ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന സംഗീതസംവിധായകൻ വിദ്യാസാഗറിനു പിറന്നാൾ ആശംസയുമായി സംവിധായകൻ ലാൽ ജോസ്. സിനിമകൾക്കുമപ്പുറം അടുപ്പം കാത്തുസൂക്ഷിക്കുന്ന സുഹൃത്താണ് വിദ്യാസാഗർ എന്ന് അദ്ദേഹം പറഞ്ഞു. ലാൽ ജോസ് സംവിധാനം ചെയ്ത ഭൂരിഭാഗം ചിത്രങ്ങൾക്കു വേണ്ടിയും ഈണങ്ങൾ ചിട്ടപ്പെടുത്തിയത് വിദ്യാസാഗർ ആണ്. ഇനിയും ഒരുപാട് വർഷക്കാലം മനോഹരമായ ഗാനങ്ങളുമായി ആസ്വാദകരുടെ മനസ്സിലേക്കു പെയ്തിറങ്ങാൻ വിദ്യാസാഗറിനു കഴിയട്ടെ എന്ന് പിറന്നാൾ ദിനത്തിൽ ലാൽ ജോസ് ആശംസിക്കുന്നു. വിദ്യാസാഗറിനെക്കുറിച്ചു ലാൽജോസ് മനോരമ ഓൺലൈനിനോട്:
‘വിദ്യാസാഗറും ഞാനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് 1987 കാലഘട്ടത്തിലാണ്. അന്ന് എന്റെ സുഹൃത്ത് ദിനേശിന്റെ കൂടെ പൂമനം എന്ന തമിഴ് ചിത്രത്തിന്റെ ട്രാക്ക് പാടാൻ വേണ്ടി പോയപ്പോൾ അവിടെ കൺസോൾ റൂമിൽ നിന്ന് സംഗീതം കണ്ടക്റ്റ് ചെയ്യുന്ന ഒരാളെ കണ്ടു. അത് ആരാണെന്ന് ഞാൻ ദിനേശിനോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, അത് വിദ്യാസാഗർ ആണ്. ഒരുപാട് മലയാള സിനിമകളിൽ സംഗീതസംവിധായകരോടൊപ്പം അസോസിയേറ്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ സ്വതന്ത്ര സംഗീതസംവിധാനം ആണ് ഈ സിനിമയിലെന്ന്. "എന്നൻപേ" എന്ന പാട്ടായിരുന്നു ദിനേശ് പാടിയത്. അന്ന് വിദ്യാസാഗറിനെ പരിചയപ്പെടാൻ കഴിഞ്ഞില്ല. പിന്നീട് കമൽ സാറിനോടൊപ്പം അഴകിയ രാവണൻ എന്ന ചിത്രത്തിന്റെ ജോലികൾ നടക്കുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. എന്റെ ആദ്യത്തെ സിനിമയായ മറവത്തൂർ കനവ് ചെയ്തപ്പോൾ അദ്ദേഹമാണ് സംഗീതം ഒരുക്കിയത്. തുടർന്ന് ഞാൻ ചെയ്ത 27 സിനിമകളിൽ 13 സിനിമകൾക്കു വേണ്ടി അദ്ദേഹം ഈണമൊരുക്കി. മറവത്തൂർ കനവ് മുതൽ സോളമന്റെ തേനീച്ചകൾ വരെ ആ ബന്ധം എത്തി നിൽക്കുന്നു.
ക്ലാസ്മേറ്റ്സിൽ എന്തുകൊണ്ട് വിദ്യാജി വന്നില്ല?
സിദ്ദീഖ് ലാലിലെ ലാൽ ആണ് ചാന്തുപൊട്ട് എന്ന സിനിമ നിർമിച്ചത്. ആദ്യം അതിന്റെ പ്രൊഡക്‌ഷൻ വേറൊരാളായിരുന്നു. പിന്നീട് ലാൽ ക്രിയേഷൻസ് അത് ഏറ്റെടുത്തു. അതിന്റെ ചർച്ച അവരുടെ വീട്ടിൽ നടക്കുമ്പോൾ ലാലിന്റെ അനുജൻ അലക്സ് പോൾ അവിടെയുണ്ട്. ചർച്ചയിലൊന്നും കൂടാതെ മാറി ഇരിക്കുന്ന അലക്സിനെ കണ്ടപ്പോൾ ഞാൻ പറഞ്ഞു, ഒരു സിനിമ ഞാൻ തനിക്ക് തരുന്നുണ്ടെന്ന്. അപ്പോൾ ലാൽ പറഞ്ഞു, എന്നാൽ ഇപ്പോൾ തന്നെ അടുത്ത പടം അലക്സിന് കൊടുക്കാം എന്ന് പറയൂ. അങ്ങനെയാണ് അച്ഛനുറങ്ങാത്ത വീടിനു വേണ്ടി അലക്സ് പോൽ സംഗീതം ചെയ്യുന്നത്. ആ സിനിമയിലെ പാട്ടുകൾ നല്ലതായിരുന്നു. പക്ഷേ പാട്ടിന് പ്രാധാന്യമുള്ള സിനിമ ആയിരുന്നില്ല അത്. പിന്നീട് ക്ലാസ്മേറ്റ്സ് വന്നപ്പോൾ അതും അലക്സ് പോൾ ചെയ്യട്ടെ എന്ന് വിചാരിച്ചു. വിദ്യാസാഗറിനോടു ഞാൻ പറഞ്ഞു, ഇങ്ങനെ ഒരു ധാരണയുടെ പുറത്ത് പോവുകയാണ് അത് കഴിഞ്ഞു നമുക്ക് കൂടാം എന്ന്. അങ്ങനെയാണ് അത് സംഭവിച്ചത്.
വിദ്യാസാഗർ എന്ന സുഹൃത്ത്
വിദ്യാസാഗർ ചെയ്ത ഒരു ചിത്രത്തെക്കുറിച്ചും ഒരു പരാതിയും വന്നിട്ടില്ല. സിനിമ അർഹിക്കുന്ന നല്ല പാട്ടുകളാണ് വിദ്യാജി തന്നിട്ടുള്ളത്. എന്റെ ആദ്യകാല സിനിമകളിലെ പാട്ടുകൾ വിദ്യാസാഗർ–ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിൽ പിറന്നവ ആയിരുന്നു. ആ പാട്ടുകൾ ആയിരുന്നു ആ സിനിമകളുടെ ബ്രാൻഡ് അംബാസഡർ. അത് കഴിഞ്ഞ് വിദ്യാസാഗറും വയലാർ ശരത്ചന്ദ്രവർമയും ചേർന്ന് നീലത്താമരയും പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ചാന്തുപൊട്ടുമൊക്കെ ചെയ്തു. അവയും ഹിറ്റുകളായി. ഗിരീഷ് പുത്തഞ്ചേരിയുടെ അകാല വിയോഗം അതിനിടയിൽ സംഭവിച്ചു. കുറെ സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. സിനിമ ചെയ്തില്ലെങ്കിലും അകന്നുപോകാത്ത ഒരു സുഹൃത്ബന്ധം ഞങ്ങൾ തമ്മിലുണ്ട്. എന്റെ ജന്മദിനം ജനുവരി 11 ആണ്. അദ്ദേഹത്തിന്റേത് മാർച്ച് 2 രണ്ടുപേരുടെയും ബർത്ത് നമ്പർ 2 ആണ്. അതുകൊണ്ടാണ് ഞങ്ങളുടെ സ്വഭാവത്തിൽ സാമ്യതയുള്ളതെന്നു ഞങ്ങൾ എപ്പോഴും പറയാറുണ്ട്. വിദ്യാസാഗറിന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ഇനിയും ഒരുപാട് വർഷങ്ങൾ മനോഹരമായ ഗാനങ്ങളുമായി മലയാള സിനിമയിലും തെന്നിന്ത്യൻ ഭാഷാ സിനിമകളിലും ഇന്ത്യൻ സിനിമയിലും നിറഞ്ഞു നിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.