മാത്യു തോമസ്, മാളവിക മോഹനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ക്രിസ്റ്റിയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. നാടൻ ശീലുള്ള ഗാനം ഗോവിന്ദ് വസന്തയാണ് ഈണം പകർന്ന് ആലപിച്ചത്. വിനായക് ശശികുമാർ വരികൾ കുറിച്ചിരിക്കുന്നു. മനോഹരമായ നാടൻ കാഴ്ചകൾ കോർത്തിണക്കിയാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്.
ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ഗാനം ഇതിനകം ആരാധകഹൃദയങ്ങള്‍ കീഴടക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘പാൽമണം തൂകുന്ന രാത്തെന്നൽ’ എന്ന ഹൃദ്യമായ മെലഡിയും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ.ഇന്ദുഗോപനും ചേർന്നു തിരക്കഥ ഒരുക്കിയിരിക്കുന്നു.
റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണു നിർമാണം. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.