സുവർണ നാദം നിലച്ചിട്ട് ഒരു വർഷം; ഓർമയിലെന്നും ലതാജി

Mail This Article
ഇന്തയുടെ സുവർണ നാദം ലത മങ്കേഷ്കർ വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കലാസ്വാദനത്തിന്‍റെ വൈവിധ്യങ്ങളിലെ ഏകത്വമായിരുന്നു ലതാ മങ്കേഷ്കര്‍. ലതയുടെ പാട്ടില്‍ രാജ്യം ഒരൊറ്റ ശ്രോതാവായി. അങ്ങനെ ഇന്ത്യയുടെ വാനമ്പാടിയായി. പലകാലങ്ങളിലൂടെ പലതലമുറകളിലൂടെ ലത മങ്കേഷ്കര്‍ പാടിക്കൊണ്ടേയിരുന്നു. രുദാലി.. 1993ല്‍ ഇറങ്ങിയ ചിത്രം. ഗുല്‍സാറിന്‍റെ വരികള്‍ക്കു സംഗീതമൊരുക്കിയത് അസമീസ് സംഗീത ഇതിഹാസം ഭുപേന്‍ ഹസാരികയായിരുന്നു. ഹിന്ദി സിനിമ അതിന്‍റെ വിപ്ലവസമാനമായ മാറ്റങ്ങളിലേക്കു ചേക്കേറുന്ന കാലത്തും പാട്ടുപാടാന്‍ ലത മങ്കേഷ്കറുണ്ടായിരുന്നു. ബ്ലാക്ക് വൈറ്റില്‍ നിന്ന് ഈസ്റ്റ്മാന്‍ കളറിലേക്ക് മാറിയപ്പോഴും അതില്‍ നിന്ന് 70 എംഎം സിനിമാസ്കോപിലേക്ക് സാങ്കേതികത വളര്‍ന്നപ്പോഴും കളറില്‍ സിനിമ വന്നപ്പോഴും ലത ലതാജിയായി പാട്ടുപാടാനെത്തി. 1949ല്‍ നരസിംഹ അവതാര്‍ എന്ന ചിത്രത്തില്‍ അന്നത്തെ നായികാതാരം ശോഭന സമര്‍ഥനുവേണ്ടി പിന്നണി പാടിയ ലത പില്‍ക്കാലത്ത് ശോഭനയുടെ മക്കളായ നൂതനും തനൂജയ്ക്കും ശബ്ദമായി.
പിന്നീട് തനൂജയുടെ മകള്‍ കാജോളിനുവേണ്ടിയും പിന്നണി പാടി. അങ്ങനെ മൂന്നുതലമുറകളുടെ ശബ്ദമായ ലത. ഏറ്റവും ദീര്‍ഘമേറിയ കരിയറായിരുന്നു ലതാ മങ്കേഷ്കറുടേത്. 1947ല്‍ തുടങ്ങിയ യാത്ര. ആര്‍ഡി. ബര്‍മന്‍ കാലഘട്ടത്തില്‍ നിന്ന് ജതിന്‍ ലളിത് കാലത്തേക്ക് മാറിയപ്പോഴും ലത വന്നു പാട്ടുപാടി . തൊണ്ണൂറുകളുടെ അവസാനപകുതിയില്‍ ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ വന്നു. പിന്നീട് ഏത് തലമുറയേയും ഹരംപിടിപ്പിച്ച് എ.ആര്‍. റഹ്മാന്‍ ദില്‍ സേയിലൂടെ മാജിക് തീര്‍ത്തു.
ലത പ്രായം മറന്നു പാടിക്കൊണ്ടേയിരുന്നു. മൊഹബ്ബത്തേന്‍, കഭി കഭി ഖുഷി, ഒടുവില്‍ വീര്‍ സാറയില്‍ പഴയകാല സംഗീതസംവിധായകന്‍ മദന്‍ മോഹന്‍ ബാക്കി വച്ചുപോയ ഗാനങ്ങള്‍ തിരശ്ശീല തൊട്ടപ്പോള്‍ പെണ്‍ശബ്ദത്തില്‍ ലതയെത്തി. കൂടെ ഉദിത്തും സോനു നിഗമും രൂപ്കുമാര്‍ രാത്തോഡും. ആ യാത്രയുടെ ലഗാനിലെത്തി. അപ്പോഴേക്കും അമ്മ വേഷത്തിനായി ശബ്ദം. ഈ യാത്രയുടെ ഹൈ പിച്ച് ഹൃദയം തൊട്ടത് രംഗ് ദേ ബസന്തിയിലൂടെയാണ്. 20 ഭാഷകളിലാണ് ലതാ മങ്കേഷ്കര്‍ പാടിയത്. മലയാളഭാഷയില്‍ പാടിയത് നെല്ലിലെ ഒരേയൊരു ഗാനം. കെ.എസ്. ചിത്രയായാലും ശ്രേയ ഘോഷാല്‍ ആയാലും പാട്ടിന്‍റെ അടിത്തറ ഒരുക്കപ്പെട്ടത് ലതാ മങ്കേഷ്കറിലാണ്. ലതയില്‍ കാലൂന്നിയാണ് അവരൊക്കെയും പിന്നീട് പാടിനിറച്ചത്.