ലാൽ, അനഘ നാരായണൻ, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ഡിയർ വാപ്പി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കിസ പറയണതാരോ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്.
ബി.കെ.ഹരിനാരായണന്റെ വരികൾക്ക് കൈലാസ് മേനോൻ ഈണമൊരുക്കിയിരിക്കുന്നു. കെ.എസ്.ഹരിശങ്കറും ഹരിത ബാലകൃഷ്ണനും ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നിരഞ്ജ് മണിയന്‍പിള്ള രാജുവും അനഘയുമാണ് ഗാനരംഗത്തിൽ.
ഷാന്‍ തുളസീധരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഡിയര്‍ വാപ്പി’. മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എഡിറ്റിങ്: ലിജോ പോള്‍. പാണ്ടികുമാര്‍ ആണ് ഛായാഗ്രഹണം. പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും എം.ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിക്കുന്നു.