു നാലാംക്ലാസ് പൂർത്തിയായപ്പോൾ സംഗീതപഠനത്തിനായി കുടുംബം മദ്രാസിലേക്കു താമസം മാറ്റിയത്. അവിടെ ടി.ആർ.ബാലസുബ്രഹ്മണ്യം, ആർ.എസ്. മണി എന്നിവരുടെ കീഴിൽ പഠനം തുടരുമ്പോൾത്തന്നെ ചെന്നൈയിൽ കച്ചേരികൾ അവതരിപ്പിച്ചുതുടങ്ങി. ക്വീൻ മേരീസ് കോളജിൽ ബിഎ ഇക്കണോമിക്സ് കഴിഞ്ഞശേഷം ബാങ്കിൽ ജോലി കിട്ടി. സെക്കന്തരാബാദിൽ നിയമനം കിട്ടിയതോടെ കുടുംബം അങ്ങോട്ടു താമസം മാറ്റി. ഇൻഡോ ബൽജിയം ചേംബർ ഓഫ് കൊമേഴ്സിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന ജയറാമിനെ വിവാഹം കഴിച്ചതോടെയാണ് വാണിയുടെ സംഗീതജീവിതം അനുപല്ലവി പാടിത്തുടങ്ങുന്നത്. സംഗീതപ്രേമിയും സിത്താർ വാദകനുമായ അദ്ദേഹം വിവാഹശേഷം ജോലിപോലും രാജിവച്ച് വാണിയുടെ സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവച്ചു. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാന്റെ കീഴിൽ സംഗീതം അഭ്യസിക്കാനായി താമസം ബോംബെയിലേക്കു മാറ്റി. ‘നിങ്ങൾക്കു വ്യത്യസ്തമായ ശബ്ദമുണ്ട്, സംഗീതത്തിൽ കൂടുതൽ ശ്രദ്ധിക്കണം’ എന്നു ഗുരു പറഞ്ഞപ്പോൾ ഒട്ടുംമടിക്കാതെ വാണി ജോലി രാജിവച്ച് അദ്ദേഹത്തിനു കീഴിൽ ഒരു കൊല്ലത്തോളം ഹിന്ദുസ്ഥാനി പഠിച്ചു. തന്ത്രിവാദ്യത്തിന്റെ ഭാവതീവ്രതയുള്ള വാണിയുടെ ശബ്ദം വോയ്സ് കൾച്ചറിങ്ങിലൂടെ സാന്ദ്രമധുരമാക്കിയത് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനായിരുന്നു.

 

ജീവിതം പാട്ടിനുപോകുന്നു

 

ലതാ മങ്കേഷ്കറുടെ ഹിന്ദി സിനിമാ ഗാനങ്ങൾ എന്നും റേഡിയോയിൽ കേൾക്കും. അങ്ങനെ സിനിമയിൽ പാടണമെന്ന മോഹം നാമ്പിട്ടു. അക്കാലത്തൊരിക്കൽ ഉസ്താദ് പറഞ്ഞതനുസരിച്ച് സംഗീതസംവിധായകൻ വസന്ത് ദേശായി, വാണിയുടെ കച്ചേരി കേട്ടു. ശബ്ദവും ആലാപനവും അദ്ദേഹത്തെ ഏറെ ആകർഷിച്ചു. അടുത്ത ദിവസം തന്നെ ഒരു മറാത്തി നാടകത്തിനുവേണ്ടി വാണിയെക്കൊണ്ടു പാടിച്ചു. അതും അക്കാലത്തെ പ്രശസ്തനായ കുമാർ ഗന്ധർവയുമൊത്തുള്ള ഗാനം. ‘റുണാനുബന്ധാമാ’ എന്ന ആ ഒറ്റഗാനത്തോടെ വാണി മഹാരാഷ്ട്രയിൽ പ്രശസ്തയായി. കുറച്ചുദിവസം കഴിഞ്ഞ് വസന്ത് ദേശായി വീണ്ടും വീട്ടിലേക്കു വിളിപ്പിച്ചു. അന്നവിടെ പ്രമുഖ ഹിന്ദി ചലച്ചിത്ര സംവിധായകൻ ഋഷികേശ് മുഖർജി, കവിയും ഗാനരചയിതാവുമയ ഗുൽസാർ എന്നിവരൊക്കെയുണ്ട്. പുതുതായി നിർമിക്കുന്ന ‘ഗുഡ്ഡി’ എന്ന സിനിമയിൽ ജയഭാദുരിക്കുവേണ്ടി പാടാനുള്ള ക്ഷണവുമായാണ് അവരെത്തിയത്. വാണിക്കു വിശ്വസിക്കാനായില്ല. ‘കലൈവാണി’ എന്ന പേര് ബോളിവുഡ് സിനിമയിൽ പ്രശ്നമാകും എന്ന് ആരൊക്കെയോ പറഞ്ഞപ്പോൾ ഭർത്താവിന്റെ പേരുകൂടി ചേർത്ത് ‘വാണി ജയറാം’ എന്നു നിശ്ചയിച്ചു. അല്ലെങ്കിലും വാണി എന്ന പാട്ടുകാരിയെ പൂർണമാക്കിയത് ജയറാം ആയിരുന്നല്ലോ.

1970 ഡിസംബർ 22ന് ആയിരുന്നു ‘ഗു‍ഡ്ഡി’യുടെ റിക്കോർഡിങ്. ചിത്രത്തിലെ 3 പാട്ടുകളും വാണിയാണു പാടിയത്. ഇവ ഹിറ്റായതോടെ നൗഷാദ്, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയദേവ്, ഒ.പി. നയ്യാർ, മദൻമോഹൻ, കല്യാൺജി ആനന്ദ്ജി, ആർ.ഡി. ബർമൻ എന്നിവരുടെ ഗാനങ്ങളും വാണിയെ തേടിയെത്തി. അക്കാലത്താണ് മദ്രാസിൽ സമ്പൂർണരാമായണം ഹിന്ദിയിൽ ‍ഡബ്ബ് ചെയ്യാൻ വിളിച്ചത്. മന്നാഡേയും വാണിയുമായിരുന്നു ഗായകർ. മദ്രാസിലെ സിനിമക്കാർക്ക് വാണി ജയറാം ദക്ഷിണേന്ത്യക്കാരിയാണെന്നു മനസ്സിലായത് അന്നായിരുന്നു. മദ്രാസ് മ്യൂസിക് അക്കാദമിയിൽ സംഗീതക്കച്ചേരി നടത്താൻ അവർ അവസരമൊരുക്കി. തുടർന്നു തമിഴിലെ പ്രമുഖ സംഗീതസംവിധായകൻ എം.സുബ്ബയ്യനായിഡു തമിഴ് സിനിമയിൽ പാടാൻ ക്ഷണിച്ചു.

‘തായും സേയും’ എന്ന സിനിമയ്ക്കുവേണ്ടി ‘പൊൻമയമാന കാലം’ എന്ന പാട്ടു പാടിയെങ്കിലും സിനിമ റിലീസ് ചെയ്തില്ല. തൊട്ടടുത്ത ദിവസം-അതായത് 1973 ഫെബ്രുവരി 1ന്-ആയിരുന്നു കേരളത്തിൽനിന്ന് നിർമാതാവ് ശിവന്റെ ഫോൺകോൾ. ‘സ്വപ്നം’ എന്ന ചിത്രത്തിൽ പാടാനുള്ള ക്ഷണം. സലിൽ ചൗധരിയാണു സംഗീതസംവിധായകനെന്നു കേട്ടപ്പോൾ ആ നിമിഷം പറന്നുചെല്ലണമെന്നു താൻ മോഹിച്ചതായി വാണി ജയറാം പിൽക്കാലത്തു പറഞ്ഞിട്ടുണ്ട്. പിന്നണിഗായികയാകും എന്ന ചിന്തപോലും ഉണ്ടാകാത്ത കാലത്ത് ‘മധുമതി’യിലെയും മറ്റും പാട്ടുകേട്ട് സലിൽ ദായെ മനസ്സിൽ ആരാധിക്കുകയും ഇതു പോലൊരു സംഗീതസംവിധായകന്റെ പാട്ടു പാടാൻ അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു വാണി. ആ സ്വപ്നം പൂവണിയാൻ ‘സ്വപ്നം’ എന്ന സിനിമ തന്നെ കാലം ഒരുക്കിവച്ചത് യാദൃച്ഛികം. 2016ൽ ‘പുലിമുരുകനി’ലും (മാനത്തെ മാരിക്കറുമ്പാ) 2018ൽ ക്യാപ്റ്റനി’ലും (പെയ്തലിഞ്ഞ നിമിഷം) വാണി ജയറാം പാടി. 2019ൽ ‘മാധവീയം’ എന്ന സിനിമയ്ക്കുവേണ്ടിയാണ് മലയാളത്തിൽ അവസാനമായി പാടുന്നത്.

 

സംഗീത സൗഗന്ധികം

 

‘സൗരയൂഥത്തിൽ വിടർന്നൊരു

കല്യാണസൗഗന്ധികമാണു ഭൂമി...’

ഒ.എൻ.വി.കുറുപ്പിന്റെ വരികൾക്കു സലിൽ ചൗധരി നൽകിയ ഈണം വാണി ജയറാമിന്റെ ശബ്ദത്തിലൂടെ കേട്ടനിമിഷംതന്നെ മലയാളി അവരെ ഹൃദയത്തിലേക്കു ചേർത്തുവച്ചു. തുടർന്ന് ഒരുവ്യാഴവട്ടക്കാലം അവർ മലയാളിയുടെ സംഗീതജീവിതത്തിലെ നിത്യസാന്നിധ്യമായി. ഇക്കാലത്തിനിടെ വാണി ജയറാം മലയാളത്തി‍ൽ പാടിയത് അറുന്നൂറ്റിഇരുപത്തഞ്ചോളം ഗാനങ്ങൾ.

തമിഴിൽ ആദ്യം പാടിയ സിനിമ റിലീസ് ചെയ്തില്ലെങ്കിലും രണ്ടാമത്തെ ‘വീട്ടുക്കു വന്ത മരുമകൾ’ എന്ന സിനിമയിൽ സുബ്ബയ്യ നായിഡുവിന്റെ തന്നെ ഈണത്തിൽ ടി.  എം.സൗന്ദരരാജനുമൊത്തു പാടിയ ‘ഒരിടം വേറിടം’ എന്ന ഗാനവും ‘ദീർഘസുമംഗലി’ എന്ന ചിത്രത്തിനുവേണ്ടി എം.എസ്.വിശ്വനാഥൻ ചിട്ടപ്പെടുത്തിയ ‘മല്ലികയെൻ മന്നൻ മയങ്ങും’ എന്ന ഗാനവും ഹിറ്റായതോടെയാണ് വാണി ജയറാം ദക്ഷിണേന്ത്യയിൽ പ്രശസ്തയായത്. മലയാളം, തമിഴ്, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, ഒഡിയ തുടങ്ങി 19 ഇന്ത്യൻ ഭാഷകളിൽ പാടിയ വാണി ജയറാം വടക്കുകിഴക്കൻ സംഗീതരംഗത്തെ എല്ലാ അതികായൻമാർക്കുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സംഗീത ഇതിഹാസങ്ങളായ മുഹമ്മദ് റഫി, മുകേഷ്, കിഷോർ കുമാർ, മന്നാഡേ, ഹേമന്ത് കുമാർ, തലത്ത് മഹമൂദ്, മഹേന്ദ്രകുമാർ തുടങ്ങിയവർക്കൊപ്പം യുഗ്മഗാനങ്ങൾ പാടുവാൻ കാലം അവർക്ക് അവസരമൊരുക്കി.

1972ൽ മികച്ച ഗായികയ്ക്കുള്ള ഗുജറാത്ത് സർക്കാരിന്റെ പുരസ്കാരം വാണിയെ തേടിയെത്തി. ചിത്രം ‘ഹൂംഗഡ്’. പിന്നീട് ‘അപൂർവരാഗങ്ങൾ’ എന്ന തമിഴ് സിനിമയിലൂടെ 1975ൽ ദേശീയ പുരസ്കാരവും വാണിയുടെ കയ്യിലെത്തി. കെ.വി.മഹാദേവൻ ഈണമിട്ട തെലുങ്കു ചിത്രമായ ‘ശങ്കരാഭരണ’ത്തിലെയും(1980) മഹാദേവന്റെതന്നെ സംഗീതത്തിൽ തെലുങ്കു ചിത്രമായ ‘സ്വാതികിരണ’ത്തിലെയും (1991) പാട്ടുകൾ വാണിക്കു വീണ്ടും ദേശീയ പുരസ്കാരം സമ്മാനിച്ചു. ഇതിനിടെ തമിഴ്നാട്, ഒഡീഷ, ആന്ധ്രപ്രദേശ്, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും വാണിയെ തേടിയെത്തിയിട്ടും കേരളസർക്കാർ ഈ ഗായികയെ ഗൗനിച്ചില്ല എന്നത് അവർക്കല്ല, നമുക്കാണു കുറച്ചിലാകുന്നത്.

പണ്ടു പാടിയ അതേ ശ്രുതിയിൽ 40 വർഷങ്ങൾക്കുശേഷവും പാടുവാൻ കഴിയുന്ന അപൂർവ ഗായികകൂടിയായിരുന്നു വാണി ജയറാം എന്നത് 2013ൽ പുറത്തിറങ്ങിയ ‘1983’ എന്ന സിനിമയിലെ ‘ഓലഞ്ഞാലിക്കുരുവി’ തെളിയിച്ചു.

മക്കളില്ലാത്ത ദുഃഖം മറക്കാനുള്ള ഔഷധം കൂടിയായിരുന്നു വാണിക്കു സംഗീതം. അവസരം കിട്ടുമ്പോഴെല്ലാം സ്കൂൾ കുട്ടികളോടു സംവദിക്കുവാൻ അവർ ശ്രമിച്ചിരുന്നു. സ്വയം മുൻകയ്യെടുത്തു സ്ഥാപിച്ച ‘ജയ് വാണി ട്രസ്റ്റി’ലൂടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും വാണി സജീവമായി രംഗത്തുണ്ടായിരുന്നു.

ഇനിയൊരു ജന്മമുണ്ടെങ്കിൽ ഗായികയായ വാണി ജയറാമായിത്തന്നെ ജീവിക്കണമെന്നതായിരുന്നു അവരുടെ ആഗ്രഹം. സംഗീതം വിട്ടൊരു ജീവിതത്തെപ്പറ്റി അവർ ആലോചിച്ചിട്ടേയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com